#ദിനസരികള്‍ 235

ഒരു പ്രവാചകനും തന്റെ നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല.ഒരു വൈദ്യനും അവനെ അറിയാവുന്നവരെ സുഖപ്പെടുത്തുന്നുമില്ല.തോമസിന്റെ സുവിശേഷമാണ്.1945 ലാണ് ഈ സുവിശേഷം മറ്റു ഗ്രന്ഥശേഖങ്ങള്‍‌ക്കൊപ്പം ഈജിപ്റ്റില്‍ നിന്ന് കണ്ടെടുക്കപ്പെടുന്നത്.ഈ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിരിക്കുന്നത് മള്‍ബറി പബ്ലിക്കേഷന്‍സാണ്.വിവര്‍ത്തകന്‍ , നിത്യ ചൈതന്യ യതിയുടെ ശിഷ്യനായ സ്വാമി വിനയചൈതന്യ.
            തോമാശ്ലീഹയുടെ സുവിശേഷം എന്നു വിശ്വസിക്കപ്പെടുന്ന ഈ കൃതി . സിനോപ്റ്റിക്ക് സുവിശേഷങ്ങളെന്ന് അറിയപ്പെടുന്ന മത്തായി മാര്‍ക്കോസ് ലൂക്കോസ് എന്നിവരുടെ കൃതികളെ അനുസ്മരിപ്പിക്കുന്നതാണ്.യേശുക്രിസ്തുവിന്റെ തിരുവചനങ്ങളായി മുമ്പു കേള്‍ക്കാന്‍ ഇടവന്നിട്ടില്ലാത്ത അതീവ ശ്രദ്ധേയവും ഗുപ്തവുമായ ഒട്ടേറെ മനോഹരവാക്യങ്ങള്‍ ഈ ലഘുകൃതിയില്‍ ഉള്‍‌പ്പെട്ടിരിക്കുന്നുഎന്ന് ഈ പുസ്തകത്തിന്റെ അവതാരികയില്‍ യതി എഴുതുന്നു.ക്രിസ്തുവിന്റെ വചനങ്ങള്‍ അടിസ്ഥാനമാക്കി രചിച്ചിരിക്കുന്ന ഈ സുവിശേഷത്തില്‍ 114 വചനങ്ങളാണ് ഉള്‍‌ക്കൊള്ളിച്ചിരിക്കുന്നത്.അത്ഭുതപ്രവര്‍ത്തികളെ ഒഴിവാക്കിക്കൊണ്ട് അവതരിപ്പിച്ചിരിക്കുന്ന ഈ സുവിശേഷം ജാതിമത സങ്കുചിത സങ്കല്പങ്ങള്‍ക്കപ്പുറം നിന്നുകൊണ്ട് പഠിക്കുന്നത് , മാനവരാശിയുടെ ഏകതയും വിശ്വസാഹോദര്യവും ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത എന്നത്തേക്കാളും കൂടുതല്‍ ശ്രമകരമായിരിക്കുന്ന ഇക്കാലത്ത് മനുഷ്യനെ സഹായിക്കുമെന്ന പ്രത്യാശ വിവര്‍ത്തകന്‍ പ്രതിഫലിപ്പിക്കുന്നുണ്ട്.

            ജീവിക്കുന്ന യേശു പറഞ്ഞതും ദിദിമോസ് യൂദാസ് തോമസ് എഴുതിയെടുത്തതുമായ രഹസ്യവചനങ്ങളാണ് ഇത് എന്നു പറഞ്ഞുകൊണ്ടാണ് സുവിശേഷം തുടങ്ങുന്നത്.ആണിപ്പഴുതു നേരിട്ടു കണ്ടു ബോധ്യപ്പെട്ടാല്‍ മാത്രമേ യേശു മൂന്നാം ദിവസം മരണത്തില്‍ നിന്നും തിരിച്ചുവന്നു എന്ന കാര്യം വിശ്വസിക്കൂ എന്ന് വാശിപിടിച്ച തോമസുതന്നെയാണ് ഈ സുവിശേഷവും എഴുതിയത് എന്ന രസകരമായ കൌതുകമാണെന്നതിനോടൊപ്പം സുവിശേഷത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നുമുണ്ട്. ചില വചനങ്ങള്‍ നോക്കുക :- 1 യേശു പറഞ്ഞു ഞാന്‍ ലോകത്തിനുമുകളില്‍ തീ വിതറിയിരിക്കുന്നു.കാണ്‍ക , അതു പടരുന്നതുവരെ ഞാനതിനെ കാക്കുകയാണ്. 2. അവന്റെ ശിഷ്യന്മാര്‍ അവനോടു ചോദിച്ചു. എന്നാണ് ദൈവ രാജ്യം വരിക?” യേശു പറഞ്ഞു : അതിനുവണ്ടി കാത്തിരിക്കുന്നതുകൊണ്ട് അതു വരികയില്ല.ഇതാ അത് ഇവിടെയാണ് എന്നോ അതാ അത് അവിടെയാണ് എന്നോ പറയാവുന്ന ഒരു കാര്യമല്ല അത്.എങ്കിലോ പിതാവിന്റെ രാജ്യം ഭൂമിയില്‍ വ്യാപിച്ചിരിക്കുന്നു.മനുഷ്യര്‍ അത് കാണുന്നില്ല.3 യേശു പറഞ്ഞു ഒരു കുരുടന്‍ മറ്റൊരു കുരുടനെ നയിച്ചാല്‍ രണ്ടുപേരും കുഴിയില്‍ വീഴും. 4 യേശു പറഞ്ഞു വഴി പോക്കരാകുക 5.യേശു പറഞ്ഞു കെട്ടിടം പണിക്കാര്‍ തള്ളിക്കളഞ്ഞ കല്ല് എനിക്കു കാണിച്ചു തരിക.അതാണ് മൂലക്കല്ല്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1