#ദിനസരികള്‍ 246


ചോദ്യം :- ഏകദൈവവിശ്വാസമാണോ ബഹുദൈവവിശ്വാസമാണോ ശരി?
ഉത്തരം :- എന്താണ് ഏകദൈവവിശ്വാസവും ബഹുദൈവവിശ്വാസവും ?
ചോദ്യം :- ഈക്കാണായ പ്രപഞ്ചത്തെയാകമാനം സൃഷ്ടിച്ച് കാത്തുപരിപാലിച്ചു പോരുന്നത് ഏകനും സര്‍വ്വശക്തനുമായ ഒരൊറ്റ ദൈവമാണെന്ന വിശ്വാസമാണ് ഏകദൈവവിശ്വാസം.മറ്റേതാകട്ടെ ഒന്നല്ല ഒരുപാടു ദൈവങ്ങള്‍ ഉണ്ട് എന്ന വിശ്വാസവും. ഇതില്‍ യുക്തികൊണ്ടും വിശ്വാസംകൊണ്ടും ഏതാണ് ശരി എന്നതാണ് ചോദ്യം.
ഉത്തരം :- രണ്ട് അസംബന്ധങ്ങളെ എടുത്തുവെച്ചുകൊണ്ട് ഏത് അസംബന്ധമാണ് കൂടുതല്‍ ശരി എന്നു ചോദിച്ചാല്‍ എന്താണ് ഉത്തരം പറയുക? ഒരു തെറ്റിനു പകരം മറ്റൊരു തെറ്റിനെ കൂടുതല്‍ യുക്തിസഹമാണെന്ന് വ്യാഖ്യാനിച്ചു സമര്‍ത്ഥിച്ചെടുക്കുന്നതില്‍ എന്തു നേട്ടമാണ് ഉള്ളത് ?
ചോദ്യം :- നിങ്ങള്‍ യുക്തിവാദി കളിക്കരുത്. ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെന്ന കാര്യം അനാദികാലം മുതല്‍ വിശ്വസിച്ചുപോരുന്നതാണ്. നിങ്ങളെക്കാള്‍ വിവരമുള്ള എത്രയോ ആളുകള്‍ ആ വിശ്വാസത്തെ മുറുകെപ്പിടിക്കുന്നു? പിന്നെ നിങ്ങള്‍‍ക്കെന്താ ഇത്ര അസഹിഷ്ണുത?
ഉത്തരം :- പ്രിയപ്പെട്ട സുഹൃത്തേ , നിങ്ങള്‍ എന്നോടു എന്റെ അഭിപ്രായമാണല്ലോ ചോദിക്കുന്നത്? എനിക്കു മുമ്പും പിമ്പും പ്രഗല്ഭരായ എത്രയോ ആളുകള്‍ വിശ്വാസികളായിട്ടുണ്ട്. വിശ്വാസികളല്ലാത്തവരും ധാരാളമുണ്ടല്ലോ? ഞാന്‍ അവരുടെ നാവെടുത്ത് എന്റെ വായില്‍ വെക്കാറില്ല. നിങ്ങള്‍ ചോദിച്ചത് അസംബന്ധമാണെന്നത് എന്റെ അഭിപ്രായമാണ്. അത് ഞാനല്ലാതെ മറ്റാരാണ് പറയേണ്ടത് ? എത്രയോ കാലമായി വിശ്വാസത്തിന്റെ പേരിലും മറ്റും നിലനിന്നിരുന്ന എത്രയോ വിവരക്കേടുകള്‍ , തെറ്റുകള്‍ നാം തിരുത്തിപ്പോന്നിട്ടുണ്ട് ? ആ തിരുത്തല്‍ സ്വാഭാവികമാണ്.പണ്ട് തിളച്ച എണ്ണയില്‍ കൈമുക്കി സത്യം തെളിയിക്കുന്നത് ഒരു വിശ്വാസത്തിന്റെ ഭാഗമായിരുന്നു . ഇപ്പോള്‍ കടുത്ത മതവിശ്വാസി പോലും അത് അംഗീകരിക്കില്ലല്ലോ.
ചോദ്യം :- നിങ്ങള്‍ ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഇല്ലെന്നാണോ പറയുന്നത് ? ഇതൊക്കെ താനേ ഉണ്ടായിവന്നുവെന്നാണോ?
