#ദിനസരികള്‍ 241

ഗ്രേറ്റര്‍ നോയിഡയിലെ രാംവീര്‍ തന്‍വാറിന് 2016 ല്‍ വിവരാവകാശപ്രകരം ലഭിച്ച ഒരു കണക്കു പറയട്ടെ.  കഴിഞ്ഞ മൂന്നു വര്‍ഷമായി ശ്രീ നരേന്ദ്രമോഡി തന്റെ നാലാംകിട സര്‍ക്കാറിനെ ജനങ്ങളുടെ മനസ്സില്‍ ഒന്നാംകിടയാക്കി മാറ്റുന്നതിന് വേണ്ടി നല്കിയ പരസ്യത്തിനായി ചിലവഴിച്ചിരിക്കുന്നത് , 3755 കോടി രൂപയാണ്. മലിനീകരണ നിയന്ത്രണത്തിന് വേണ്ടി ഈ സര്‍ക്കാര്‍ അതേ കാലയളവില്‍ ചെലവഴിച്ചിരിക്കുന്ന തുക വെറും 56.8 കോടി രൂപമാത്രമാണെന്നു കൂടി മനസ്സിലാക്കിയാലേ ഇല്ലാത്ത നേട്ടങ്ങളുടെ പരസ്യത്തിനു വേണ്ടി  ചെലവാക്കിയ ഈ തുകയുടെ വലുപ്പം മനസ്സിലാകുകയുള്ളു. ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ , റേഡിയോ , എസ് എം എസ് , ഡിജിറ്റല്‍ സിനിമ മുതലായ ഇലക്ട്രോണിക് മീഡിയകളിലെ പ്രചാരണങ്ങള്‍ക്കുവേണ്ടി 1656 കോടി രൂപയാണ് മോഡിയുടെ സര്‍ക്കാര്‍ ചിലവഴിച്ചത്. എല്ലാ മാസവും മോദി നടത്തുന്ന മന്‍ കി ബാത്തിന്റെ പ്രചാരണത്തിനു വേണ്ടി ചെലവഴിച്ചത് 8.5 കോടി രൂപയാണ്. ഹിന്ദുവിലെ ഈ വാര്‍ത്തയുടെ പ്രതികരണമായി ഒരാള്‍ എഴുതിയത് , എന്തു ചെയ്യാം നാം അദ്ദേഹത്തെ തിരഞ്ഞെടുത്തുപോയി. ആഡംബരത്തോട് ഇത്രയധികം ഭ്രമം കാണിക്കുന്ന മറ്റൊരിന്ത്യന്‍ നേതാവ് ഇതുവരെ ഉണ്ടായിട്ടില്ല.എന്തെങ്കിലും ചെയ്യണമെങ്കില്‍ രണ്ടു വര്‍ഷം കൂടി കാത്തിരിക്കണം എന്നാണ്. ഒരു ജനതയുടെ മുഴുവന്‍ നിരാശ ആ വാക്കുകളില്‍ നിഴലിക്കുന്നുണ്ട്.നുണ പറഞ്ഞ് ജനങ്ങളെ പറ്റിച്ച് അധികാരം നേടിയെടുക്കുകയും നിലനിറുത്തുകയും ചെയ്യുക എന്ന സംഘപരിവാരത്തിന്റെ മുഖ്യമായ അജണ്ട നടപ്പിലാക്കുന്നതിനുവേണ്ടിയാണ് പ്രധാനപ്പെട്ട മന്ത്രാലയങ്ങളിലെ പ്രധാനപ്പെട്ട പദ്ധതികള്‍ക്കു പോലും തുക അനുവദിക്കാതിരിക്കേ പരസ്യങ്ങള്‍ക്കു വേണ്ടി ഇത്രയും ഭീമമായ തുക ചിലവഴിച്ചതെന്ന കാര്യം നാം മറക്കരുത്.
            യു പി എ സര്‍ക്കാറിന്റെ പ്രധാന നേട്ടങ്ങളിലൊന്നായ തൊഴിലുറപ്പു പദ്ധതിയെപ്പറ്റി ഇലക്ഷന്‍ സമയത്ത് മോഡി പറഞ്ഞത് , നൂറു തൊഴില്‍ ദിനങ്ങളെന്നതിന് പകരം നൂറ്റമ്പതാക്കി വര്‍ദ്ധിപ്പിക്കും എന്നായിരുന്നു. എന്നാല്‍ ആവശ്യമായ ഫണ്ട് മാറ്റിവെക്കാതെ ഇന്ത്യയിലാകെത്തന്നെ ആ പദ്ധതി താളം തെറ്റിയിരിക്കുകയാണ്.ബാങ്കുകളില്‍ ജന്‍ ധന്‍ അക്കൌണ്ട് തുറക്കുന്നവര്‍ക്ക് അയ്യായിരം രൂപ അനുവദിക്കും എന്ന മറ്റൊരു വാഗ്ദാനത്തിന്റെ അവസ്ഥ എന്താണെന്ന് നമുക്ക് നന്നായി അറിയാം.2014 ലെ ഇലക്ഷന്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി മോഡി, കര്‍ഷകരോട് നിങ്ങളെ സഹായിക്കുന്നതുവരെ എനിക്ക് ഉറക്കമുണ്ടാകില്ല എന്നാണ്.2014 മുതല്‍ 2017 വരെയുള്ള ഇക്കാലങ്ങളില്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.എന്നുമാത്രമല്ല മോദിയുടെ വര്‍ഷങ്ങളില്‍ 42 ശതമാനം വര്‍ദ്ധനവുണ്ടായി എന്നാണ് ദേശീയ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നത്.പ്രതിവര്‍ഷം രണ്ടുകോടി തൊഴില്‍ സാധ്യത സൃഷ്ടിക്കുമെന്നാണ് മോഡി അവകാശപ്പെട്ടത്. എത്ര സൃഷ്ടിക്കപ്പെടുന്നു എന്ന് നിഷ്പക്ഷരായവര്‍ അന്വേഷിച്ച് അറിയേണ്ടതാണ്.

വാചാലതകൊണ്ടു മാത്രം ഇന്ത്യയെ നയിക്കുന്ന ഈ പ്രധാനമന്ത്രിക്ക് ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് നമുക്ക് അറിയാം. അതു മറികടക്കാനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഇക്കണ്ട പരസ്യമൊക്കെ അവരുടെ കണ്ണുകളിലൊട്ടിച്ച് മുഖം മിനുക്കിയെടുക്കാന്‍ അദ്ദേഹം ശ്രമിക്കുന്നത്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1