#ദിനസരികള്‍ 309


            ജീവിതം എന്തൊക്കെ ഇക്കിളികളിലൂടെ പിന്നാലെ പാഞ്ഞു രസിച്ചു പുളച്ചാലും ഒന്നിളവേല്ക്കവേ ശോകത്തിന്റെ ഒരു നേര്‍ത്ത പടലം നമ്മെ വന്നു മൂടാറില്ലേ? ബഹളങ്ങളുടെ കുത്തൊഴുക്കില്‍ നിന്ന് മാറി നാം നമ്മുടെ ആത്മാവിനോട് സല്ലപിക്കുന്ന അത്തരം അപൂര്‍വനിമിഷങ്ങളില്‍ , വ്യര്‍ത്ഥമായ  കര്‍മ്മങ്ങളുടെ ആകെത്തുകയെ അളന്നെടുക്കവേ അതൃപ്തിയുടെ ഒരു ശിഖരം പ്രത്യക്ഷപ്പെടാറില്ലേ ? വാരിക്കൂട്ടിയ ധനാഢ്യതകളുടെ ഉപരിശൃംഗങ്ങളിലിരുന്ന് ചുറ്റും കണ്ണോടിക്കുമ്പോഴാണ് തനിക്കു പ്രിയപ്പെട്ടതെല്ലാം തന്നില്‍ നിന്നും ഏറെ അകലെയാണല്ലോയെന്ന് നാം മനസ്സിലാക്കുകയും ഒന്നു നടുങ്ങുകയും ചെയ്യുക.ആ നടുക്കത്തില്‍ ഒരു ജീവിതകാലംകൊണ്ട് നേടിയെടുത്തവയെല്ലാം അസാധുവായിത്തീരുന്നു.അപ്പോഴാണ്
            അര്‍ത്ഥഭാണ്ഡങ്ങള്‍ തന്‍ കനം കുറഞ്ഞുപോകുന്നു , തോഴീ
            യിത്തനുകാന്തിതന്‍ വിലയിടിഞ്ഞിടുന്നു എന്ന തിരിച്ചറിവ് നമ്മുടെ ജാലകച്ചില്ലില്‍ മുട്ടി വിളിക്കുന്നത്. ലോലഭാവങ്ങളാല്‍ നിര്‍മിക്കപ്പെട്ട കണ്ണാടിമാളികയാണ് മനുഷ്യജന്മമെന്ന് കവികളും കല്പിച്ചിരിക്കുന്നു. ഒരേറു കിട്ടിയാല്‍ മതി ആകെപൊളിഞ്ഞടിഞ്ഞ് നിലംപതിക്കാന്‍. പക്ഷേ എല്ലുറപ്പിന്റെ ധിക്കാരവഴികളില്‍ നാം ആരേയും കൂസാറില്ല. മഞ്ഞുകാലം വരുമെന്നും തീറ്റ കരുതണമെന്നും കരുതാറില്ല. കൈയ്യൂക്കിന്റെ വലയത്തിലേക്ക് എല്ലാം വന്നു ചേരുമെന്ന് നാം സ്വമേധയാ ചിന്തിക്കുന്നു , ആഗ്രഹിക്കുന്നു. ആ ആഗ്രത്തിന്റെ ഫലമായി നാം നമ്മുടെ വീരസാഹസികത്വത്തെ സ്വര്‍ണഫലകങ്ങളില്‍ ആലേഖനം ചെയ്ത് മുടിയില്‍ ചൂടുന്നു. :-
My name is Ozymandias, King of Kings;
Look on my Works, ye Mighty, and despair!
അടുത്തെങ്ങും ഒരാളുമില്ലാത്ത അന്ധതാമിസ്രത്തിന്റെ നടുവില്‍ ഒരാളിങ്ങനെ തന്റെ സാമ്രാജ്യത്തെ അടയാളപ്പെടുത്തിക്കാണിക്കുമ്പോള്‍ ചിരി വരാറില്ലേ നിങ്ങള്‍ക്ക് ? ചിരിച്ചു പോകരുത്. കാരണം അയാള്‍ നിങ്ങള്‍ തന്നെയാണ്. ഫലിതം വരുന്ന ഓരോരോ വഴികളെക്കുറിച്ച് ആലോചിക്കുക. അത്രമാത്രം !
                        ലോകാനുരാഗമിയലാത്തവരേ നരന്റെ
                        ആകാരമാര്‍ന്നിവിടെ നിങ്ങള്‍ ജനിച്ചിടായ്‌വിന്‍ - എന്ന വചനത്തിന്റെ അര്‍ത്ഥവ്യാപ്തി അപാരമാണ്.
            അകര്‍മണ്യത വന്നുതീണ്ടാതിരിക്കുകയെന്നത് മറ്റൊരു വെല്ലുവിളിയാണ്. അവിദിതപരിണാമമൊക്കെയോര്‍ക്കില്‍ ശിവ ശിവ സര്‍വ്വമനാഥമീ ജഗത്തില്‍ എന്ന ചിന്ത മാറ്റിനിറുത്തേണ്ടതുതന്നെ. അപ്പോള്‍ ശരി ? ശരി! ഇനിയും കാണാം

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