ഉത്തരം :- ഈക്കളി ഞാന്‍ പണ്ടേ കുറേ കളിച്ചതാണ്. ഇനിയും അതിന്റെ പിന്നാലെ പോയി ഉണ്ട് ഇല്ല എന്നു വാദിച്ചു സമയം കളയാനില്ല.
ചോദ്യം :- അത് പണ്ടേ അങ്ങനെത്തന്നെയാണ്.നിങ്ങളെപ്പോലെയുള്ള യുക്തിവാദികള്‍ വിശ്വാസികളുടെ മുന്നില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെയാകുമ്പോള്‍ ഇതുപോലെ പലതും പറഞ്ഞ് തടിയൂരാറുണ്ട്.നിങ്ങളും അതു ചെയ്യുന്നുവെന്നുമാത്രം. നിങ്ങളുടെ ഓരോ പൊട്ടശാസ്ത്രജ്ഞന്മാരും പറയുന്നതു കേട്ട് അതാണ് ശരിയെന്നും വിചാരിച്ചിരിക്കുമ്പോള്‍ വേറൊരുത്തന്‍ വന്ന് മറ്റൊന്നാണ് ശരി എന്നു പറയും. നിങ്ങളപ്പോള്‍ ആദ്യത്തേതിനെ വിട്ട് രണ്ടാമത്തേതിന്റെ പിന്നാലെ പോകും. അപ്പോള്‍ മൂന്നാമന്‍ വന്ന് രണ്ടാമത്തേതിനെ തിരുത്തും. ശാസ്ത്രത്തില്‍‌പ്പോലും നിങ്ങള്‍ക്ക് വിശ്വാസമില്ലല്ലോ.
ഉത്തരം :- നിങ്ങള്‍ ശരിയായ ആരോപണമാണ് ഉന്നയിക്കുന്നത്.ശാസ്ത്രം എന്നും ശ്രമിക്കുന്നത് ഒരു കാര്യം തെറ്റാണെന്ന് തെളിയിക്കാനാണ്.ശാസ്ത്രം നിരന്തരം പരീക്ഷണങ്ങള്‍ നടത്തുന്നത് അക്കാലം വരെ ശരിയെന്നു കരുതിയിരുന്നവ തെറ്റാണെന്ന് തെളിയിക്കാനാണ്.ശാസ്ത്രത്തിന് ഒരു പിടിവാദവുമില്ല. എച്ച് ടു ഒ ലോകത്തെവിടേയും വെള്ളമാണ്. അങ്ങനെയല്ലെന്ന് നിങ്ങള്‍ തെളിയിച്ചാല്‍ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഈ ശാസ്ത്രമായിരിക്കും.ഭൂമി കറങ്ങുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. ഇല്ല എന്ന് തെളിയിക്കാമെങ്കില്‍ ശാസ്ത്രം നിങ്ങള്‍ക്ക് നൊബേല്‍ സമ്മാനം തരും. ശരികളുടെ പിന്നാലെയല്ല തെറ്റുകളുടെ പിന്നാലെയാണ് ശാസ്ത്രം പോകുന്നത്.വിശ്വാസമാണെങ്കിലോ ? നിങ്ങള്‍ ഏതു വിശ്വാസത്തിലാണോ ജീവിക്കുന്നത് ആ വിശ്വാസം ഉണ്ടായ നാളുമുതല്‍ ഒരു വ്യത്യാസവും വരുത്താതെ അതുമാത്രമാണ് ശരിയെന്ന് വാദിച്ചും പറഞ്ഞും  കഴിഞ്ഞുകൂടുകയാണ്. ഇഹലോകത്തിന്റേയും പരലോകത്തിന്റേയും കഥകള്‍ പറഞ്ഞ് ആളുകളെ ഭയപ്പെടുത്തി കൂടെ നിറുത്തുന്നു.നിങ്ങള്‍ക്കുതന്നെ ശരിയെന്നുറപ്പില്ലാത്തതിനെ നിങ്ങള്‍ മറ്റാളുകളിലേക്ക് അടിച്ചേല്പിക്കുന്നു. അസഹിഷ്ണുത നിറഞ്ഞ ദൈവവചനങ്ങളെ പ്രചരിപ്പിക്കുന്നു..
ചോദ്യം :- മതി മതി നിറുത്ത് ..നിങ്ങളെപ്പോലുള്ളവരോട് സംസാരിക്കാന്‍ വന്ന എന്നെ വേണം തല്ലാന്‍.. ശരി ബൈ..


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം