#ദിനസരികള്‍ 311


എനിക്ക് കവിത വായിച്ചാല്‍ മനസ്സിലാകില്ലെന്ന് ഞാനെപ്പോഴും പറയാറുള്ളതാണ്.പക്ഷേ എന്റെ സുഹൃത്തുക്കള്‍ അതു വിശ്വസിക്കാറില്ലെന്നത് വേറെ കാര്യം. ഞാന്‍ പറയുന്നത് തെളിയിക്കേണ്ട ബാധ്യത എനിക്കുണ്ടല്ലോ ? അതിനെന്താണ് വഴി എന്നാലോചിച്ച് വശംകെട്ടിരിക്കുമ്പോഴാണ് ഈ ആഴ്ചയിലെ മലയാളം വാരിക കൈയ്യില്‍ കിട്ടിയത്.ഒരു ശീലം വെച്ച് പിന്നില്‍ നിന്നും പേജുകള്‍ മറിച്ചു.അമ്പത്തിയാറാമത്തെ പേജിലെത്തിയപ്പോള്‍ ബിനു എം പള്ളിപ്പാടിന്റെ ചൂണ്ടക്കാരന്‍ എന്ന കവിത കണ്ടു.വായിച്ചു. ഒന്നും രണ്ടും മൂന്നും തവണ വായിച്ചു. ഒന്നും മനസ്സിലായില്ല.തേടിയ വള്ളി , മരണക്കിണറില്‍ വണ്ടിയോടിക്കുന്നവന്‍ വന്ന് നീട്ടിപ്പിടിച്ച കാശുവാങ്ങിപ്പോകുന്നത്ര വേഗത്തില്‍ എന്റെ കാലുകളില്‍ ചുറ്റി.എനിക്കു സന്തോഷമായി. ശ്രീ ബിനുവിന് നന്ദി.
രണ്ടു പേജിലായി ഒരു വാളയുടെ ചിത്രം സഹിതം ( വാളയെന്നാണ് കവി പറയുന്നതെങ്കിലും കവിയുടെ വാള കൂരിയാണെന്നാണോ ചിത്രകാരന്‍ പറയുന്നതെന്ന് ഞാന്‍ സംശയിക്കുന്നു. സംശയമാണ്. ) നീണ്ടു നിവര്‍ന്നു കിടക്കുകയാണ് ചൂണ്ടക്കാരന്‍.ഏതോ ഒരു കോമഡി പരിപാടിയില്‍ കവിത എഴുതാന്‍ അറിയാമോ എന്നു ചോദിച്ചപ്പോള്‍ അറിയില്ല എന്നു പറഞ്ഞയാളോട് കീ ബോര്‍ഡിലെ എന്റര്‍ അടിക്കാന്‍ എന്തായാലും കഴിയുമല്ലോ എന്നായിരുന്നു അടുത്ത ചോദ്യം. എന്നു വെച്ചാല്‍ വരികള്‍ മുറിക്കാന്‍ എന്റര്‍ അടിച്ചാല്‍ മതിയെന്നാണ് , അല്ലാതെ കവിതയൊന്നും വേണമെന്നില്ലെന്നല്ലേ കോമഡിക്കാരന്‍ ഇക്കാലകവികളെ വിമര്‍ശിക്കുന്നത് ? എനിക്കു തോന്നുന്നത് , ബിനു ഈ കവിത എഴുതി ആദ്യം കാണിച്ചത് ആ കോമഡിക്കാരനെ ആയിരിക്കും എന്നാണ്.ഏതായാലും എനിക്ക് ഒരു സംശയം ചോദിക്കാതിരിക്കാന്‍ പറ്റുന്നില്ല
..... അയാളുടെ മുടിപോലെ
കുലഞ്ഞുലഞ്ഞ
കൈതക്കാടുകള്‍
കീഴ്ചുണ്ട് കാണാത്ത വിധം
മറഞ്ഞ മീശ
കണ്‍വലയങ്ങള്
ഉരുകിയൊലിച്ചുണ്ടായ
നീളന്‍ മൂക്ക് ,
കുട്ടിത്തം തോന്നും മുഖം ഇങ്ങനെയുള്ള മുഖം കണ്ടാല്‍ കുട്ടിത്തം തോന്നുമോ നിങ്ങള്‍ക്ക് വായനക്കാരാ?
ഏതായാലും എനിക്കിത് വായിച്ചിട്ട് ഒന്നും മനസ്സിലായില്ലെന്നതുകൊണ്ട് ഇതു കവിതയല്ലെന്നെന്നും ഞാന്‍ പറയുന്നില്ല. എനിക്കു പൊതുവേ കവിത മനസ്സിലാകുന്നില്ല എന്ന് തെളിയിക്കാന്‍ ഈ കവിത ഉതകി എന്ന സത്യം പറഞ്ഞുവെന്നേയുള്ളു.തൊട്ടപ്പുറത്തെ പേജില്‍ കന്നി എം എഴുതിയ കവിതയുണ്ട്. അതിലൊരു വരി , വീട് ചെന്നു പറ്റാനാവുന്ന അവസാനത്തെരുവ് എന്നാണ്. ആ ഒരൊറ്റ വരിയില്‍ ലോകത്തെയാകമാനം കൊരുത്തിട്ടിരിക്കുന്ന  ഒരു ചൂണ്ടക്കാരനെ കാണാം. ജീവിതത്തിന്റെ സംത്രാസങ്ങളെ, വിഹ്വലതകളെ പ്രതിഫലിപ്പിക്കുന്ന ആ ഒരൊറ്റ വരി മതി കന്നിയുടെ കവിതയെ നെഞ്ചോടു ചേര്‍ത്തു വെക്കാന്‍ . അങ്ങനെയൊക്കെയാണെങ്കിലും എനിക്കു എന്തൊക്കെയോ മനസ്സിലായതുകൊണ്ട് കന്നിയുടെ കവിത കവിതയല്ലെന്നും മനസ്സിലാകാത്തതുകൊണ്ട് ബിനുവിന്റെ കവിത കവിതയാണെന്നും പ്രഖ്യാപിച്ചുകൊണ്ട് വേദിയൊഴിഞ്ഞു കൊള്ളുന്നു.
           


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1