#ദിനസരികള്‍ 248

മാനന്തവാടി മത്സ്യമാര്‍ക്കറ്റില്‍ കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി നിലനില്ക്കുന്ന തൊഴില്‍‌പ്രശ്നം , കേവലമായ ഒരു പ്രാദേശികവിഷയം എന്നതിലുപരി , പ്രസ്തുത മേഖലയില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന തൊഴിലാളി സംഘടനകള്‍ ജനാധിപത്യപരവും ധാര്‍മികവുമായി സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. താല്ക്കാലികമായ ലാഭത്തിനും മുതലെടുപ്പിനും വേണ്ടി സി ഐ ടി യു ഒഴിച്ചുള്ള ഇതര തൊഴില്‍ സംഘടനകളെല്ലാം പതിവുപോലെ ഒരു കുടക്കീഴില്‍ അണിനിരന്നിരിക്കുന്നു.ബഹുഭൂരിപക്ഷം വരുന്ന സി ഐ ടി യുവിന്റെ പ്രവര്‍ത്തകരുടെ ആത്മബലം ഇല്ലാതാക്കാനും പൊതുസമൂഹത്തിനുമുന്നില്‍ അവരെ കരിപൂശിക്കാണിക്കാനും വേണ്ടി ‘യഥാര്‍ത്ഥ ഇടതുപക്ഷമെന്ന് നെറ്റിയില്‍ സ്റ്റിക്കറൊട്ടിച്ചു നടക്കുന്ന വിപ്ലവ പാര്‍ട്ടി’യടക്കമുള്ള സംഘടനകള്‍ ബി എം എസ് എസ് ഡി ടി യു മുതലായ വര്‍ഗ്ഗീയ സംഘടനകളുമായി കൈകോര്‍ത്തു പിടിച്ചിരിക്കുന്നു.

കാര്യത്തിലേക്ക് കടക്കുന്നതിന് ഒരല്പം കണക്കു പറയുന്നത് എന്താണ് സംഭവിക്കുന്നതെന്ന് കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാന്‍ സഹായിക്കും. മത്സ്യമാര്‍ക്കറ്റിലെ വിവിധ ട്രേഡ് യൂണിയനുകളുടെ അംഗബലം കാണുക :- SDTU -3 , STU - 17, CITU – 242, BMS – 0 , AITUC – 0, INTUC – 0. സി ഐ ടി യുവിന്റെ അംഗബലത്തിന്റെ പത്തു ശതമാനം പോലും മറ്റുള്ളവരുടെ ആകെ എണ്ണം വരുന്നില്ല.എന്നിട്ടും ഒരൊറ്റ അംഗം പോലുമില്ലാത്ത സംഘടനകളുടെ നേതൃത്തിലാണ് പുറമേ നിന്ന് ആളുകളെ കൊണ്ടുവന്ന് പ്രശ്നങ്ങളുണ്ടാക്കി മാര്‍ക്കറ്റിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളെ തുരങ്കം വെച്ച് സ്വന്തം കൂടാരത്തിലേക്ക് ആളെ കൂട്ടാന്‍ ശ്രമിക്കുന്നത്.അംഗബലമില്ലാത്ത ഐ എന്‍ ടി യുസി , എ ഐ ടി യു സി മുതലായ മതേതരരെന്ന് അവകാശപ്പെടുന്ന സംഘടനകള്‍ പോലും വര്‍ഗ്ഗീയ സംഘടനകളുടെ പിന്നില്‍ അണി നിരക്കുന്ന ദയനീയമായ കാഴ്ച നമുക്കിവിടെ കാണാം.

