#ദിനസരികള്‍ 238

മോഹിനി. പേരുപോലെതന്നെ രൂപവും മോഹനം. സോമശേഖരനാണ് അവളെ സ്വന്തമാക്കുന്നത്. പക്ഷേ , ആ അപ്സരസുന്ദരിയോടൊപ്പം ജീവിച്ചുകൊണ്ട് തന്റെ ശിഷ്ടകാലം ആസ്വദിക്കുന്നതിനല്ല സോമന്‍ തീരുമാനിച്ചത്. മറിച്ച് , അവള്‍ തന്റേതായ മുഴുവന്‍ സൌന്ദര്യത്തികവോടെയും പരിലസിക്കുമ്പോള്‍ത്തന്നെ ആ ജീവിതത്തെ അവസാനിപ്പിക്കുവാനാണ്.അങ്ങനെ തീരുമാനിക്കുന്നതിന് സോമന്‍ തന്റേതായ ഒരു വ്യാഖ്യാനമവതരിപ്പിക്കുന്നു. അവളുടെ ഇന്നത്തെ ഈ സൌന്ദര്യപ്രകര്‍ഷങ്ങളൊക്കെ നാളെ നഷ്ടപ്പെട്ടുപോകും. ഇന്ന് കത്തിജ്വലിച്ചു നില്ക്കുന്ന ഈ രൂപത്തികവ് നാളെ വാര്‍ദ്ധക്യത്തിന്റെ നിശിതഹസ്തങ്ങളാല്‍ തച്ചുടക്കപ്പെടും. അങ്ങനെ വരുമ്പോള്‍ ഇന്നത്തെ മോഹിനി വൃദ്ധയായി ജരാനരകള്‍ ബാധിച്ച് ക്ഷീണിതയായി അവസാനിക്കും.അതിന് അവസരം കൊടുക്കരുത്. ജീവിതത്തിന്റെ മുഴുവന്‍ സാധ്യതകളും ആസ്വദിക്കപ്പെടുന്ന ഈ ഘട്ടത്തില്‍തന്നെ അവള്‍ മരിക്കണം. അങ്ങനെയെങ്കില്‍ ആ രൂപം എന്നേന്നേക്കു സൌന്ദര്യത്തിന്റെ പര്യായമായി തന്നില്‍ അവശേഷിക്കും.അതുകൊണ്ട് അവളെ കൊന്നുകളയണം എന്ന തീരുമാനത്തിലേക്ക് സോമന്‍ എത്തിച്ചേരുന്നു.’അങ്ങനെ സ്വയം ന്യായീകരിച്ചുകൊണ്ട് വിവാഹത്തിന്റെ ആദ്യദിനംതന്നെ അവളുടെ നെഞ്ചിലേക്ക് സോമന്‍ ഒരു കഠാര കുത്തിയിറക്കി കൊന്നുകളയുന്നു. “മനശ്ശാസ്ത്രപണ്ഡിതന്മാരുടെ അത്ഭുതാവഹമായ അപഗ്രഥനപാടവത്തെ കൊഞ്ഞനം കുത്തിക്കൊണ്ട് നില്ക്കുന്ന ഒന്നാണ് മനുഷ്യഹൃദയം’ എന്ന് ആമുഖമായി എഴുതിക്കൊണ്ടാണ് ചങ്ങമ്പുഴ , തന്റെ മോഹിനി എന്ന ഈ കവിത അവതരിപ്പിക്കുന്നത്.
“മൃണ്മയമായ ഈ ഗാത്രപിണ്ഡം ഇന്നല്ലെങ്കില്‍ നാളെ തകര്‍ന്നടിയുമെന്നുള്ളത് തീര്‍ച്ചയാണ്.അങ്ങനെയിരിക്കേ അത്യുത്തമമായ ഈ ശോഭനമുഹൂര്‍ത്തത്തില്‍ അതു സംഭവിക്കുന്നതല്ലേ അഭിലഷണീയം?അവര്‍ ദമ്പതികളായിത്തീര്‍ന്ന് അങ്ങനെ ജീവിച്ചുജീവിച്ചു സന്താനോല്പാദനത്തിലും മറ്റും അവളുടെ സൌന്ദര്യം ക്ഷയിച്ച് ക്ഷയിച്ചു ഒടുവില്‍ അതു വാര്‍ദ്ധക്യത്തിന്റെ വികൃതലീലകള്‍ക്കു വിധേയമായി ദ്രവിച്ചടിയുവാന്‍ അവന്‍ ഇഷ്ടപ്പെടുന്നില്ല” എന്നതുകൊണ്ടാണ് ആ കടുത്ത തീരുമാനത്തിലേക്ക് കടക്കുന്നതെന്ന് കവി സാക്ഷ്യപ്പെടുത്തുന്നു.അത് സ്വാര്‍ത്ഥരഹിതമാണ് എന്നൊരു അഭിപ്രായം കൂടി കവിക്കുണ്ട് എന്നു കാണുമ്പോഴാണ് നാമൊന്ന് നടുുക.
അവളെ എന്നന്നേക്കും അവളായിത്തന്നെ നിലനിറുത്തുന്നതിനുള്ള അവന്റെ ശ്രമങ്ങളില്‍ ഒരു തരത്തിലുള്ള തെറ്റും ദര്‍ശിക്കുവാന്‍ കൃത്യം ചെയ്തു കഴിഞ്ഞതിനുശേഷവും സോമന് കഴിയുന്നില്ല. കാമുകനായ സോമന്റെ അവസാനവാക്കുകള്‍‌ നോക്കുക.
“അത്യനഘമാമീ മുഹൂര്‍ത്തത്തി
ലുത്തമേ നീ മരിക്കണം
മാമകാശയം ക്രൂരമാണെങ്കി
ലോമനേ നീ പൊറുക്കണേ
ചെയ്തിട്ടില്ലപരാധമൊന്നും നീ
ചൈതന്യത്തിന്‍ വികാസമേ
സങ്കടമെനിക്കുണ്ടിതു കാണാ
നെങ്കിലും നീ മരിക്കണം
നിഗ്രഹിച്ചു നിനക്കു വേണ്ടി ഞാന്‍
നിര്‍ദ്ദയം നിന്നെയോമലേ
ജീവിതാനുഭോഗത്തിലും കാമ്യം
പാവനേ ഹാ നിന്‍ സൌന്ദര്യം
മന്നില്‍ നിന്നു മറഞ്ഞിദം നിന്റെ
മഞ്ജിമ നിത്യമാക്കി നീ
മിഥ്യയാം നിഴല്‍ വിട്ടുയര്‍ന്നു നീ
നിത്യതയിലേക്കോമലേ
അത്യനഘമുഹൂര്‍ത്തത്തില്‍ത്തന്നെ
യുത്തമേ ഹാ മരിച്ചു നീ
മാമകകൃത്യം സാഹസമെങ്കി
ലോമനേ നീ പൊറുക്കണേ...”
എന്താണ് പറയുക? ജീവിതങ്ങളെ ആവിഷ്കരിക്കുന്നതില്‍ അതിന്റെ രചയിതാക്കള്‍ക്കുള്ള സര്‍വ്വസ്വാതന്ത്ര്യവും നാം അംഗീകരിക്കുമ്പോള്‍ത്തന്നെ ക്രൂരതകളെ മുഖംമിനുക്കി രംഗത്തേക്ക് അയക്കാനുള്ള അവകാശത്തെ കര്‍ക്കശബുദ്ധിയോടെ സമീപിക്കേണ്ടതല്ലേ ? അങ്ങനെ വരുമ്പോള്‍ മോഹിനിയെ നിഗ്രഹിച്ചുകൊണ്ട് സോമന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തെ അവതരിപ്പിക്കുക എന്നത് സോമന്‍ നടപ്പാക്കിയ കൃത്യത്തെപ്പോലെതന്നെ നിഷ്കരുണവുമല്ലേ? ആണെന്ന് ഞാന്‍ പറയും.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1