#ദിനസരികള്‍ 240
സര്‍ ഡേവിഡ് അറ്റന്‍ബറോയെ കണ്ടില്ലായിരുന്നുവെങ്കില്‍
എന്റെ പ്രപഞ്ചം എത്രമാത്രം ചുരുങ്ങിപ്പോകുമായിരുന്നുവെന്ന് ഞാന്‍ പലപ്പോഴും
ആലോചിക്കാറുണ്ട്. കേവലമായ ഭംഗിവാക്കുകള്‍ക്കപ്പുറം , പ്രകൃതിയെ , ഈ
ജൈവപ്രപഞ്ചത്തിനെ , കീഴടക്കാനും അടക്കിഭരിക്കാനുമുള്ള ഒന്നായി കാണുന്നതിനുപകരം ,
മാനുഷികമായ ഉണര്‍വ്വുകളോടെ ദയാപൂര്‍വ്വം സമീപിക്കേണ്ടതാണെന്ന ബോധ്യം
എന്നിലുണ്ടാക്കിയത് ഈ മഹാമനീഷിയാണ്. മനുഷ്യരൂപമുണ്ടെങ്കില്‍ മനുഷ്യനാകില്ലെന്നും ,
മനുഷ്യനാകുക എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് , ഒരു പീഢയെറുമ്പിനും
വരുത്തരുതെന്നുള്ള ഗുണപരമായ ചിന്തകളുടെ വിന്യാസത്തിന് വിധേയമായിരിക്കുന്ന , നാം
ജീവിക്കുന്ന പ്രപഞ്ചത്തോട് ആര്‍ദ്രതയും കാരുണ്യവുമുള്ള ഒരു മനസ്സുകൂടി
ഉണ്ടായിരിക്കുക എന്നാണ്. സര്‍ അറ്റന്‍ബറോ ആ അര്‍ത്ഥത്തില്‍ നിങ്ങളെ മനുഷ്യനാകാന്‍
സഹായിക്കുകയാണ് ചെയ്യുന്നത്.
ഇപ്പോള്‍
തൊണ്ണൂറ്റിയൊന്ന് വയസ്സുള്ള ഡേവിഡ് അറ്റന്‍ബറോ ജനിച്ചത് 1926 മെയ് എട്ടിന്
ഇംഗ്ലണ്ടിലാണ്.ബി ബി സിയിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ട ഡോക്കുമെന്ററികളിലൂടെ
അദ്ദേഹം ജൈവപ്രപഞ്ചത്തിന്റെ ആഴമുള്ള ജീവിതത്തെ അനുഭവിപ്പിച്ചുകൊണ്ടാണ് അനുവാചകരുടെ
ശ്രദ്ധ പിടിച്ചു പറ്റിയത്. അജിത് ആയഞ്ചേരി എഴുതുന്നതു നോക്കുക :-
“ തൊണ്ണൂറ്റിഒന്നു വയസ്സു കഴിഞ്ഞ പ്രകൃതിസ്നേഹിയുടെ തളരാത്ത
ആവേശം, പ്രകൃതിയുടെ
കാണാപ്പുറങ്ങളുടെ ആഴങ്ങളിലേക്ക് ക്യാമറക്കണ്ണുകളോടൊപ്പം നമ്മെ കൊണ്ടുനടത്തുമ്പോൾ, അവതാരകനായി ആരംഭിച്ച് ജൈവശാസ്ത്ര
മേഖലകളുടെ അഗാധതകളിലേക്കൂളിയിട്ട വ്യക്തിത്വത്തിന്റെ അനന്യതയാണ് പ്രേക്ഷകർ
അനുഭവിക്കുന്നത്. വേറൊരർഥത്തിൽ, ഡോക്യുമെന്ററി ചലച്ചിത്രത്തിന്റെ
സൗന്ദര്യശാസ്ത്രപരവും സാങ്കേതികവുമായ അനുക്രമ വളർച്ചയ്ക്കൊപ്പം, വന്യജീവി ഡോക്യുമെന്ററികളുടെ അസമാനമായ ഒരു ലോകത്തിന്റെ വിസ്മയങ്ങൾ
തേടിയുള്ള യാത്ര പകർന്നു നൽകുന്നത്, ഡേവിഡ് അറ്റൻബറോ എന്ന വ്യത്യസ്തനായ ഒരു
ബ്രോഡ്കാസ്റ്ററുടെ മികവിന്റെ ദൃശ്യാവിഷ്കാരങ്ങളാണ്. പ്ലാനറ്റ് എർത്തും ബ്ലൂപ്ലാനറ്റും
ഉൾപ്പെടെയുള്ള ഒട്ടേറെ ചലച്ചിത്രങ്ങൾ, ലോകമെമ്പാടുമുള്ള പ്രേക്ഷകർ
ആവർത്തിച്ചു കാണുന്നതും ആസ്വദിക്കുന്നതും ദൃശ്യഭംഗി കൊണ്ടുമാത്രമല്ല, അറ്റൻബറോയുടെ പ്രകൃതിയോടുള്ള അഭിനിവേശ ത്തിന്റെ വ്യതിരിക്തത കൊണ്ടുകൂടിയാണ്.”അറ്റന്‍ബറോയുടെ പ്രപഞ്ചത്തിലൂടെ
സഞ്ചരിക്കുക എന്നതൊരു അനുഭവമാണ്. അദ്ദേഹത്തിന്റെ മാസ്മരികമായ ശബ്ദത്തിലൂടെ പൂവിനേയും
പുല്ലിനേയും പുഴുവിനേയും അറിഞ്ഞനുഭവിച്ചുകൊണ്ടുള്ള ആ യാത്ര , നമ്മുടെയൊക്കെ
ജീവിതത്തില്‍ ഒരിക്കലെങ്കിലും സംഭവിക്കേണ്ടതാണ്. അങ്ങനെയെങ്കില്‍ നമ്മുടെ ഗര്‍വ്വുകള്‍ക്കു
മുകളില്‍ കാരുണ്യം കരകവിഞ്ഞൊഴുകുന്നത് അനുഭവിക്കാന്‍ കഴിയും.
അദ്ദേഹത്തിന്റെ
പ്രധാനപ്പെട്ട ചില വര്‍ക്കുകളാണ് ബ്ലൂ പ്ലാനെറ്റ് രണ്ടു ഭാഗം , പ്ലാനെറ്റ് എര്‍ത്ത് രണ്ടു
ഭാഗം , ലൈഫ് ,ലൈഫ് ഇന്‍ ദ അണ്ടര്‍ഗ്രോത്ത് , പ്രൈവറ്റ് ലൈഫ് ഓഫ് പ്ലാന്‍റ്സ് ,
ലൈഫ് ഓഫ് മാമല്‍സ് , ലൈഫ് ഓഫ് ബേര്‍ഡ്സ് മുതലായവ.
Comments