#ദിനസരികള്‍ 243
#ദിനസരികള്‍
243
“ജി ശങ്കരക്കുറുപ്പ് വിമര്ശിക്കപ്പെടുന്നു “ എന്ന പുസ്തകം മലയാളത്തിലെ ഖണ്ഡനവിമര്ശന രംഗത്തെ പ്രകാശഗോപുരമാണ്. ധാരാളം വിമര്ശന ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ പുസ്തകംപോലെ , ഒരു കവിയെ ഇത്ര സൂക്ഷ്മതയോടെ പരീക്ഷിക്കുകയും നിഗമനങ്ങളിലെത്തുകയും ചെയ്ത മറ്റൊരു ഗ്രന്ഥം നമ്മുടെ സാഹിത്യരംഗത്ത് നാളിതുവരെ ഉണ്ടായിട്ടില്ലെന്ന കാര്യം പുസ്തകം ഉന്നയിക്കുന്ന അഭിപ്രായങ്ങളില്‍ എതിര്‍പ്പുള്ളവരും അംഗീകരിച്ചെന്നു വരും.ജീയുടെ കവിതകളെ കീറിമുറിച്ച് വിലയിരുത്തി രംഗത്തിറക്കി വിട്ട ആ പുസ്തകം ജി വെറും നിഴലായിരുന്നെന്ന് സ്ഥാപിച്ചെടുക്കാന്‍ തീവ്രമായി ശ്രമിക്കുന്നുണ്ടെന്നു മാത്രമല്ല , അതില്‍ ഒട്ടേറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്.പക്ഷേ ഇക്കാലത്തിരുന്നുകൊണ്ട് , അഴീക്കോട് വിഷാദിക്കുന്നതുപോലെ , നിഴലായിരുന്നെന്നോ സ്നേഹധാരമാ രൂപം ? എന്ന ചോദ്യം നാം ഉന്നയിക്കുകയും അതിന്റെ ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നത് , ഈ കുറിപ്പില്‍ ഞാനതിന് ശ്രമിക്കുന്നില്ലെങ്കില്‍ കൂടി , ചരിത്രപരമായ ഒരാവശ്യമാണെന്ന് കരുതുന്നു.
ഞാനിവിടെയുദ്യമിക്കുന്നത്, സാഞ്ജലി എന്നു ഞങ്ങള്‍ പേരിട്ട ഞങ്ങളുടെ കുഞ്ഞ് ഈ ലോകത്തോടു മുഴുവന്‍ കൈകാലിളക്കി പരിചയം കാണിക്കുന്നതുകണ്ടപ്പോള് എന്റെ മനസ്സിലേക്ക് കയറി വന്ന ജിയുടെ ഓമന എന്ന കവിതയെക്കുറിച്ച് സൂചിപ്പിക്കുവാനാണ്.പ്രേമത്തിനെ , പ്രണയത്തിനെ, സ്നേഹത്തിനെ കാവലായി നിറുത്തിയാല് ആ വലയം വിച്ഛേദിക്കാന്‍ ആരാലും കഴിയില്ല എന്ന കല്പന ഒരു വശത്തും എന്റെ എന്റെ എന്ന മമതയില്‍ നിന്നെ കെട്ടിയിടുകയും വെട്ടിച്ചുരുക്കുകയും ചെയ്തുകൊണ്ട് വിശാലമായ ലോകത്തിന്റെ സ്നേഹവും കരുണയും അനുഭവിക്കുന്നതില്‍ നിന്ന് കുഞ്ഞിനെ തടയുന്നത് സ്വാര്‍ത്ഥമാണെന്ന ചിന്ത മറുവശത്തും ഒരു പോലെ വിലസിനില്ക്കുന്ന അക്കവിത , അതുന്നയിക്കുന്ന രണ്ടു വിരുദ്ധ നിലപാടുകളുടെ സങ്കര്ഷംകൊണ്ടുതന്നെ എനിക്ക് അതിമനോഹരമായിത്തോന്നി.കവിതയെക്കുറിച്ച് അധികമൊന്നും ഉപന്യസിക്കാതെ അതുമുഴുവനായിത്തന്നെ ഇവിടെ പകര്ത്തിവെച്ചുകൊണ്ട് ഞാന്‍ പിന്മാറട്ടെ
ഓമനേ നിന്നെപ്പരിചയമില്ലാതെ
യി മഹാവിശ്വത്തിലാരുമില്ലത്ഭുതം
രാവിലെ നിന്നെയെടുത്തുമ്മറത്തെത്തി
മേവിടും നേരമാ വെള്ളി നക്ഷത്രവും
പുഞ്ചിരി തൂകുന്ന നിയും പരസ്പരം
കണ്ചിമ്മിയെന്തോ പറവതു കണ്ടു ഞാന്‍
പേടിയാണക്കൊച്ചനുജന് വിളിച്ചുകൊ
ണ്ടോടിക്കളയുമോ കണ്ണിന് വെളിച്ചമേ !
പ്രേമത്തിനെത്തന്നെ കാവലായ് നിര്ത്തുവന്‍
ഓമനയെങ്ങനെ പോമെന്നു കാണണം
ഓമനേ നിന്നെയെടുക്കാന്‍ കൊതിക്കാതെ
യി മഹാവിശ്വത്തിലാരുമില്ലത്ഭുതം
അമ്പിളിതന്നെയും താഴത്തുവെച്ചതാ
കുമ്പിട്ടു നില്പു ചിരിച്ചുകൊണ്ടംബരം
ചെങ്കുരുന്നംഗുലികൊണ്ടലിവോടിതാ
നിന് കുളിര് നെറ്റി തലോടുന്നു പൊന്‍വെയില്‍
ഫുല്ലപുഷ്പത്താല് ചിരിപ്പിച്ചുകൊണ്ടിളം
ചില്ലയാം കൈ നീട്ടി നില്ക്കുന്നു മല്ലിക
നിന്നെ മമത്വച്ചരടു മുറുക്കി ഞാന്‍
നന്നെ നോവിച്ചു പോയെങ്കില്‍ ക്ഷമിക്കുക !
Comments