#ദിനസരികള്‍ 339


            സാംസ്കാരിക പഠനം ഒരു പ്രത്യേകശാഖയായി എപ്പോള്‍ ആരംഭിച്ചുവെന്നത് നിഷ്കൃഷ്ടമായി പറയുക അസാധ്യമാണെങ്കിലും 1964ല്‍ ബര്‍മിങ് ഹാം സര്‍വ്വകലാശാലയില്‍ സ്ഥാപിക്കപ്പെട്ട സെന്റര്‍ ഫോര്‍ കണ്ടമ്പററി കള്‍ച്ചറല്‍സ്റ്റഡീസാണ് പ്രാരംഭം കുറിച്ചതെന്ന് സൂചിപ്പിച്ചുകൊണ്ട് സാംസ്കാരിക പഠനം പുതുമ, പഴമ, പ്രസക്തി എന്ന ആമൂഖലേഖനത്തില്‍ പി ഗോവിന്ദപ്പിള്ള എഴുതുന്നതു് നോക്കുക “ – സാംസ്കാരിക പഠന പദ്ധതിയുടെ ആദ്യപഥികരില്‍ പ്രമുഖന്‍, ദി യൂസസ് ഓഫ് ലിറ്ററസിയുടെ എന്ന പേരു കേട്ട കൃതിയുടെ കര്‍ത്താവുമായ റിച്ചാര്‍ഡ് ഹോഗാര്‍ട്ട് ആയിരുന്നു.റെയ്മണ്ട് വില്യംസ് , ഇ പി തോംസണ്‍, സ്റ്റുവര്‍ട്ട് ഹാള്‍ തുടങ്ങിയ പ്രതിഭാശാലികളാണ് ഈ സ്ഥാപനവുമായി ബന്ധപ്പെട്ടും അല്ലതെയും ഈ പഠനപദ്ധതിയെ ബ്രിട്ടനിലും ബ്രിട്ടനു പുറത്ത് സാര്‍വ്വദേശീയതലത്തിലും അംഗീകരിക്കപ്പെട്ട ഒരു മഹാപ്രസ്ഥാനമായി വളര്‍ത്തിയ ആദ്യപഥികര്‍
            സാംസ്കാരിക പഠനം എന്നു പറഞ്ഞാല്‍ സംസ്കാരത്തെക്കുറിച്ചുള്ള പഠന പദ്ധതിയാണെന്നു തോന്നാമെങ്കിലും അത് നിഷ്കൃഷ്ടമായ അര്‍ത്ഥമല്ല സാംസ്കാരികഘടകങ്ങളെ മുന്‍നിറുത്തി സാഹിത്യപഠനവും കലാനിരൂപണവും നടത്തുന്ന പദ്ധതിയെ ആണ് അത് അര്‍ത്ഥമാക്കുന്നത്എന്ന് പി ജി എഴുതുന്നതിനോട് അനുബന്ധമായി ഡോ. പി പി രവീന്ദ്രന്റെ സംസ്കാരപഠനം ഒരു ആമുഖം എന്ന പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കട്ടെ രണ്ടുതരത്തിലുള്ള പഠനങ്ങളെയാണ് സാംസ്കാരികവിശകലനത്തിന്റെ പരമ്പരാഗത മാര്‍ഗ്ഗങ്ങളായി പണ്ഡിതലോകം അടുത്തകാലം വരെ സ്വീകരിച്ചു പോന്നിട്ടുള്ളത്.സാമൂഹികശാസ്ത്രത്തിന്റെ വിശകലനോപാധികളുപയോഗിച്ചുകൊണ്ട് പ്രത്യേക സമൂഹങ്ങളുടെ സംസ്കാരത്തേയും ജീവിതശൈലിയേയും പഠനവിഷയമാക്കുന്ന നരവംശശാസ്ത്രസമീപനമാണ് ആദ്യത്തേത്.സംഗീതത്തിലേയും സാഹിത്യത്തിലേയും ചിത്ര ദൃശ്യകലകളിലേയും ഉദാത്തമാതൃകകളെ സംസ്കാരത്തിന്റെ ഉത്തുംഗശൃംഗങ്ങളായി കണ്ട് അവയെ സവിസ്തരം പഠിക്കുന്ന കലാവിമര്‍ശന രീതിയാണ് രണ്ടാമത്തേത്.ഈ രണ്ടുമാര്‍ഗ്ഗങ്ങളേയും സാംസ്കാരികവിശകലനത്തിന്റെ വഴികളായി ഗണിക്കാമെങ്കിലും സംസ്കാരപഠനം അഥവാ കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന നൂതനവിജ്ഞാനശാഖയുടെ വഴികളല്ല അവ.ഒരര്‍ത്ഥത്തില്‍ സാംസ്കാരികപഠനത്തിന്റെ വിഷയാന്തരത്വവും അതിന്റെ രാഷ്ട്രീയാഭിമുഖ്യവുമാവും സൈദ്ധാന്തികമായ ഉള്‍ക്കാഴ്ചകള്‍ ഉപയോഗിക്കുന്ന ഇതര പാശ്ചാത്യസമീപനങ്ങളില്‍ നിന്നും അതിനെ വ്യത്യസ്തമാക്കുന്നത്ഇത്രയും നീണ്ടൊരു ഉദ്ധരണി ഉപയോഗിക്കപ്പെട്ടതിന് പിന്നില്‍ ഒരൊറ്റ കാരണം മാത്രമേയുള്ളു. അത് സാംസ്കാരികപഠനത്തിന്റെ രാഷ്ട്രീയാഭിമുഖ്യം എന്ന സൂചനയാണ്.സാംസ്കാരിപഠനത്തിന്റെ രാഷ്ട്രീയ ആഭിമുഖ്യം അതിന്റെ പ്രസക്തിയേയും പ്രാധാന്യത്തേയും മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി നിര്‍ത്തുന്ന സുപ്രധാനമായ ഘടകമാണ്.
            ബ്രിട്ടനില്‍ തുടങ്ങി എന്നു പറയുമ്പോഴും ജര്‍മനിയിലും ഇറ്റലിയുമടക്കംനടന്ന മുന്നേറ്റങ്ങളെക്കുറിച്ചും പി ജി സൂചിപ്പിക്കുന്നുണ്ട്.ജര്‍മനിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ റിസര്‍ച്ചുമായി ബന്ധപ്പെട്ടുണ്ടായ ഇടപെടലുകള്‍ സുപ്രധാനമായ മുന്നേറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്.അതോടൊപ്പം ഇറ്റാലിയന്‍ ചിന്തകനായ ഗ്രാംഷിയുടെ കൃതികള്‍ നല്കിയ മൂല്യവത്തായ സംഭാവനകള്‍ പ്രത്യേകം പരിഗണിക്കപ്പെടേണ്ടതാണ്.ഖൈമര്‍, അഡോര്‍ണ, ഹെബര്‍മാസ് , എറിക് ഫ്രോം,വാള്‍ട്ടര്‍‌ ബഞ്ചമിന്‍ , അല്‍ത്തൂസര്‍ , വില്യംസ് , തോംസണ്‍ എന്നിങ്ങനെ നിരവധിയായ ചിന്തകരെ സൂചിപ്പിച്ചുകൊണ്ട് സാംസ്കാരികപഠനത്തിന്റെ ഒരു നഖചിത്രം വരച്ചിടുകയും അതിനുശേഷം എന്താണ് സാംസ്കാരിക പഠനം സമൂഹത്തില്‍ ചെയ്യുന്നത് എന്ന ചോദ്യത്തെ പി ജി നേരിടുകയും ചെയ്യുന്നു (തുടരും)

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം