#ദിനസരികള്‍ 247
1939 ല്‍ എം ഗോവിന്ദന്‍ ഫാസിസം എന്ന പേരില്‍
ഒരു ലേഖനം എഴുതിയിട്ടുണ്ട്.പ്രസ്തുത ലേഖനത്തില്‍ നിന്നും ചില ഭാഗങ്ങള്‍
ഉദ്ധരിക്കട്ടെ :- “ഫാസിസത്തെപ്പറ്റി
വലിയ മതിപ്പുള്ള ഒരു വിഭാഗം കോണ്‍ഗ്രസിലുണ്ട്.ഹിറ്റ്‌ലറേയും മുസ്സോളിനിയേയും അവര്‍
പുകഴ്ത്തിപ്പറയുകയും അനുകരിക്കത്തക്കവരാണെന്നു തെളിവായി നമ്മോടു ശുപാര്‍ശ
ചെയ്യുകയും ചെയ്യുന്നു.ഈയിടെ –
അഞ്ചാറുമാസങ്ങള്‍ക്കു മുമ്പ് –
രാജഗോപാലാചാരി തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു പ്രസംഗത്തില്‍ ഹിറ്റ്‌ലറെ
അനുകരിക്കണമെന്ന് ഉപദേശിക്കുകയുണ്ടായി.സര്‍ദാര്‍ പട്ടേല്‍ താന്‍ ഹിറ്റ്‍ലറിനും
മേലെയുള്ള ഒരാളാണെന്ന് പല തവണ ഉദ്‌ഘോഷിച്ചിട്ടുണ്ട്.”
“ഗാന്ധിസവും
ഫാസിസവും തമ്മില്‍ ആന്തരികമായ ചില അടുപ്പങ്ങളുണ്ട്.അവയെന്താണ് ? നാസി
തത്വശാസ്ത്രം ഇതാണ്. –
ഹിറ്റ്‍ലര്‍ ദിവ്യനായ ഒരാളാണ്.രാഷ്ട്രത്തെക്കാളും മേലെയാണ് അദ്ദേഹം, എല്ലാ
പ്രജായത്തനിയമങ്ങള്‍ക്കും മേലെ,
ദൈവത്തിനും യേശുവിനും മേലെയാണ്.അന്ധവിശ്വാസപരമായി ജര്‍മന്‍കാര്‍ അജ്ഞാതമായ
ഒരു ദിവ്യത്വത്തിന്റെ മൂര്‍ത്തീകരണമാണ് ഹിറ്റ്‌ലര്‍ എന്നു വിശ്വസിക്കുന്നതിന്
നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുന്നു.ഹിറ്റ്‍ലറെ ഒരു പാതി ദൈവമായി
വ്യാഖ്യാനിച്ച് അതിന് അടിസ്ഥാനങ്ങളായ ചിന്താഗതികള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.ദൈവത്തിന്റെ
അവതാരമാണ് ഹിറ്റ്‍ലര്‍ എന്നു തുടങ്ങിയ പ്രചരണവേലകള്‍ ജര്‍മ്മനിയില്‍ സര്‍വത്ര
നടന്നുവരുന്നു.
എന്നാല്‍
നമ്മുടെ മഹാത്മാഗാന്ധിയുടെ തത്വശാസ്ത്രമെന്താണ് ? ശരിക്കു പറഞ്ഞാല്‍ രണ്ടുപേര്‍ക്കും
ഹിറ്റ്‌ലര്‍ക്കും ഗാന്ധിക്കും തത്ത്വചിന്താ സംഹിതയില്ലതന്നെ.എന്തോ ഒന്നിനെ അങ്ങിനെ
പറയപ്പെടുന്നു.അതെന്താണെന്നാരായുക. സത്യവും അഹിംസയുമാണ് ഗാന്ധിസത്തിലെ സജീവമായ
ഉന്നങ്ങളെന്ന് പറയുന്നു. വാസ്തവത്തില്‍ അവ ലക്ഷ്യങ്ങളല്ല ; ഉപകരണങ്ങളാണ്.
ട്രസ്റ്റിഷിപ്പിന്റേയും മാനസാന്തരത്തിന്റേയും മറ്റും സ്വാധീനശക്തിയുള്ള മതപരമായ
ഒരു രാഷ്ട്രം നിര്‍മ്മിക്കുകയാണ് ഗാന്ധിസത്തിന്റെ ലക്ഷ്യം. ആപത്കരവും
വ്യാമോഹപരവുമായ ചില തത്ത്വങ്ങള്‍ മൂലം അദ്ദേഹം ഒരു പിടി ചൂഷകന്മാരുടെ
സഹായിയാകുകയും മര്‍ദ്ദിതകോടികള്‍ക്ക് ആത്മഹത്യാപരവും ഉപദ്രവകരമവുമായ ഉപദേശം
നല്കുകയും ചെയ്യുന്നു.നാസി തത്വചിന്തപോലെ ഗാന്ധിസത്തിനും യുക്തിവാദപരമായ ഒരു
തത്ത്വശാസ്ത്രമില്ല.”
ഫാസിസം
വളര്‍ന്നു വന്ന വഴികളെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ ഗോവിന്ദന്‍
ചൂണ്ടിക്കാണിക്കുന്ന ഘടകങ്ങള്‍ വേണ്ട ഉള്‍ക്കാഴ്ചയോടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടോ
എന്ന് സംശയമാണ്.അത്തരമൊരു പഠനത്തിന് സമകാലികഭാരത്തില്‍ വളരെയേറെ
പ്രാധാന്യമുണ്ട്.റൊമെയിന്‍ റോളണ്ടിനെ ഉദ്ധരിച്ചുകൊണ്ടാണ് പ്രസ്തുത ലേഖനം
അവസാനിപ്പിക്കുന്നത് :- ഫാസിസം
എങ്ങും വിജയപ്രമത്തതയോടെ വെണ്‍മഴുവും പൊക്കിപ്പിടിച്ചു നടക്കുന്നുണ്ട് , പുല്‍ക്കൂട്ടത്തില്‍ പാമ്പുകളെന്നപോലെ
, പെട്ടെന്നു കാണ്‍മാന്‍ വയ്യാത്തവിധം ചിലേടത്ത് ഒളിഞ്ഞിരിക്കുന്നുവെന്നു മാത്രം.”
Comments