#ദിനസരികള്‍ 310

 ആനകളുടെ മതമെന്താണ് എന്നന്വേഷിച്ചത് പഴയ വൈക്കം മുഹമ്മദ് ബഷീറാണ്.മനുഷ്യന്‍ വളര്‍ത്തുമ്പോള്‍ അവരുടെ മൃഗങ്ങള്‍ക്കും ജാതിയും മതവും വ്യവസ്ഥയും പേരും ഉണ്ടായിത്തീരുന്നു. എന്നെഴുതുന്നത് എം എന്‍ വിജയനാണ്.ലേഖനത്തിന്റെ പേര് മനുഷ്യനും മൃഗങ്ങളും.വളര്‍ത്തു മൃഗങ്ങള്‍ക്കു പേരിട്ടുകൊണ്ട് അതിനെ ജാതിയുടെ വരുതിയിലേക്കാനയിക്കുന്ന ഒരു സമൂഹമായി നമ്മള്‍ മാറിയിരിക്കുന്നു എന്ന നിരീക്ഷണം അത്ര പുതുമയുള്ളതല്ല. ഇതര മതസ്ഥരെ സൂചിപ്പിക്കുന്ന പേരുകളിട്ടതുകൊണ്ട് ക്ഷേത്രത്തിലേക്ക് ആനയെ പ്രവേശിപ്പിക്കാത്ത  കഥകള്‍ പോലും നാം കേട്ടുകഴിഞ്ഞു.ജാതി മത ചിന്തകളുടെ അന്ധമായ ഇടപെടലുകള്‍ക്ക് ഉദാഹരണമായാണ് നമുക്കിത് സൂചിപ്പിക്കാനാകുക. അതല്ലെങ്കില്‍ അന്ധമല്ലാത്ത ജാതീയമായ ഏതിടപെടലുകളുണ്ട് എന്നത് മറ്റൊരു ചോദ്യം. പഴയ ഒരു മന്ത്രി , മതപരമായ കാരണങ്ങളാല്‍ തന്റെ താമസസ്ഥലത്തിന് നിലവിലുള്ള പേരുമാറ്റി മറ്റൊരു പേരു സ്വീകരിച്ചുകൊണ്ട് സഗൌരവം ന്യായീകരണം നടത്തുന്നതും നാം കണ്ടിട്ടുണ്ട്.
            ഇതൊക്കെയും ഒരാധുനിക സമൂഹത്തിന് ചേര്‍ന്നതല്ല എന്നൊക്കെ നാം ഭംഗിവാക്കു പറയുമെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ ഉള്ളിലെ ജാതി ചിന്ത - ആവര്‍ത്തിച്ചു പറയട്ടെ ജാതി ചിന്ത - തോടുപൊട്ടിച്ച് പുറത്തേക്ക് എഴുന്നള്ളുന്നതു കാണാം. ആ എഴുന്നള്ളത്തിന് അകമ്പടി സേവിച്ചു കൊണ്ട് നിരവധിയായ ന്യായീകരണങ്ങളുടെ ഒരു പടയണിയെത്തന്നെ പലരും ഒപ്പം കൂട്ടാറുണ്ട്. അതിലൊന്ന് ഞാന്‍ നിങ്ങളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നില്ലല്ലോ പിന്നെ എന്തിനാണ് നിങ്ങളെന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്നത് എന്നതാണ്.ഏതൊരു വിശ്വാസിയെക്കൊണ്ടും ശരിയാണല്ലോ എന്ന് ചിന്തിപ്പിക്കാന്‍ കഴിയുന്നതാണ് ആ ചോദ്യം. അയാള്‍ നമ്മെ ഉപദ്രവിക്കുന്നില്ല , ആയതുകൊണ്ടു് അയാളെ നമ്മളും ഉപദ്രവിക്കണ്ട എന്നൊരു തീരുമാനം പിന്നാലെ വരുന്നു.ഈ പരസ്പര സഹായസഹകരണങ്ങളുടെ ഇടയില്‍ നിന്നുകൊണ്ടാണ് പാവം പുരോഗമനവാദി രണ്ടു കക്ഷികളില്‍ നിന്നും താഡനം ഏറ്റു വാങ്ങുന്നത്. അവനെ ആക്രമിക്കാന്‍ ഇരുകക്ഷികളും ഏതറ്റംവരേയും കൂട്ടുകൂടും എന്നതാണ് വസ്തുത.

            അതുകൊണ്ട് ഏതെങ്കിലും മതത്തിന്റേയോ ജാതികളുടേയോ സ്വൈരവിഹാരങ്ങള്‍ക്കെതിരെയുള്ള ഏതൊരു നീക്കത്തേയും മത ജാതി വൈതാളികന്മാര്‍ ഒറ്റക്കെട്ടായി നേരിടുന്ന സമകാല പരിതോവസ്ഥകളില്‍ ഇതുരണ്ടിലും പെടാത്തവര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.അവക്കെതിരെയുള്ള ആശയപ്രചാരണങ്ങളെ അസഹിഷ്ണുതയോടെ കാണുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം കുറഞ്ഞ അളവിലെങ്കിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പരസ്പരം ചാരി നിന്നുകൊണ്ടാണ് അന്യരെ അവര്‍ കല്ലെറിയുന്നത്.അതുകൊണ്ട് കരുതിയിരിക്കുക എന്നല്ല കരുതിയിരുന്നേ പറ്റൂ എന്നതാണ് അവസ്ഥ.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം