#ദിനസരികള്‍ 334
ചോദ്യോത്തരങ്ങള്‍
ചെങ്ങന്നൂരില്‍ ആരു വിജയിക്കും?
>>> ഇടതുപക്ഷം വിജയിച്ചു കഴിഞ്ഞുവല്ലോ
മനസ്സിലായില്ല?
>>>ജാതി സമവാക്യങ്ങള്‍ക്ക് ഏറെ പ്രാധാന്യുമുള്ള ചെങ്ങന്നൂര്‍ പോലെയുള്ള ഒരു മണ്ഡലത്തില്‍ ജാതിമത സങ്കുചിത ചിന്തകള്‍ക്ക് അപ്പുറം സജി ചെറിയാനെപ്പോലെയുള്ള ഒരാളെ മത്സരരംഗത്തേക്ക് കൊണ്ടു വന്നതോടുകൂടി കാലഘട്ടം ആവശ്യപ്പെടുന്ന മതേതരത്വമെന്ന മൂല്യത്തെ ശക്തമായി ഉയര്‍ത്തിപ്പിടിക്കുകയാണ് ഇടതുപക്ഷം ചെയ്തിരിക്കുന്നത്.മണ്ഡലത്തിലെ സാമുദായിക ശക്തികളുടെ സ്വാധീനങ്ങളെ പരിഗണിക്കാതെ ജനാധിപത്യപരമായ മാനദണ്ഡങ്ങളില്‍ മാത്രം ഉറച്ചു നിന്നുകൊണ്ട് എടുത്തിരിക്കുന്ന ഈ തീരുമാനത്തോടെ ഇടതുപക്ഷം പ്രാഥമികമായി വജയിച്ചിരിക്കുന്നു.2006 ല്‍ പരീക്ഷിക്കപ്പെട്ടിരുന്ന സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹമെങ്കിലും ആ സാഹചര്യം ഇപ്പോള്‍ ഏറെ മാറിയിരിക്കുന്നു.നിലപാടുകളെ മൂല്യബോധങ്ങള്‍കൊണ്ട് വിലയിരുത്തപ്പെടേണ്ട ഇക്കാലത്ത് സജി ചെറിയാനെ വിജയിപ്പിക്കേണ്ടത് ഏതൊരു ജനാധിപത്യവിശ്വാസിയുടേയും ഉത്തരവാദിത്തമാണ് എന്ന കാര്യത്തില്‍ സംശയമില്ല.ധാര്‍മികമായ ഈ വിജയത്തിന് സാങ്കേതികമായ പിന്തുണ നല്കി ജനത സജി ചെറിയാനിലൂടെ ഇടതുപക്ഷത്തെ നെഞ്ചേറ്റുമെന്നുതന്നെയാണ് എന്റെ വിശ്വാസം.
ചൈനീസ് പ്രസിഡന്റ് പദവിയുടെ കാലപരിധി എടുത്തുമാറ്റിയതിനെക്കുറിച്ച് ?
>>>അധികാരത്തിന്റെ കേന്ദ്രീകരണം എപ്പോഴും അപകടകരമാണ്.മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വ്യക്തിക്ക് ചിലപ്പോള്‍ ആ അപകടത്തെ അകറ്റി നിറുത്തിക്കൊണ്ട് ജനസമ്മതനായി നിലയുറപ്പിക്കാന്‍ കഴിഞ്ഞേക്കാം.എന്നാല്‍ എല്ലാ വ്യക്തികളും അങ്ങനെയല്ല തന്നെ.ഒരു കാലഘട്ടത്തിനു ശേഷം മാറി വരുന്ന ഭരണാധികാരിക്ക് ആദ്യത്തെയാളിന്റെ ഉള്‍ക്കാഴ്ചയോ ജനാധിപത്യബോധമോ ഉണ്ടായെന്ന് വരില്ല.അധികാരത്തിന്റെ അനാവശ്യമായ ഉപയോഗങ്ങള്‍ അവിടെ ആരംഭിക്കും.അതുകൊണ്ട് 2958 വോട്ടിന് എതിരെ ലഭിച്ച രണ്ട് വോട്ടിന്റെ കൂടെ എന്റെ വോട്ടുംകൂടി ചേര്‍ത്തുകൊള്ളണം എന്നാണ് എന്റെ അപേക്ഷ.
ചുറ്റുപാടും കേള്‍ക്കുന്ന വാര്‍ത്തകളൊക്കെ ആശങ്കയുണ്ടാക്കുന്നതാണല്ലോ?
>>> ആരു പറഞ്ഞു അങ്ങനെയാണെന്ന്? ഇന്നലെ മാതൃഭൂമി , കിടപ്പാടമില്ലാതെ റയില്‍ സ്റ്റേഷനുകളില്‍ അന്തിയുറങ്ങാന്‍ ഇടംതേടി നടക്കുന്ന ഒരമ്മയേയും മകനേയും പറ്റി എഴുതിയത് വായിച്ചില്ലേ? ആറാം ക്ലാസുകാരന്‍ അലന്റേയും അവന്റെ അമ്മയുടേയും കഥ? കണ്ണുനിറഞ്ഞതുകൊണ്ട് മുഴുവന്‍ വായിക്കാന്‍ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്ന ആ വാര്‍ത്ത ഇന്നലെ മുതല്‍ മനസ്സിലുടക്കിനിന്നിരുന്നു. ലോകം അവരുടെ നേരെ കനിവുനീട്ടിയിരിക്കുന്നു.അവര്‍ക്ക് കിടപ്പാടം സജ്ജമായിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇന്ന് മാതൃഭൂമി പങ്കുവെക്കുന്നത്. ഇതില്‍പ്പരം സന്തോഷമുള്ള വാര്‍ത്തയെന്ത് ? അതുകൊണ്ട് ആശങ്കകളാണ് കൂടുതലെങ്കിലും അവയെയൊക്കെ വെല്ലുവിളിച്ചുകൊണ്ട് ഇതുപോലെയുള്ള പ്രതീക്ഷാനിര്‍ഭരമായ ഇത്തിരിവട്ടങ്ങളാണ് നമ്മെയൊക്കെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതു മതി ഈ ജീവിതത്തെ ഇനിയും ഇനിയും മുന്നോട്ടു തള്ളാന്‍.
Comments