#ദിനസരികള്‍ 244

കവി വിനയചന്ദ്രനെക്കുറിച്ചുള്ള ഓര്‍മകളുടെ പുസ്തകത്തില്‍ പി  കെ രാജശേഖരന്‍ , വാക്കുകളെയെന്നപോലെ സ്വന്തം ജീവിതത്തേയും അപരിചിതമായ വഴികളില്‍ ഊരുചുറ്റാന്‍ വിട്ട കവിയായിരുന്നു വിനയചന്ദ്രന്‍ എന്നെഴുതുന്നത് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ശരിയാണെന്ന് സമ്മതിക്കാവുന്ന പ്രസ്ഥാവനയാണ്. വിനയചന്ദ്രന്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ അദ്ദേഹത്തിന്റെ കവിതകളല്ല തെളിയാറുള്ളത്, മറിച്ച് അലയാന്‍ അനുവദിച്ച് ലോകത്തിന്റെ ഏതേതൊക്കെയോ വഴികളിലേക്ക് വലിച്ചെറിയപ്പെട്ട ഒരവധൂതനാണ്.അതുകൊണ്ടുതന്നെ പി . സമസ്തകേരളം പി ഒ എന്ന വിഖ്യാതമായ പ്രയോഗത്തിന്റെ മുഴുവന്‍ അര്‍ത്ഥപരിസരങ്ങളേയും ഡി വിനയചന്ദ്രനിലേക്ക് നമുക്കു ആവാഹിച്ചെടുക്കാന്‍ കഴിയുമെന്ന് പി കെ രാജശേഖരനൊപ്പം സമ്മതിക്കേണ്ടിവരും.വിനയചന്ദ്രനെക്കുറിച്ചുള്ള ഓര്‍മകളെ പ്രദീപ് പനങ്ങാട് ശേഖരിച്ച് ഓര്‍മപുസ്തകം എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
            പോവുകയാണല്ലോ ഞാന്‍
            നീ വരുന്നുണ്ടോ കൂടെ
            പോരുകിലൊരുമിച്ചു തുടങ്ങാം ഭിക്ഷാടനം
            ഒരുമിച്ചോരോ വീടും കയറാം
            ഓരോ നാടുമൊരുപോല്‍ കാണാം
            പോകും ഗ്രാമവീഥികള്‍ തോറും
            ഒരു പോല്‍ നിഴല്‍ പാകാം
            വെയിലില്‍ തണല്‍ പറ്റി മരുവാം
            ദാഹം തീര്‍ക്കാം
            പറയാം നിനക്കേറെ
            പൂര്‍വ്വകാലത്തെ പ്രേമകഥകള്‍ - കവി ക്ഷണിക്കുന്നത് ആരേയുമാകാം. കൂടെച്ചെല്ലണമെന്ന നിര്‍ബന്ധമൊന്നുമില്ല. ചെന്നാല്‍ ഇത്രയൊക്കെയേ ഉണ്ടാകൂ എന്ന മുന്നറിയിപ്പുമുണ്ട്. ഇത്രയൊക്കെയേ എന്ന് ഞാന്‍ എഴുതുന്നത് , ഇതിനപ്പുറത്തുള്ള എന്തെങ്കിലുമൊക്കെയാണ് ജീവിതം എന്ന പ്രതീക്ഷയിലാണ്. പക്ഷേ ഇത്രയൊക്കെയേ ഉള്ളൂ എന്നതാണ് സത്യമെന്ന് ഒരു നാള്‍ എല്ലാവരും തിരിച്ചറിയും. അന്നു , കൂടെച്ചെല്ലാത്തതിന് സ്വയം പരിതപിക്കുവരുടെ തോളില്‍ത്തട്ടി കവി പറയും സാരമില്ല
            ജീവിതമാകെ ഒരു യാത്രപോലെ ആസ്വദിച്ച വിനയചന്ദ്രനെക്കുറിച്ചുള്ള ഓര്‍മകളുടെ ഈ സമാഹാരത്തില്‍ സക്കറിയയും സച്ചിദാനന്ദനും ബി രാജീവനും ആഷാമേനോനും ദേശമംഗലം രാമകൃഷ്ണനും കുരീപ്പുഴ ശ്രീകുമാറും കെ എസ് രവികുമാറുമൊക്കെ എഴുതുന്നുണ്ട്.
ഇക്കൊച്ചുമക്കളും പൂഴിയും പൂക്കളും
            പച്ചിലക്കുമ്പിളും മേഘനിശ്വാസവും
            എന്റെയെന്നുള്ളോരലിവും അഗാധത്തില്‍

എന്റെയെന്നില്ലെന്ന നിര്‍‌വേദചിന്തയുടെ പൊരുളുകളെ ആശ്ലേഷിച്ചു ജീവിച്ചുകടന്നുപോയ വിയനചന്ദ്രന്റെ ആത്മാവിനെ ഈ പുസ്തകത്തില്‍ അടക്കം ചെയ്തിരിക്കുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1