#ദിനസരികള്‍ 308
#ദിനസരികള്‍ 308
||വയനാട്ടിലെ പോരാളികള്‍||
വേലപ്പന് മാസ്റ്റര്‍. തേറ്റമല കൃഷ്ണന് കുട്ടിയുടെ അനുജന്‍. കുറ്റ്യാടി പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ ഒന്നാം പ്രതി.ഇടതുപക്ഷ സാംസ്കാരിക വേദികളിലെ സാന്നിധ്യമായ വേലപ്പന് മാസ്റ്റര്‍ കടന്നുവന്ന വഴികളിലെ കനല്ച്ചൂട് ഇനിയും കെട്ടടങ്ങിയിട്ടില്ല. ആര്ജ്ജവമുള്ള ഒരു കമ്യൂണിസ്റ്റുകാരന്റെ കൃത്യമായ നിലപാടുകളെ , തന്റെ സൌമ്യമായ പ്രതികരണങ്ങളിലൂടെ മാസ്റ്റര്‍ ഇപ്പോഴും അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അസ്തമിച്ചു കൊണ്ടിരിക്കുന്ന , നട്ടെല്ലുള്ള ഒരു പാരമ്പരയിലെ അവസാനകണ്ണികളും ചങ്ങലയില്‍ നിന്നും അടര്ന്നുമാറിപ്പോകുന്നതിന് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.ഉള്ളുറപ്പുള്ള ഇത്തരം കണ്ണികളുടെ സാന്നിധ്യമാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ ചാലകശക്തിയായി വര്ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ് , പക്ഷേ നമുക്കിനിയും ഉണ്ടായിട്ടില്ലെന്നു മാത്രം.
പുല്പള്ളി സ്റ്റഷന് ആക്രമണം നടത്തി ഒരു വര്ഷമാകുമ്പോഴേക്കുമാണ് കുറ്റ്യാടി പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ കുന്നിക്കല്‍ നാരായണന്റെ നേതൃത്വത്തിലുള്ള നക്സലുകള്‍ തീരുമാനിക്കുന്നത്.ആ പടപ്പുറപ്പാട് ശരിയാണെന്ന് ന്യായീകരിക്കുകയല്ല മറിച്ച് നിസ്വരായ ഒരു വര്ഗ്ഗത്തിന്റെ ഉന്നമനത്തിനുതകുന്ന ‘നാളെ’കളെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തെയെങ്കിലും നാം അനുഭാവപൂര്ണം പരിഗണിച്ചേ മതിയാകൂ.മാര്ക്സിസത്തിന്റെ തെറ്റായ നടപ്പാക്കലുകളുടെ ഉദാഹരണങ്ങളായി വിലയിരുത്തപ്പെടുത്താമെങ്കിലും ജനാധിപത്യമാര്ഗ്ഗം സ്വീകരിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങള്ക്ക് ഇത്തരം നീക്കങ്ങള്‍ എങ്ങനെയൊക്കെ സഹായകരമായിട്ടുണ്ടെന്ന് വസ്തുനിഷ്ഠമായ പഠനങ്ങള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
ഏതായാലും കുറ്റ്യാടി സ്റ്റേഷന്‍ ആക്രമണം നക്സലുകള്‍ ഉദ്ദേശിച്ചതുപോലെ പൂര്ത്തിയായില്ല.ആക്ഷന് നേതൃത്വം കൊടുത്ത കോയിപ്പള്ളി വേലായുധന് പോലീസിന്റെ വെടിയേറ്റു മരിച്ചു. വയനാട്ടില്‍ നിന്നെത്തി നീക്കത്തില്‍ പങ്കാളിയായ വേലപ്പന് മാസ്റ്ററെ മാനന്തവാടിക്കടുത്ത് വെള്ളമുണ്ടയില്‍ നിന്നും പോലീസ് പിടികൂടി. നാദാപുരം പോലീസ് സ്റ്റേഷനിലെത്തിച്ച അദ്ദേഹത്തെ അതിക്രൂരമായി മര്ദ്ദിച്ചു.തോക്കിന്റെ പാത്തികൊണ്ടായിരുന്നു ആക്രമണം.സ്റ്റേഷനാക്രമണത്തില് പോലീസുകാര്ക്ക് പരുക്കുപറ്റിയത് മര്ദ്ദനത്തിന്റെ തീവ്രത കൂട്ടി.പിന്നീട് വടകര സബ് ജയിലില്‍ വേലപ്പന് മാസ്റ്റര്‍ റിമാന്റ് ചെയ്യപ്പെട്ടു.
സമരജീവിതത്തിന്റെ തീക്ഷ്ണമാര്ഗങ്ങളെ ഇനിയും വെടിഞ്ഞു കഴിഞ്ഞിട്ടില്ലാത്ത വേലപ്പന് മാസ്റ്റര്‍ ഇടതുപക്ഷത്തോടൊപ്പംതന്നെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. വിപ്ലവാവസാനം ആത്മീയതയിലേക്ക് കൂടുമാറ്റം നടത്തിയ അക്കാലത്തെ പല കലാപകാരികളും നമുക്കിടയില്‍ ഇടതുപക്ഷ മുന്നേറ്റങ്ങള്ക്ക് തുരങ്കം വെച്ചുകൊണ്ടു ജീവിച്ചുപോകുന്ന ഇക്കാലത്താണ് ഇടതുപക്ഷത്തെ പ്രമുഖപാര്ട്ടിയുടെ അംഗമായി വേലപ്പന് മാസ്റ്റര്‍ തന്റെ വഴി എന്നും കമ്യൂണിസത്തോടൊപ്പമാണെന്ന് പ്രഖ്യാപിക്കുന്നത്. അദ്ദേഹത്തെപ്പോലെയുള്ള വിളക്കുകള്‍ പൊഴിക്കുന്ന പ്രഭാപ്രസരത്തില്‍ നമ്മുടെ വഴികളെ ഇരുളുമൂടാതെ കാത്തുവെക്കേണ്ടതായ ബാധ്യത നമുക്കുണ്ട്. പുതുതലമുറക്ക് വേണ്ടത്ര പരിചയമില്ലാതെയാണ് സഖാവ് വര്ഗ്ഗീസിനൊപ്പം പടപൊരുതാനിറങ്ങിയ പി എസ് ഗോവിന്ദന് മാസ്റ്റര്‍ നമ്മെ വേര്പിരിഞ്ഞുപോയത്. ഇനിയും ചിലര്‍ മാത്രമാണ് ബാക്കി. മറവിയുടെ ഇരുളിലേക്ക് ചെന്നുവീഴുന്നതിന് മുമ്പ് വിപ്ലവകാലത്തെ അവരുടെ പോരാട്ടങ്ങളെ നാം അനുസ്മരിക്കുക ; അനുകരിക്കുകയില്ലെന്നുറപ്പിക്കാനെങ്കിലും.
Comments