#ദിനസരികള്‍ 245

ഒരമ്മ , മരിച്ചു കിടക്കുന്ന മകന്റെ നെഞ്ചത്തു കൈവെച്ചുകൊണ്ട് ദൈവത്തിന്റെ മഹത്വം വാഴ്ത്തുന്ന ഒരു വീഡിയോ ഞാനിന്നലെ കണ്ടു.തീര്‍ത്തും നിസ്സഹായനായ മനുഷ്യന്റെ സഹതാപാര്‍ഹമായ മുഖങ്ങളിലൊന്നാണ് ആ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ മകന്‍ / മകള്‍ മരിക്കുക എന്നതില്‍ക്കവിഞ്ഞൊരു വേദന ഒരമ്മക്കു വേറെയുണ്ടാകുമോ? എന്നിട്ടും തികഞ്ഞ മനസ്സാന്നിധ്യത്തോടെആ അമ്മ മിനിട്ടുകളോളം തന്റെ മകനെക്കുറിച്ചു് സംസാരിച്ചു. ആ പ്രസംഗത്തിലുടനീളം അവര്‍ വാഴ്ത്തിക്കൊണ്ടിരുന്നത് , ഇരുപത്തിയഞ്ചു വയസ്സുവരെ തനിക്ക് തന്റെ മകനെ അനുവദിച്ചുതന്ന ദൈവത്തിന്റെ വലിയ മനസ്സിനെയായിരുന്നുവെന്ന് കേട്ടവര്‍ക്കറിയാം. ദൈവം തന്നു, നിശ്ചയിച്ച സമയത്ത് തിരിച്ചെടുത്തു. അദ്ദേഹത്തിന്റെ ഇച്ഛ നടപ്പിലാക്കിയതില്‍ ആരും സങ്കടപ്പെടേണ്ടതില്ലെന്നും ഇതിലും വലുതെന്തോ അപ്പുറത്ത് അദ്ദേഹം മകനുവേണ്ടി കരുതിവെച്ചിരിക്കാമെന്നുമുള്ള പ്രതീക്ഷയും ആയമ്മ പങ്കുവെച്ചു. മകന്‍ മരിച്ചുപോയ ഒരമ്മയുടെ വേദനയോട് ഹൃദയംകൊണ്ട് അനുതാപം പ്രകടിപ്പിച്ചുകൊള്ളട്ടെ!
നമ്മില്‍ എത്ര പേര്‍ക്ക് ആ അമ്മയെപ്പോലെ പെരുമാറാനുള്ള മനസ്സാന്നിധ്യമുണ്ടാകും ? അല്ലെങ്കില്‍ അങ്ങനെയാണോ ഓരോ മരണങ്ങളോടും ജനനങ്ങളോടും ജീവിതത്തിന്റെ ഇതര മുഹൂര്‍ത്തങ്ങളോടും മനുഷ്യനെന്ന നിലയില്‍ നാം പ്രതികരിക്കേണ്ടത് ? സവിശേഷമായ സാഹചര്യങ്ങളുടെ പിതൃത്വം ദൈവത്തിങ്കലേക്ക് പതിച്ചുകൊടുത്തുകഴിഞ്ഞാല്‍പ്പിന്നെ ഓരോ വൈകാരിക നിമിഷങ്ങള്‍ക്കും പ്രസക്തിയെന്ത് ? തെരുവില്‍ പിച്ചതെണ്ടി ജീവിതം തള്ളി നീക്കുന്നതും കൊട്ടാരം വിട്ടിറങ്ങി ശ്രീബുദ്ധനാകുന്നതും ലോകം കീഴടക്കാന്‍ വെമ്പിപ്പുറപ്പെട്ട അലക്സാണ്ടറുടെ ദിഗ്വിജയങ്ങളിലും ദൈവത്തിന്റെ ഇച്ഛയാണ് പ്രതിഫലിക്കുന്നതെങ്കില്‍ മനുഷ്യനും അവന്റെ കര്‍മ്മകുശലതക്കും എന്താണ് പ്രാധാന്യം? ഓരോ നിമിഷങ്ങളേയും നിയന്ത്രിക്കുന്നത് ദൈവം, ഓരോ സംഭവങ്ങളേയും ഉണ്ടാക്കുന്നത് ദൈവം. നാം ചതുരംഗപ്പലകയിലെ കരുക്കള്‍ മാത്രമാകുന്നുവോ?

ആ അമ്മയുടെ സ്ഥാനത്ത് ഞാന്‍ എന്നെ പ്രതിഷ്ടിച്ചുനോക്കി. മരിച്ചു കിടക്കുന്നത് എന്റെ മകനാണെങ്കില്‍ എങ്ങനെയായിരിക്കും ഞാനാ മുഹൂര്‍ത്തത്തോട് പ്രതികരിക്കുക? തീര്‍ച്ചയായും ആ അമ്മ ചെയ്ത പോലെ ഒരു പ്രസംഗം, എന്തിന് ഒരു വാക്കുപോലും എനിക്കു പറയാന്‍ കഴിയില്ല. മകന്റെ മരണമുണ്ടാക്കിയ വേദനയെക്കാളുപരി ദൈവത്തിന്റെ ഇച്ഛ നടപ്പിലായതിനാണ്  ആ അമ്മ പ്രാധാന്യം നല്കുന്നതെന്നുപോലും പ്രസ്തുത വീഡിയോ കണ്ടപ്പോള്‍ എനിക്കുതോന്നി. ആ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ ആ വൈകാരികനിമിഷത്തിന്റെ മാനുഷികമായ മുഴുവന്‍ ഭാവങ്ങളേയും ഉള്‍‌ക്കൊണ്ടുകൊണ്ടു വെറുമൊരു മനുഷ്യനായി , കേവലനായ വെറുമൊരു മനുഷ്യനായി അലറിക്കരഞ്ഞ് ഞാന്‍ ദിഗന്തങ്ങളെ നടുക്കുമായിരുന്നു.കാരണം എനിക്ക് മനുഷ്യനായി ജീവിച്ച് , മനുഷ്യനായി നരകിച്ച് , മനുഷ്യനായി മരിക്കാനാണ് ആഗ്രഹം. അതുകൊണ്ടുതന്നെയാണ് , ദൈവത്തിനുപിന്നാലെ പോയി മനുഷ്യമുഖം കളയാന്‍ ഞാനിഷ്ടപ്പെടാതിരിക്കുന്നതും.ഒരിക്കല്‍ക്കൂടി ആ അമ്മയുടെ വേദനയില്‍ പങ്കുചേരട്ടെ!

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം