#ദിനസരികള്‍ 333
എന്റെ കൈയ്യെത്തുന്ന ദൂരത്ത് വര്‍ഷങ്ങളായി രണ്ടു
പുസ്തകങ്ങളാണ് ഇടം പിടച്ചിട്ടുള്ളത്.ഒന്ന് ശ്രീകണ്ഠേശ്വരത്തിന്റെ
ശബ്ദതാരാവലി.മറ്റൊന്ന് വെട്ടം മാണിയുടെ പുരാണിക് എന്‍സൈക്ലോപീഡിയ.മലയാളത്തില്‍
നാളിതുവരെ ഇറങ്ങിയിട്ടുള്ള നിരവധിയായ പുസ്തകങ്ങളില്‍ അഗ്രിമസ്ഥാനത്തു
പ്രതിഷ്ഠിക്കാന്‍ എന്തുകൊണ്ടും യോഗ്യതയുള്ളതാണ് ഈ രണ്ടു വിശിഷ്ട രചനകളുമെന്ന
കാര്യത്തില്‍ സംശയമേതുമില്ല.അതില്‍ പുരാണിക് എന്‍സൈക്ലോപീഡിയയെക്കുറിച്ചും തല്‍ക്കര്‍ത്താവായ
വെട്ടം മാണിയെക്കുറിച്ചും “പുരാണ
കഥകള്‍ അടുക്കിയ യുക്തിവാദി” എന്ന പേരില്‍ ഡോ. എം ഐ പൌലോസ് , 2018
മാര്‍ച്ചിലെ ഭാഷാപോഷിണിയില്‍ എഴുതിയത് ഏറെ കൌതുകത്തോടെയാണ് ഞാന്‍
വായിച്ചത്.നിഘണ്ടുക്കളും വിജ്ഞാനകോശങ്ങളുമൊക്കെ തയ്യാറാക്കുന്നത് അതീവശ്രദ്ധയും
നീണ്ടു നില്‍ക്കുന്ന പരിശ്രമങ്ങളും അനിവാര്യമാണ്.1755 ല്‍ ഇംഗ്ലീഷ് ഭാഷയില്‍
ഒമ്പതുവര്‍ഷമെടുത്ത് ഒരു നിഘണ്ടു നിര്‍മിച്ച ഡോ. ജോണ്‍സന്‍ ആ ഭാഷക്കു നല്കിയ
വിലമതിക്കാനാവാത്ത നിസ്തുലമായ സേവനം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്
പതിമൂന്നു വര്‍ഷംകൊണ്ട് പുരാണ വിജ്ഞാനകോശം തയ്യാറാക്കിയ വെട്ടം മാണിയും നിര്‍വഹിച്ചത്.
“പുരാണിക്
എന്‍സൈക്ലോപീഡിയയുടെ രചനയിലേര്‍പ്പെട്ട പതിമൂന്നു വര്‍ഷക്കാലം ദിവസം ഒന്നോ രണ്ടോ
മണിക്കൂറുകള്‍ മാത്രമുറങ്ങിയ ഒട്ടേറെ രാത്രികളുണ്ടായിട്ടുണ്ടെന്ന് വെട്ടംമാണി
അനുസ്മരിക്കുന്നുണ്ട്.ദീര്‍ഘ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനവും ഉറക്കമൊഴിപ്പും
അദ്ദേഹത്തിന്റെ ആരോഗ്യം കവര്‍ന്നു.കൈവിറയല്‍ അടക്കമുള്ള ഒട്ടേറെ ശാരീരിക
ക്ലേശങ്ങള്‍ അനുഭവപ്പെട്ടപ്പോഴും തപസ്സുമുടക്കാന്‍ അദ്ദേഹം തയ്യാറായില്ല.1964 ല്‍
നാലു വോള്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ഈ പുരാണ കഥാനിഘണ്ടു ,
അരനൂറ്റാണ്ടിലേറെക്കാലമായി മലയാള ഭാഷാധ്യാപനത്തിന് നല്‍കി വരുന്ന സംഭാവനകള്‍
നിസ്തുലമാണ് ” എന്ന് രചനാ
കാലത്ത് അദ്ദേഹം നേരിട്ട വൈഷമ്യങ്ങളെക്കുറിച്ച് ലേഖകന്‍ സൂചിപ്പിക്കുന്നു.
ഗ്രന്ഥകര്‍ത്താവ് പ്രസ്തുത പുസ്തകത്തെപ്പറ്റി പറയുന്നത്
ഇങ്ങനെയാണ് “ഇതില്‍
വറവുകളും കുറവുകളും ധാരാളം കണ്ടെന്നു വരാം.ഒരു കഥക്കു തന്നെ പല പുരാണങ്ങളിലും
വ്യത്യസ്തമായ രൂപങ്ങളാണ് കാണുന്നത്.കഥാപാത്രങ്ങള്‍ക്കുപോലും വൈരുദ്ധ്യമുണ്ട്. സംഭവങ്ങള്‍ക്കും
പരസ്പരം വൈരുദ്ധ്യമുണ്ട്.വംശാവലിയുടെ കണ്ണികള്‍ക്കും വ്യത്യാസമുണ്ട്.അഗ്നിപുരാണത്തില്‍
കാണുന്ന വംശാവലിയല്ല ഭാഗവതത്തില്‍ കാണുന്നത്.” ഇങ്ങനെ യാതൊരുവിധ അടുക്കും ചിട്ടയും
പ്രകടിപ്പിക്കാതെ ചിതറിക്കിടക്കുന്ന ഇതിഹാസപുരാണാദികളില്‍നിന്നും പ്രസക്തഭാഗങ്ങള്‍
കണ്ടെത്തി ഇണക്കിവെക്കുക എന്ന പരിപാടി ക്ഷിപ്രസാധ്യമായ ഒന്നല്ല. അവതാരികാകാരന്‍
ചൂണ്ടിക്കാണിക്കുന്നതുപോലെ ഹിന്ദുക്കളുടെ പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ ഒരു പട്ടിക
തയ്യാറാക്കുന്നതിന് പലര്‍ ചേര്‍ന്ന് ഒരായുഷ്കാലം ശ്രമിച്ചാലും കഴിയാത്ത സംഗതിയാണ്.
ആ തപസ്സിന് മലയാളഭാഷ എക്കാലത്തേക്കും വെട്ടംമാണിക്ക് കടപ്പെട്ടിരിക്കുന്നുവെന്ന്
പറയാതെ വയ്യ.
Comments