#ദിനസരികള്‍ 335


മാധ്യമം ആഴ്ചപ്പതിപ്പില്‍ കാഞ്ച ഐലയ്യയുമായി നഹീമ പൂന്തോട്ടത്തില്‍ സംസാരിക്കുന്നത് , മാര്‍ക്സിസവും അംബേദ്കറിസവുമായി ഒന്നിക്കാനുളള അഥവാ ഒന്നിക്കേണ്ട ആവശ്യകതയേയും സാധ്യതയേയും കുറിച്ചാണ്.ഒരു ചോദ്യത്തിന് മറുപടിയായി കാഞ്ച ഐലയ്യ ഇങ്ങനെ പറയുന്നു. അംബേദ്കറിസവും കമ്യൂണിസവും തമ്മില്‍ സമാനതകള്‍ ഒരുപാടുണ്ട്.അംബേദ്കര്‍‌ ജാതി ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ മാര്‍ക്സ് ശ്രമിച്ചത് വര്‍ഗ്ഗവ്യവസ്ഥ ഇല്ലാതാക്കാനാണ്.ജാതി എല്ലാവരുടേയും രക്തത്തിലാണെങ്കില്‍ വര്‍ഗ്ഗം പുറത്താണ്.വര്‍ഗ്ഗവ്യവസ്ഥ ഇല്ലാതാക്കാനാവുമെങ്കിലും ജാതി വ്യവസ്ഥ പെട്ടെന്ന് തുടച്ചുനീക്കാന്‍ കഴിയില്ല.അതുകൊണ്ടാണ് അംബേദ്കര്‍ ഇന്ന് കൂടുതലന്‍ പ്രസക്തനാകുന്നത്. അംബേദ്കറും മാര്‍ക്സും ഒരു പ്ലാറ്റുഫോമില്‍ വരേണ്ടവരാണ്. വിശാലമായ ഇടതുപക്ഷം എന്ന പരിപ്രേക്ഷ്യമുയര്‍ത്തിപ്പിടിച്ചുകൊണ്ട് ഐലയ്യ പ്രകടിപ്പിച്ച ഈ അഭിപ്രായത്തോട് ഐക്യദാര്‍ഡ്യം പുലര്‍‌ത്തേണ്ട സാഹചര്യങ്ങളാണ് രാജ്യത്തിന്റെ സമകാലികപരിതോവസ്ഥകളില്‍ നമ്മുടെ മുന്നിലുള്ളത്.ആശയതലത്തിലെ അതിസൂക്ഷ്മമായ അഭിപ്രായ വ്യത്യാസങ്ങള്‍ പരിശോധിക്കപ്പെടേണ്ടത് , യുദ്ധമുഖത്തുവെച്ചല്ലല്ലോ.അതുകൊണ്ട് വര്‍ഗ്ഗീയത എന്ന പ്രധാന എതിരാളിയെ നേരിടാന്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളില്‍ പരിശോധിക്കപ്പെടേണ്ടത് അടിസ്ഥാനപരമായ ആശയങ്ങളെയല്ല മറിച്ച് വിശാലമായ പ്രഖ്യാപിതമായ ലക്ഷ്യങ്ങളെയാണ്.
            വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്ളേഴ്സ് എന്ന പുസ്തകത്തിന്റെ പേരിലുണ്ടായ വിവാദം ഐലയ്യയൂടെ തലയെടുക്കും എന്ന ഭീഷണിയോളമെത്തി.ഇക്കാര്യത്തെക്കുറിച്ച് കാഞ്ച ഐലയ്യ പറയുന്നതു കേള്‍ക്കുക - എന്നെ ദേശദ്രോഹികളാക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ദേശദ്രോഹികള്‍. അവരുടെ ചൂഷണങ്ങളെയാണ് സോഷ്യല്‍ സ്മഗ്ലിംങ് എന്ന് ഞാന്‍ വിളിച്ചത്. അവര്‍ നെയ്ത്തുപകരണങ്ങള്‍ ഉപയോഗിക്കുന്ന രീതി , അധികമായി വരുന്ന പണം കൈകാര്യം ചെയ്യുന്ന രീതി , ഇതെല്ലാം വളരെയധികം ചൂഷണപരമാണ്.അവര്‍ നടത്തുന്ന സാമൂഹിക കൊള്ള സ്വകാര്യമേഖലയിലെ സംവരണത്തില്‍ നിന്ന് ദലിതരെ പിന്നോട്ടടിക്കുന്നു.ഈ ആശയം കൂടുതല്‍ കാര്യക്ഷമമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്. പ്രത്യേകിച്ചും സോഷ്യല്‍ സ്മഗ്ലിംഗ്. നിസ്വവര്‍ഗ്ഗത്തിന്റെ സ്ഥാവരജംഗമങ്ങളെ കടത്തിക്കൊണ്ടുപോകുന്ന ജാതീയവും വംശീയവും സാമൂഹികവുമായ ചോര്‍പ്പുകളെക്കുറിച്ച് ഒരു ജനത എന്ന നിലയില്‍ നമുക്ക് കൂടുതല്‍ ധാരണയുണ്ടാകേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കില്‍ മാത്രമേ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രയത്നങ്ങളെ യഥാസമയം ഫലപ്രാപ്തിയിലേക്ക് എത്തിക്കാന്‍ കഴിയൂക. കാഞ്ച ഐലയ്യയെപ്പോലയുള്ളവരുടെ ചിന്തകള്‍ ആശയപരമായ അടിത്തറയൊരുക്കുന്നതില്‍ വിജയിക്കുക തന്നെ വേണം.
           

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം