#ദിനസരികള്‍ 242

ഞാന്‍ ആവര്‍ത്തിച്ച് കൂടുതല്‍ തവണ വായിച്ചിട്ടുള്ള പുസ്തകം സി എന്‍ ശ്രീകണ്ഠന്‍ നായരുടെ നാടകത്രയമായിരിക്കും എന്ന് നിസ്സംശയം പറയാം. എത്ര തവണ? അതു പറയാന്‍ കഴിയില്ല. എത്രയോ തവണ. ജീവിതമുഹൂര്‍ത്തങ്ങളുടെ സവിശേഷമായ സന്ദര്‍ഭങ്ങളിലൊക്കെ ഞാന്‍ ആ നാടകങ്ങളിലേക്ക് അറിയാതെയെന്ന പോലെ  ചെന്നെത്തും.ശ്രീകണ്ഠന്‍ നായര്‍ സമര്‍ത്ഥമായി ആവിഷ്കരിച്ചുവെച്ചിരിക്കുന്ന തീക്ഷ്ണപ്രഭകളുടെ ശോഭകളില്‍ മനസ്സുകൊരുത്ത് എത്ര സമയം ചിലവഴിച്ചാലും എനിക്ക് മടുക്കുകയില്ല.ചോരയും കണ്ണീരും കൊണ്ട് തീര്‍ത്ത ചങ്ങലകളുടെ ബന്ധനങ്ങളില്‍ നിന്ന് മനുഷ്യന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ല , അഥവാ കഴിയരുത് എന്ന് ഉച്ചൈസ്തരം ഘോഷിക്കുന്ന ഈ നാടകങ്ങളുടെ അവ്യാഖ്യായമായ ഭംഗികളുടെ കാരണവും അതുതന്നെയായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
            കോസലത്തിന്റെ സിംഹാസനം, ഭരതനു വരമായി ലഭിക്കണമെന്നെവശ്യപ്പെട്ട് , കൈകേയി ദശരഥനില്‍ നിന്നും പിടിച്ചു വാങ്ങിയ ശേഷം , ദശരഥന്റെ മന്ത്രിമുഖ്യനായ സുമന്ത്രരും കൈകേയിയും തമ്മിലുള്ള സംഭാഷണമാണ് എനിക്ക് സാകേതത്തില്‍ അധികം ഇഷ്ടപ്പെട്ടിട്ടുള്ള ഒരു ഭാഗം.സത്യത്തിന്റേയും നീതിയുടേയും ദാസനായ സുമന്ത്രന്‍‌ , രാജഭൃത്യനാണ് താനെന്ന സത്യം കൂടി വിസ്മരിച്ച് , മഹാരാജാവിന്റെ പത്നിയെ ഭര്‍തൃഘാതകിയെന്നും കൂലഘാതകിയെന്നും ആക്ഷേപിക്കുവാന്‍‌ ധൈര്യം കാണിച്ചുവെങ്കില്‍ അദ്ദേഹം പുലര്‍ത്തുന്ന നിഷ്പക്ഷത എത്ര ഉന്നതമായിരിക്കും?രാജ്യസ്നേഹം എത്ര പ്രശംസനീയമായിരിക്കും ? കൊല്ലാനോ കാടുവാഴാനോ കല്പിച്ചുകൊള്ളു എന്ന ആമുഖത്തോടെ സുമന്ത്രര്‍ കൈകേയിയുടെ മുഖത്തേക്ക് ആഞ്ഞുതുപ്പുന്ന ഈ വാക്കുകള്‍ക്കുള്ള സാന്ദര്‍ഭികമായ മൂല്യം അനുഭവിച്ച് അറിയുകതന്നെ വേണം.
            ലങ്കാലക്ഷ്മിയിലാകട്ടെ, വിശ്വജിത്തായ രാവണനാല്‍ പുറപ്പെടുന്ന തേജോമയമായ വാഗ്മയങ്ങളുടെ അത്യുജ്ജ്വലമായ മിന്നലാട്ടങ്ങള്‍ വേണ്ടുവോളമുണ്ട്. ഏതേത് എന്ന് നിര്‍ണയിക്കുക അസാധ്യമായ വിധത്തില്‍ അവ പരസ്പരം മത്സരിച്ചു നിലകൊള്ളുന്നു.ധര്‍മ്മത്തിന്റെ മുഖപടമണിഞ്ഞ് തന്നെ ഉപദേശിക്കുവാന്‍ വന്ന അനുജനായ വിഭീഷണനോട്  , രാവണന്‍ പറയുന്ന , കുമാരന്റെ നീതിവാക്യം നമ്മുടെ സഹൃദയചിത്തം ആവോളം ആസ്വദിക്കുന്നു.എന്നാല്‍ നാം പുതയുന്ന താഴ്‌വരകളില്‍ നിന്ന്  കുന്നിന്മുകളിലേക്ക് നടന്നവനാണ്.മലയിടിച്ചും പാറപൊട്ടിച്ചും കയറുകയായിരുന്നു എന്നു തുടങ്ങുന്ന ഹൃദയഹാരിയായ സംഭാഷണം നാം മറക്കുവതെങ്ങനെ? “നിന്റെ ജ്യേഷ്ഠന്‍ രക്ഷോനായകന്‍ നേടുകതന്നെയാണ് ചെയ്തിട്ടുള്ളത് ആ നേട്ടങ്ങള്‍ ഇതിഹാസങ്ങളാണ് എന്നാരംഭിക്കുന്ന , ഒരു ജീവിതകാലം കൊണ്ട് രാവണന്‍ നേടിയ നേടങ്ങളെല്ലാം ആവിഷ്കരിക്കുന്ന അതിമനോഹരമായ ഈ വാക്കുകളുടെ ഭംഗി നാം വിസ്മരിക്കുന്നതെങ്ങനെ ? വിഭീഷണനെ വിശ്വസിക്കരുതെന്ന് ആവശ്യപ്പെടുന്ന പരിഷകളോട് അങ്ങനെയങ്കില്‍ കൂടപ്പിറപ്പിനെ വഞ്ചിച്ചു എന്ന കീര്‍ത്തി അവനിരിക്കട്ടെ എന്ന് പ്രതികരിക്കുന്ന രാവണന്റെ ആത്മവീര്യം നമുക്ക് അവഗണിക്കാനാകുമോ? ഇങ്ങനെ ഇഴപിരിച്ച് എടുത്തുനോക്കുകയാണെങ്കില്‍ കമനീയമായ മുഹൂര്‍ത്തങ്ങളുടെ എത്രയോ ശേഖരങ്ങള്‍ നമുക്ക് ലങ്കാലക്ഷ്മിയില്‍ നിന്നും കണ്ടെടുക്കാനാകും? അവയില്‍ നിന്നു വേറിട്ടു നില്ക്കുന്ന ഒരു മുഹൂര്‍ത്തത്തെ കണ്ടത്തുക ദുഷ്കരമെങ്കിലും മണ്ഡോദരിയും രാവണനും തമ്മിലുള്ള സംഭാഷണങ്ങള്‍ സാഹചര്യത്തിന്റെ വൈകാരികമായ അന്തസ്സും ആഭിജാത്യവും പുലര്‍ത്തുന്നവയാണെന്ന് പറയാതെ വയ്യ.അതുകൊണ്ടുതന്നെ ആ ഭാഗം , അതിന്റെ ഹൃദയദ്രവീകരണശേഷികൊണ്ടും ഭാവങ്ങളുടെ ഉദാത്തമായ സമാശ്ലേഷംകൊണ്ടും ഉജ്ജ്വലമായിരിക്കുന്നു.രാവണന്റെ ജീവിതം ഒരു പാഴ്ചെലവായിരുന്നോ എന്ന് മണ്ഡോദരിയോടല്ലാതെ മറ്റൊരാളോടും രാവണനു ചോദിക്കാന്‍ കഴിയുകയില്ല. മണ്ഡോദരിക്ക് പറയുവാന്‍ കഴിയുന്ന ആര്‍ജ്ജവത്തോടെ അല്ല എന്നുത്തരം പറയാന്‍ മറ്റൊരാള്‍ക്കും കഴിയുകയുമില്ല.
            കാഞ്ചനസീതയില്‍ നിന്നൊരു രംഗം ഞാന്‍ അധികം ക്ലേശമില്ലാതെ തിരഞ്ഞെടുക്കും. എത്ര തവണ വായിച്ചാലും കണ്ണുകള്‍ നിറയുന്ന , സത്യവ്രതനായ ഭരതനും രാമനും തമ്മില്‍ യുദ്ധത്തിനുപോലും തയ്യാറാകുന്ന ആ രംഗത്തിന്റെ മനോഹാരിത ഞാനെങ്ങനെ മറക്കും? വാക്കുകളില്‍ കൊരുക്കും ?” ഭരതന്‍ ആരേയും അന്ധമായി അനുസരിച്ചിട്ടില്ല.അനുസരിക്കുമായിരുന്നെങ്കില്‍ അവിടുത്തെ പാദുകം പതിനാലു വര്‍ഷം ഈ അയോധ്യയെ ഭരിക്കുകകയില്ലായിരുന്നു.ഇങ്ങനെ ഒരാജ്ഞ പുറപ്പെടുവിക്കാന്‍ അങ്ങേക്ക് അവസരവും ഉണ്ടാവുകയില്ലായിരുന്നു. ഭരതന്‍‌ സത്യത്തിന്റെ മാത്രം ആജ്ഞാകരനാണ് എന്ന് സ്വന്തം  ജീവനെക്കാള്‍ താന്‍ സ്നേഹിക്കുന്ന ജ്യേഷ്ഠനോട് ഭരതന്‍ പറയുമ്പോള്‍ ധര്‍മ്മത്തിന്റെ ഗഹനമായ ഗോപുരങ്ങളില്‍ രാമനെക്കാള്‍ ഉയരെ ഭരതന്‍ പ്രതിഷ്ടിക്കപ്പെടുന്നു.പക്വത എന്നതിന്റെ അര്‍ത്ഥം വിധേയത്വമല്ല എന്ന ചൂണ്ടിക്കാണിക്കല്‍ സ്വന്തം ഗുരുവായ വസിഷ്ഠനോടാണ് എന്നത് അതിന്റെ മാറ്റു കൂട്ടുന്നു.ഈ നാടകത്തിലെ തന്നെ രാമനും ഹനുമാനും തമ്മിലുള്ള സംഘര്‍ഷാത്മകമായ സംഭാഷണത്തിന്റെ ചേതോഹാരിത മറക്കുക അസാധ്യമാണ്.ഹനുമാന്‍ പറയുന്ന പ്രഭോ ! അടിയനു മാപ്പു നല്കിയാലും എന്നുതുടങ്ങുന്ന സംഭാഷണത്തിലെ കുറിക്കുകൊള്ളുന്ന ആക്ഷേപങ്ങളെ നോക്കുക.രാമനെ നെഞ്ചേറ്റുമ്പോഴും ഹനുമാന്‍ കാണിക്കുന്ന ഈ മാനുഷികത അപാരമായ ഒരാര്‍ജ്ജവമാണ്. കാഞ്ചന സീതയിലെ അവിസ്മരണീയമായ ഈ സന്ദര്‍ഭങ്ങളെ എനിക്ക് പ്രിയപ്പെട്ടതായി കാണുന്നു.

            നമ്മുടെ നാടകസാഹിത്യരംഗത്ത് സി എന്നിന്റെ നാടകത്രയങ്ങളുടെ സ്ഥാനം ചോദ്യം ചെയ്യാനാവാത്തതാണ്.ദൈവികമായ പരിവേഷങ്ങള്‍ പേറുന്നവരെ മനുഷ്യനായി നിലത്തു നിറുത്തിക്കൊണ്ട് വിചാരണ ചെയ്യുവാന്‍ സി എന്‍ കാണിക്കുന്ന സൂക്ഷ്മത പ്രശംസനീയമാണ്.അതിവൈകാരികതയിലേക്ക് വഴുതിപ്പോകാതിരിക്കാനുള്ള കരുതല്‍ ഈ നാടകങ്ങളില്‍ അനനുകരണീയമാംവിധം പുലര്‍ത്തിയിട്ടുണ്ട്. 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1