മത്സ്യവില്പനക്കുവേണ്ടി പുതിയ ആളുകളെ എടുക്കണമെന്ന ആവശ്യമാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം.ഫീല്‍ഡില്‍ മത്സ്യം വില്പനക്കു കൊണ്ടു പോകുകയും തോന്നിയപോലെ വിറ്റഴിച്ച് സ്വന്തം പോക്കറ്റ് നിറക്കുകയും ചെയ്യുന്ന , ആരോടും യാതൊരു വിധ ഉത്തരവാദിത്തവുമില്ലാത്ത ഒരു സംഘം കാരണം മുഴുവന്‍ മത്സ്യവില്പനത്തൊഴിലാളികളും പഴി കേട്ടിരുന്നു.അത്തരക്കാര്‍ക്ക് മത്സ്യം കൊടുക്കുന്നതു നിറുത്തണമെന്നും ജീവിക്കുവാനായി ഈ മേഖലയില്‍ പണിയെടുക്കുന്നവരുടെ തൊഴില്‍ സംരക്ഷിക്കണമെന്നുമാണ് സി ഐ ടി യുവിന്റെ ആവശ്യം. മാന്യമായി കച്ചവടം ചെയ്യുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത ആ സംഘടനക്കുണ്ട്.എന്നാല്‍ മാര്‍ക്കറ്റില്‍ വരുന്ന മുഴുവന്‍ ആളുകള്‍ക്കും മത്സ്യം വില്പനക്കായി വിതരണം ചെയ്യണമെന്നാണ് ഇതരയൂണിയനുകള്‍ വാദിക്കുന്നത്. പുതിയ ആളുകളെ തിരുകിക്കയറ്റി തങ്ങളുടെ യൂണിയന് അംഗബലം കൂട്ടാനുള്ള ശ്രമം മാത്രമാണിതെന്ന തിരിച്ചറിവ് നാട്ടുകാര്‍ക്കുണ്ട്. അത് അംഗീകരിക്കുകയാണെങ്കില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെ സഹായിക്കുന്ന നിലപാടായിപ്പോകും എന്നതാണ് വസ്തുത.പുതിയ ആളുകള്‍ക്കു വേണ്ടി ഇപ്പോള്‍ കച്ചവടം ചെയ്തുകൊണ്ടിരിക്കുന്ന ആളുകളുടെ തൊഴില്‍ ഇല്ലാതാക്കണം എന്ന ആവശ്യം ന്യായയുക്തവുമല്ല.

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് പല കക്ഷികളും ശ്രമിക്കുന്നത്.താല്ക്കാലിക ലാഭത്തിനുവേണ്ടി വര്‍ഗ്ഗീയ കക്ഷികള്‍ക്ക് ചൂട്ടുപിടിക്കുന്ന അത്തരം ആളുകള്‍ സത്യമെന്താണെന്ന് മനസ്സിലാക്കണം. നാടുമുഴുവന്‍ വര്‍ഗ്ഗീയ കോമരങ്ങള്‍ ഇളകിയാടിക്കൊണ്ടിരിക്കുന്ന ഈ കെട്ടകാലത്തില്‍ ജനാധിപത്യബോധമുള്ള ഒരാളും , ഒരു സംഘടനയും വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിലപാടും സ്വീകരിക്കരുത്.അത് സ്വയം ബോധ്യമായ ഉത്തരവാദിത്തമായി ഓരോ സംഘടനയും , അതില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും സ്വീകരിക്കണം.ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് ഫാസിസമെന്നൊക്കെ യഥാര്‍ത്ഥ ഇടതുപക്ഷത്തിന്റെ വക്താക്കള്‍ പറയുന്നതുകേട്ടു. ഫാസിസം എന്താണെന്ന് മനസ്സിലാക്കാനുള്ള സൌമനസ്യമെങ്കിലും അത്തരക്കാര്‍ കാണിക്കണം. അവര്‍ സ്വയമതിനു തയ്യാറാകുന്നില്ലായെങ്കില്‍ നേതൃത്വം അവരെ പഠിപ്പിച്ചുകൊടുക്കുകയെങ്കിലും ചെയ്യണം.ചുരുങ്ങിയ പക്ഷം ഫാസിസമെന്താണെന്ന് മനസ്സിലാക്കാനുള്ള ബോധമെങ്കിലും ഈ വിഷയവുമായി ബന്ധപ്പെട്ട് അത്തരക്കാര്‍ക്ക് ഉണ്ടാകട്ടെ എന്നാശംസിക്കാം.



ജനങ്ങളെ കൊള്ളയടിക്കാനും ചൂഷണം ചെയ്യാനുമുള്ള ശ്രമത്തിനെതിരെ സി ഐ ടിയു നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക എന്നത് നാടിന്റെ ആവശ്യമാണ്. സ്വന്തം സംഘടനകള്‍ക്ക് ആളെ ചേര്‍ക്കാനുള്ള ഒരു സാധ്യതയല്ല , മറിച്ച് മാന്യമായി കച്ചവടം നടത്തി ജീവിക്കാനുള്ള ഒരവസരമായി വേണം മാര്‍ക്കറ്റിനെ കാണാന്‍. അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കി മാര്‍ക്കറ്റ് അനിശ്ചിതമായി അടച്ചിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കാനാണ് ഒരു പറ്റം കക്ഷികള്‍ ശ്രമിക്കുന്നത്. നൂറുകണക്കിന് ആളുകളെ ജീവിതങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അത്തരം നീക്കങ്ങളില്‍ അവര്‍ പിന്മാറുകയും മത്സ്യമാര്‍ക്കറ്റ് സുഗമമായി പ്രവര്‍ത്തിക്കുവാനുള്ള അവസരമുണ്ടാകുകയും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം