#ദിനസരികള്‍ 307
ചാരിറ്റിയെ അഥവാ അപരസേവയെ മാനവികതയിലോ മനുഷ്യത്വത്തിലോ ഊന്നി
നില്ക്കുന്ന ഒരു സവിശേഷതയായിട്ടല്ല , മതാത്മകമായ വിശ്വാസത്തിന്റെ ഭാഗമായിട്ടാണ്
നമ്മള്‍ മലയാളികളില്‍ ഏറെപ്പേരും വിലയിരുത്തിപ്പോരുന്നതെന്ന് പലപ്പോഴും
തോന്നിയിട്ടുണ്ട്.ദൈവത്തിന്റെ കരുണ അപരനിലേക്ക് പെയ്തിറങ്ങുന്നത്
ചാരിറ്റിയിലൂടെയാണെന്നും അതിന് നമ്മള്‍ കൈവഴികളാകുന്നു , അഥവാ
ഉപകരണമാകുന്നുവെന്നും അങ്ങനെ ദൈവേച്ഛ നമ്മിലൂടെ നടപ്പാക്കപ്പെടുന്നതിന് കാരണം
അദ്ദേഹത്തിന് നമ്മോടുള്ള സ്നേഹവും വാത്സല്യവും കൊണ്ടാണെന്നുമുള്ള ചിന്തക്കാണ്
പ്രാമുഖ്യം.അല്ലാതെ മനുഷ്യനെന്ന നിലയില്‍ , ഒരു സമൂഹജീവി എന്ന നിലയില്‍ സാമൂഹ്യമായ
കാരണങ്ങളാണ് ചാരിറ്റിക്കുപിന്നിലുള്ളതെന്ന ചിന്ത ഭൂരിപക്ഷത്തിനും സ്വീകാര്യമല്ല.
വിശ്വാസവുമായി ബന്ധപ്പെടുത്തി
ചാരിറ്റി ആചരിക്കുമ്പോള്‍ ആ പ്രവര്‍ത്തനത്തിന് അന്യനെ സഹായിക്കുക എന്നതിനെക്കാള്‍
തന്നെത്തന്നെ ഉയര്‍ത്തി ദൈവത്തിങ്കലേത്തെക്കിക്കുക എന്നതാണ് അര്‍ത്ഥം. ദൈവത്തിന്റെ
കണ്ണില്‍ തന്റെ ഭാഗം സുരക്ഷിതമാക്കുകയും സ്വര്‍ഗത്തിലേക്കുള്ള പ്രവേശനം കൂടുതല്‍
എളുപ്പമാക്കുകയും ചെയ്യുകയെന്നതിനാണ് പ്രാധാന്യം. അങ്ങനെയല്ലെന്ന് എത്രമാത്രം
ശക്തമായി വാദിച്ചാലും വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി ചെയ്യുന്ന അപരസേവയൊക്കെ
അങ്ങനെത്തന്നെയാണെന്നതാണ് വസ്തുത.ഓരോ മതങ്ങളും അപരസേവയെ അനുകൂലിക്കുന്നതിന്
പ്രതിഫലമുണ്ടെന്നും ആ പ്രതിഫലം മരണാനന്തരജീവിതത്തിന് സഹായകമാകുമെന്നും
ഉറപ്പിക്കുന്നുണ്ട്. അത് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതിയെ ഉണ്ടാക്കിയെടുക്കാന്‍
വേണ്ടിയാണെന്നൊക്കെ വാദിച്ചേക്കാം. പക്ഷേ ഒരു ഭക്തന്‍ / വിശ്വാസി ഈ നിര്‍ദ്ദേശത്തെ
അനുഷ്ഠിക്കുന്നതിന് പിന്നില്‍ മതപരമായ കാരണംതന്നെയാണ്.ചാരിറ്റി ഉപയോഗിക്കുന്ന
കൂട്ടായ്മകളെ പ്രവര്‍ത്തന രീതികളെ പരിശോധിക്കുക. ചിലര്‍ തങ്ങളുടെ വിശ്വാസപ്രമാണങ്ങളുടെ
പ്രചാരണത്തിന് വേണ്ടിയും , മറ്റു ചിലര്‍ സാമുഹികാന്തസ്സ് ഉയര്‍ത്തുന്നതിന് വേണ്ടിയും,
ഇനിയും ചിലര്‍ ധനസമ്പാദനത്തിനുള്ള മറയായിട്ടുമൊക്കെ പല വേഷത്തില്‍ ചാരിറ്റി പ്രവര്‍ത്തനം
അവതരിപ്പിക്കുന്നു. വിശ്വാസത്തിന്റെ പരിവേശഷമുണ്ടെങ്കില്‍ എളുപ്പം പണം ഊറ്റിയെടുക്കാന്‍
കഴിയുമെന്ന വസ്തുത കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഇവയോരോന്നും പ്രവര്‍ത്തിക്കുന്നത്.
ചാരിറ്റിയെക്കുറിച്ച് നിലനില്ക്കുന്ന
വിശ്വാസപരമായ ധാരണയും പരിവേഷവും മാറണം.ഒരാള്‍ക്ക് പരസഹായം സ്വീകരിക്കേണ്ടിവരുന്നത്
സാമൂഹികമായ കാരണങ്ങളാലാണെന്ന് ജനത തിരിച്ചറിയണം. ആ നിലയിലേക്ക് ഒരാള്‍
ചെന്നെത്തിയതിനു പിന്നില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയി നമുക്കും പങ്കുണ്ടെന്ന്
മനസ്സിലാക്കണം.മനുഷ്യത്വപരമായ കാരണങ്ങളാലാണ് നാം അവരെ സഹായിക്കുന്നത് ( സഹായം എന്ന
പദത്തില്‍ ഉദാരത ഔദാര്യം മുതലായവയുടെ ലാഞ്ചന പോലുമുണ്ടാകരുത് ) എന്ന ബോധ്യത്തിലാണ്
ഓരോ വ്യക്തിയും ചാരിറ്റിയെ കാണേണ്ടത്. വിശ്വാസത്തിന്റെ , മതത്തിന്റെ നിര്‍ദ്ദേശങ്ങളെ
പിന്‍പറ്റിക്കൊണ്ട് , സ്വര്‍ഗ്ഗ പ്രാപ്തിക്കുള്ള ഒരു കുറുക്കുവഴിയായി ചാരിറ്റി
ഉപയോഗിക്കപ്പെടരുത്. അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് മനുഷ്യകുലത്തിന്റെ തന്നെ
അന്തസ്സിനെ ഇടിച്ചുതാഴ്ത്തുമെന്ന വസ്തുത നാം തിരിച്ചറിയണം.
Comments