#ദിനസരികള്‍ 337


മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം! - വരുന്നു ഞാൻ!
അനുനയിക്കുവാനെത്തുമെൻ കൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി
എത്ര രസോദാരമായാണ് ഈ കവി മരണത്തെ സ്വാഗതം ചെയ്യുന്നത്? മരണത്തെ സ്വാഗതം ചെയ്യുന്ന ഒരു കവിതയെ ഇങ്ങനെ പുകഴ്ത്താമോ എന്നൊരു ചോദ്യമുയരുന്നുണ്ട്. ആത്മഹത്യയെ ഏതെങ്കിലും വിധത്തില്‍ പ്രോത്സാഹിപ്പിക്കലാകില്ലേ ആ പുകഴ്ത്തല്‍ എന്നും സംശയിക്കുന്നവരുണ്ടാകാം. ആ ചോദ്യവും സംശയവും ഒരു പക്ഷേ ശരിയുമായിരിക്കാം. ഇവിടെ ആത്മഹത്യയെ പ്രോത്സാഹിക്കലോ പാടിപ്പുകഴ്ത്തലോ ഒന്നുമല്ല വിഷയം.താന്‍ കൈകാര്യം ചെയ്യുന്ന വിഷയം, അല്ലെങ്കില്‍ ആവിഷ്കരിക്കാന്‍ ആഗ്രഹിക്കുന്ന ഭംഗി, എത്രമാത്രം ശക്തമായി സമാനഹൃദയരിലേക്ക് എത്തിക്കുന്നതിന് കവിക്ക് കഴിയുന്നു എന്നതിനെ മാത്രമാണ് വിലയിരുത്തുന്നത്.മരണം മനോഹരമായ ഒരനുഭവമാക്കി മാറ്റുവാന്‍‌ ആ വിധത്തില്‍ പരിശോധിക്കുമ്പോള്‍ കവിക്കു ഇവിടെ കഴിയുന്നു.
            മരണത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ കവിയെ സംബന്ധിച്ച് ന്യായയുക്തമാണ്.സുവ്യക്തമായ കാരണമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യുകതന്നെ വേണംഎന്ന കാര്യത്തില്‍ കവിക്ക് സംശയമൊന്നുമില്ല.എന്നാല്‍ ഏതൊക്കെ തരത്തിലുള്ള കാരണങ്ങളെ അദ്ദേഹം കൂട്ടുപിടിച്ചാലും ലോകം അതിനെ അനുവദിച്ചുകൊടുക്കുകയില്ല. ആത്മഹത്യ അവരെ സംബന്ധിച്ച് അനാവശ്യമാണ്.ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നത് എന്നാണ് ലോകരുടെ നിലപാട്. പക്ഷേ ഇക്കവി അങ്ങനെയല്ല മരണത്തെ കാണുന്നത്.
സ്ഥിരതയില്ലാത്ത ലോകത്തിലെന്തിനായ്
ചിരവിരഹി ഞാൻ മേലിലും കേഴണം?
മധുരചിന്തകൾ മാഞ്ഞുപോയീടവേ,
മരണമാണിനിജ്ജീവിച്ചിരിക്കുവാൻ
ഇരുളിലാരുമറിയാതെയെത്രനാൾ
കരളുനൊന്തു ഞാൻ കേഴുമനർഗളം?
ഹൃദയമില്ലാത്ത ലോകമേ, യെന്തിനാ-
യതിനു കാരണം ചോദിപ്പു നീ സദാ?
പരസഹസ്രം രഹസ്യമുണ്ടെന്നുമെൻ-
പുറകിൽനിന്നിദം വിങ്ങിക്കരയുവാൻ -
ആ രഹസ്യങ്ങളുടെ തീവ്രത ഏതൊക്കെ ഭാഷയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചാലും ലോകത്തെ ബോധ്യപ്പെടുത്താന്‍ കഴിയില്ല എന്നതുകൊണ്ടായിരിക്കണം , മരണത്തെ സ്വാഗതം ചെയ്യുവാന്‍ എനിക്ക് തന്റേതായ കാരണം മതി എന്ന തലത്തിലേക്ക് ഈ കവി എത്തിനില്ക്കുന്നത്.
            ഈ ജീവിതവും അതിനോട് ഒട്ടിച്ചേര്‍ന്ന് നില്ക്കുന്ന മരണവുമാണ് ജീവിതത്തെ മനോഹരവും അപ്രവചനീയവുമാക്കുന്നത്.ആ മരണത്തെ തന്റേതായ കാരണങ്ങളിലൂടെ തന്റേതായ സമയത്ത് സ്വാഗതം ചെയ്യുക എന്നത് മരണത്തിന്റെ അപ്രവചനീയതയെ അവസാനിപ്പിക്കുന്ന ഒന്നാണ്.ഒരു പക്ഷേ ജീവിതത്തിനു മുകളില്‍ മരണത്തെ അടയാളമാക്കി താന്‍ നാട്ടുന്ന വെന്നിക്കൊടിയാണ് ആ ആത്മഹത്യ എന്ന ബോധമായിരിക്കണം മരണത്തെ ഞാനാദ്യംതന്നെ പറഞ്ഞ രസോദാരമായ വിധത്തില്‍ സ്വാഗതം ചെയ്യാന്‍ കവിയെ പ്രേരിപ്പിക്കുന്നത്.ഒരു പരാജയം ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താനുള്ള കാരണമല്ലെന്ന വാദിക്കുന്നവര്‍ക്ക് കവിയുടെ ആത്മാവിനെ കണ്ടെത്താനും തൊടാനും ശേഷിയില്ല.അതുകൊണ്ടുതന്നെ കാരണങ്ങളെ ബോധ്യപ്പെടുത്തുക എന്ന ബാധ്യത കവി ഏറ്റെടുക്കുന്നില്ല.നിര്‍ണയിക്കപ്പെടുന്ന  മരണത്തിലൂടെ ലോകത്തിനു മുകളില്‍ തന്റെ വെന്നിക്കൊടി പാറിക്കുവാന്‍ കഴിയുമെന്നുതന്നെയാണ് കവി ചിന്തിക്കുന്നതും.ശരിയാണെങ്കിലും തെറ്റാണെങ്കിലും ആയതിനെ ആവിഷ്കരിച്ചെടുക്കാന്‍ കവി അസാമാന്യമായ വഴക്കം കാണിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നുവെന്ന് പറയാതെ വയ്യ
ചിരികൾതോറുമെൻ പട്ടടത്തീപ്പൊരി
ചിതറിടുന്നോരരങ്ങത്തുനിന്നിനി,
വിടതരൂ, മതി പോകട്ടെ ഞാനുമെൻ-
നടനവിദ്യയും മൂകസംഗീതവും!
വിവിധരീതിയിലൊറ്റനിമിഷത്തിൽ
വിഷമമാണെനിക്കാടുവാൻ, പാടുവാൻ;
നവരസങ്ങൾ സ്ഫുരിക്കണമൊക്കെയു-
മവരർക്കിഷ്ടമായിട്ടിരിക്കണം!
അരുതതരുതെനിക്കീ രീതി തെല്ലുമി-
ച്ചരിതമെന്നുമപൂർണമാണെങ്കിലും



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1