#ദിനസരികള്‍ 336


            ഗ്രീക്കു ചിന്തകര്‍ എന്ന പുസ്തകം മുനി നാരായണപ്രസാദാണ് രചിച്ചത്.തെയ്ലീസ്,അനാക്സിമാന്‍ജര്‍ , ഹെരക്ലീറ്റസ്, സീനോ, പൈതഗോറസ്,സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയ മഹാരഥന്മാരെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഇത്തരം പുസ്തകങ്ങള്‍ മലയാളഭാഷയില്‍ തുലോം കുറവാണ്.കുറച്ചു കൂടി സൂക്ഷ്മമായി പറഞ്ഞാല്‍ തത്വചിന്തയെക്കുറിച്ചും ചിന്തകരെക്കുറിച്ചും ആധികാരികമായി എടുത്തു പറയാവുന്ന സമഗ്രമായ ഒരു പുസ്തകം നമ്മുടെ ഭാഷയില്‍ ഇല്ല എന്നു തന്നെ പറയാം. ചില ശ്രമങ്ങളുണ്ടായിട്ടുണ്ട്. ടി ശ്രീകുമാര്‍ എഴുതിയ തത്വ ബുക്സ് പുറത്തിറക്കിയ തത്വചിന്തയുടെ ചരിത്രം എന്ന പുസ്തകം അത്തരത്തിലൊരു ശ്രമമായിരുന്നുവെങ്കിലും ആ പരിശ്രമം പൂര്‍ത്തിയായിട്ടില്ല. ഡോ വി പി ഉണ്ണികൃഷ്ണന്‍ എഴുതിയ തത്വചിന്തയും ഡയലറ്റിക്സും എന്ന പുസ്തകം പാശ്ചാത്യതത്വചിന്തയുടെ ഒരു സിംഹാവലോകനമാണ്.ഇങ്ങനെ പെട്ടെന്ന്  ചൂണ്ടിക്കാണിക്കാന്‍ ചിലതൊക്കെക്കാണുമെങ്കിലും ഈ മേഖല ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്.
            തെയ്‌ലിസ് ചിന്തിച്ചിരുന്നത് ജലമാണ് സര്‍വതിന്റേയും ആധാരമെന്നായിരുന്നു.എല്ലാത്തിന്റേയും മൂലകാരണം ജലമാണെന്ന് ഒരു ചിന്തിച്ചിരുന്നവരില്‍ ഭാരതീയരടക്കമുള്ളവര്‍ ഉള്‍‌പ്പെടും. അരിസ്റ്റോട്ടില്‍ തന്റെ മെറ്റാഫിസിക്സില്‍ തെയ്‌ലിസിന്റെ ചിന്തകളെക്കുറിച്ച് പറയുന്നുണ്ട് :- ഈ ചിന്താ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ തെയ്‍‌ലിസ് പറയുന്നത് ശാശ്വതമായ സത്യം വെള്ളമാണ് എന്നാണ്.ഭൂമി വെള്ളത്തില്‍ ഒഴുകി നടക്കുകയാണെന്ന് അദ്ദേഹം സിദ്ധാന്തിച്ചത് അതുകൊണ്ടായിരിക്കാം.ഒരു പക്ഷേ പോഷകാംശമുള്ള എല്ലാ വസ്തുക്കളും നനഞ്ഞിരിക്കുന്നതായി കണ്ടതുകൊണ്ടും ചൂടുപോലും ഉണ്ടാകുന്നത് ഈര്‍പ്പത്തില്‍ നിന്നായതുകൊണ്ടും ആയിരിക്കാം അദ്ദേഹം ഇങ്ങനെ ചിന്തിച്ചത്.ഏതു വിത്തു കുരുത്തു വരുന്നതിനും ഈര്‍പ്പം വേണം.നനവുള്ളതായി പ്രപഞ്ചത്തില്‍ കാണുന്ന എല്ലാറ്റിന്റേയും അടിസ്ഥാനം വെള്ളമാണ്.ഇതില്‍ നിന്നൊക്കെയായിരിക്കാം അദ്ദേഹം ഈ സങ്കല്പത്തില്‍ എത്തിച്ചേര്‍ന്നത്
            തെയ്‌ലിസിനെപ്പോലെ തന്നെ കാണായ പ്രപഞ്ചത്തിന്റെ അസ്തിവാരങ്ങളെപ്പറ്റി നിരന്തരം പറയുകയും ചിന്തിക്കുകയും ചെയ്തിരുന്ന നിരവധി ചിന്തകരെ ഈ പുസ്തകത്തില്‍ നമുക്ക് കണ്ടെത്താം.പ്രപഞ്ചം നിലകൊള്ളുന്നതും പ്രവര്‍ത്തിക്കുന്നതും സംഖ്യാത്മകമായ സത്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ചിന്തിച്ച പൈതഗോറസും എക്കാലത്തേയും മസ്തിഷ്കങ്ങളെ വെല്ലുവിളിച്ച പ്രഹേളികകളെ ആവിഷ്കരിച്ച സീനോയുമൊക്കെ ഈ പുസ്തകത്തില്‍ ചര്‍ച്ചക്കു വരുന്നുണ്ട്.നാരായണ ഗുരുകുലമാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്