#ദിനസരികള്‍ 305
കെ പി അപ്പന് ഇഷ്ടപ്പെട്ട ഇരുപത്തിയഞ്ചു നോവലുകളെക്കുറിച്ചുള്ള
പഠനമാണ് ഫിക്ഷന്റെ അവതാരലീലകള്‍ എന്ന പുസ്തകം.നൂറു നോവലുകളെക്കുറിച്ച്
എഴുതാനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചിരുന്നതെങ്കിലും ഇരുപത്തിയഞ്ചിലെത്തി
നില്ക്കുകയാണുണ്ടായത്. നമ്മുടെ ആധുനിക നിരൂപകരില്‍ ഒന്നാമനായി നിന്നുകൊണ്ട്
മലയാളിയുടെ ഭാവുകത്വപരിസരങ്ങളെ തട്ടിക്കുടഞ്ഞുണര്‍ത്താന്‍ കെ പി അപ്പന്
കഴിഞ്ഞതുപോലെ മറ്റാര്‍ക്കുമായിട്ടില്ല എന്നത് വസ്തുതയാണ്. ”സ്വാതന്ത്ര്യത്തെ
സ്നേഹിക്കുന്ന വിമര്‍ശനത്തിന്റെ ലോകദര്‍ശനമാണ് ഞാനെന്റെ എഴുത്തില്‍ ലക്ഷ്യം
വെച്ചിരുന്നത്. അതിനാല്‍ മതത്തിനോ ജാതി ചിന്തകള്‍ക്കോ രാഷ്ട്രീയ
പ്രത്യയശാസ്ത്രങ്ങള്‍ക്കോ അവകാശപ്പെടാന്‍ കഴിയാത്തതായിരിക്കണം എന്റെ
സാഹിത്യവ്യക്തിത്വമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.വിമര്‍ശനം
അടിസ്ഥാനപരമായി മനുഷ്യന്റെ പേരില്‍ രൂപപ്പെടുത്തുന്ന ഒന്നായിരിക്കണം.ഒരു സാഹിത്യ
മാനവികത രൂപപ്പെടുത്താണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.എന്നാല്‍ ആത്യന്തികമായി
വിമര്‍ശനം എനിക്ക് ദാര്‍ശനിക മാനവികതയാണ്.(Philosophic Humanism) അതിനാല്‍
ഞാന്‍ മാനവിക ഗദ്യമെഴുതുന്നു” (ഫിക്ഷന്റെ
അവതാരലീലകള്‍, ഡി സി ബുക്സ് 2012 , പേജ് 20 ) എന്ന് കെ പി അപ്പന്‍ പറയുന്നത്
അദ്ദേഹത്തെ സംബന്ധിച്ച് ജീവിതാവസാനം വരെ പുലര്‍ത്തിപ്പോന്ന നിലപാടായിരുന്നു.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ
ക്ഷോഭങ്ങള്‍ക്കുപോലും അസാധാരണമായ സൌമ്യതയുണ്ടായിരുന്നു.
പുസ്തകത്തെക്കുറിച്ചുള്ള
കുറിപ്പുകള്‍ ആകര്‍ഷിക്കുന്നതുപോലെ ഓരോ അധ്യയങ്ങള്‍ക്കും കൊടുത്തിരിക്കുന്ന
പേരുകളും സവിശേഷമായ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഏതോ ഒരു വര്‍ഷം ഇന്ത്യാടുഡേയുടെ
സ്പെഷ്യല്‍ പതിപ്പില്‍ അപ്പന്റെ ഒരു ലേഖനമുണ്ടായിരുന്നു.അഴീക്കോടിന്റെ
അഭിമുഖമുണ്ടായിരുന്നതുകൊണ്ടാണ് ഞാനതു വാങ്ങിയതെങ്കിലും അപാരമ്പര്യത്തിന്റെ ഊര്‍ജ്ജപ്രവാഹം
എന്ന് തന്റെ ലേഖനത്തിന് അപ്പനിട്ട പേരും എന്നെ ആകര്‍ഷിച്ചിരുന്നു.അന്നുമുതല്‍
അപ്പന്‍ തന്റെ ലേഖനങ്ങള്‍ക്കു കൊടുക്കുന്ന പേരുകളെ ഞാന്‍
ശ്രദ്ധിച്ചിരുന്നു.ക്ഷോഭിക്കുന്നവരുടെ സുവിശേഷം , ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം
കൂട്ടുക , ബൈബിള്‍ വെളിച്ചത്തിന്റെ കവചം എന്നെല്ലാം തന്റെ പുസ്തകങ്ങള്‍ക്ക്
അപ്പനിട്ട പേരുകള്‍ നോക്കുക.ഈ പുസ്തകത്തിലെ ലേഖനങ്ങള്‍ക്കും അങ്ങനെ ചില ആകര്‍ഷിക്കുന്ന
പേരുകളുണ്ട് . ഒന്നാമത്തെ ലേഖനത്തിന്റെ പേര് ചരിത്രത്തിന്റെ ഉരുക്കുപോലെത്തെ
യുക്തി എന്നാണ്.യുലീസിസിനെക്കുറിച്ചുള്ള ലേഖനത്തിന് വായനയുടെ വിപത്സന്ധികളില്‍
വീണുപോകാതെ.... എന്നാണ് പേരിട്ടിരിക്കുന്നത്.മറ്റൊന്നിനാകട്ടെ കാപട്യങ്ങളെ
റദ്ദാക്കുന്ന വൈരുദ്ധ്യ സൌന്ദര്യം എന്നും
നോവല്‍
പഠനങ്ങള്‍ക്ക് മാതൃകയാണ് ഈ പുസ്തകം.എങ്ങനെയാണ് നോവലുകളെ തൊട്ടറിയേണ്ടതെന്നും
വിലയിരുത്തേണ്ടതെന്നും മനസ്സിലാക്കിത്തരുന്ന കൈചൂണ്ടി.അപ്പന്‍ ആഗ്രഹിച്ചിരുന്നതുപോലെ നൂറു
നോവലുകളെക്കുറിച്ചുള്ള ഒരു പഠനം പുറത്തു വന്നിരുന്നെങ്കില്‍ അത് മലയാളഭാഷക്ക്
കനത്ത ഈടുവെപ്പാകുമായിരുന്നുവെന്ന കാര്യത്തില്‍ സംശയത്തിന് അവകാശമില്ല.
Comments