#ദിനസരികള്‍ 236

പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ , മഹാത്മ ഗാന്ധിയുമായി നടത്തിയ സംഭാഷണം ഗാന്ധി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.ബ്രാഹ്മണരെ സംബന്ധിച്ച് താങ്കളുടെ മനസ്സില്‍ തെറ്റായ ധാരണകളാണ് രൂപപ്പെടുത്തിയിരിക്കുന്നത്.താങ്കളുടെ ചിന്തകളില്‍ അതാണു മുന്നിട്ടു നില്ക്കുന്നത്.നമ്മള്‍ ഇത്രയും ചര്‍ച്ച ചെയ്തതില്‍ എന്തെങ്കിലും സംഗതിയില്‍ എന്തെങ്കിലും യോജിപ്പില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതായി എനിക്കു തോന്നുന്നില്ല.എങ്കിലും നമുക്ക് രണ്ടോ മൂന്നോ വട്ടം കൂടി സംഭാഷണം നടത്താം.നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് അതുകഴിഞ്ഞ് തീരുമാനിക്കാം.”1879 ല്‍ ജനിച്ച് 1973 ല്‍ മരിച്ച പെരിയാര്‍, മാനവികവാദിയായ യുക്തിവാദിയും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു.അദ്ദേഹം മുന്‍‌കൈ എടുത്ത് സ്ഥാപിച്ച ദ്രാവിഡ കഴകവും സ്വയം മരിയാദൈ പ്രസ്ഥാനങ്ങളുമൊക്കെ അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യം വെച്ച് രൂപീകരിക്കപ്പെട്ട ആദ്യകാല മുന്നേറ്റങ്ങളില്‍ പ്രഥമ സ്ഥാനത്തു നില്‍ക്കുന്നു.
            പെരിയാറുടെ തീ പാറുന്ന , പുരോഗമനോന്മുഖമായ ധിഷണയുടെ പ്രഹരശേഷി പ്രസരിക്കുന്ന ആ സംഭാഷണങ്ങള്‍ കൈനകരി വിക്രമന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത സംഭാഷണത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ നോക്കുക.
പെരിയോര്‍ :- ഹിന്ദു മതം ഉള്ളിടത്തോളം കാലം ജാതി ചിന്ത ഇല്ലാതാവുകയില്ല.
ഗാന്ധി :- ഹിന്ദു മതത്തിന്റെ സഹായം കൊണ്ടു മാത്രമേ ജാതി ഇല്ലാതാകൂ
പെരിയാര്‍ :- എങ്കില്‍  മത പിന്തുണയോടെ നടപ്പാക്കുന്ന ബ്രാഹ്മണ ശൂദ്ര വിവേചനത്തിന് എന്തു സംഭവിക്കും ?
ഗാന്ധി :- വര്‍ഗ്ഗവിഭജനത്തെ ഹിന്ദുമതം പിന്തുണക്കുന്നില്ലെന്ന് താങ്കളല്ലേ ഇപ്പോള്‍ പറഞ്ഞത് ?
പെരിയാര്‍ :- ഹിന്ദു മതം എന്നൊരു മതമേയില്ല എന്നാണ് ഞാന്‍ പറഞ്ഞത്.അതിനാല്‍ ശ്രേഷ്ഠ നീച ജാതികളായി സമൂഹത്തെ ശിഥിലമാക്കുന്ന വിഭജനത്തിന് പിന്തുണയില്ല.ഹിന്ദു എന്ന പേരിലൊരു മതമുണ്ടെന്ന് നാം അംഗീകരിച്ചാല്‍ ആ മതത്തിന്റെ പേരില്‍ ഉയര്‍ത്തുന്ന അവകാശവാദങ്ങളേയും നാം പരിശോധിക്കേണ്ടിവരും.
ഗാന്ധി :- മതത്തെ സ്വീകരിച്ചു കൊണ്ട് അതിന്റെ ചില തത്വങ്ങളെ പിന്തുണക്കാനുള്ള നയങ്ങളും നമുക്ക് രൂപീകരിക്കാമല്ലോ?

പെരിയാര്‍ :- അത് നടപ്പില്ല.നമ്മള്‍  സ്വയം മതം സ്വീകരിച്ചു കഴിഞ്ഞ്, മതവുമായി ബന്ധപ്പെട്ട സംഗതികളില്‍ എന്തെങ്കിലും മാറ്റം വരുത്തുവാന്‍ നമുക്ക് കഴിയുകയില്ല.
....................................................
ഹിന്ദുമതത്തില്‍ എന്തെങ്കിലും പരിഷ്കാരങ്ങള്‍ തുടങ്ങുന്നത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞ പെരിയാരോട് ഞാനതു പ്രയോഗത്തില്‍ കാണിക്കുന്നുണ്ട് എന്ന ഗാന്ധിയുടെ മറുപടിക്ക് പെരിയോര്‍ ഇങ്ങനെ പ്രതികരിച്ചു
പെരിയാര്‍ :- സംഭവിച്ചതായി തോന്നിപ്പോകുന്ന മാറ്റങ്ങള്‍ യഥാര്‍ത്ഥ മാറ്റങ്ങളല്ലെന്ന് എനിക്കറിയാം.നിങ്ങളുടെ സ്വാധീന ശക്തിയും നിങ്ങളുടെ നന്മയും ഉപയോഗപ്പെടുത്താനാഗ്രഹമുള്ളതുകൊണ്ടാണ് നിങ്ങള്‍ നിര്‍‌ദ്ദേശിക്കുന്ന പരിഷ്കാരങ്ങള്‍ ആളുകള്‍ സ്വീകരിക്കുന്നതായി ഭാവിക്കുന്നത്.നിങ്ങള്‍ അവരുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കുകയും ചെയ്തു.
            ജാതി ചിന്തയെ ഹിന്ദുമതത്തില്‍ നിന്നും ഉച്ചാടനം ചെയ്യാന്‍  കഴിയുന്ന ഒന്നല്ലെന്ന് ശക്തമായി സ്ഥാപിച്ചെടുക്കുന്ന ഈ സംഭാഷണം , ജാതി തന്നെയാണ് ഹിന്ദുയിസം എന്നു കൂടി കടന്നു പറയുന്നുമുണ്ട്.ഗാന്ധിയെ പലപ്പോഴും കഠിനാമായി നിഷേധിക്കുന്ന പെരിയോരുടെ നിലപാടുകള്‍ ഏതുകാലത്തേക്കും കരുതിവെക്കേണ്ട ഒന്നാണെന്ന് നിസ്സംശയം പറയാം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1