#ദിനസരികള്‍ 237

നമ്മുടെ ജനാധിപത്യബോധത്തിന്റെ വാതിലുകളില്‍ നീതിക്കായി ബാബറി മസ്ജിദ് മുട്ടിവിളിക്കാന്‍ തുടങ്ങിയിട്ട് കാലമൊരുപാടായിരിക്കുന്നു.ഇന്ത്യുയുടെ മതേതരമനസ്സിലിന് 1992 ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നിതിനും മുമ്പ് മുറിവുകളേറ്റിട്ടുണ്ട് എങ്കിലും , അത് കൃത്യം രണ്ടായി മുറിച്ചുമാറ്റപ്പെടുന്നത് മുസ്ലിം ജനവിഭാഗത്തിന്റെ ആരാധനാകേന്ദ്രമായിരുന്ന പള്ളിയെ തച്ചുതകര്‍ത്ത അന്നുമുതലാണ് എന്ന വസ്തുത നാം കാണാതിരുന്നുകൂട.ഈ വിഷയത്തില്‍ വിട്ടുവീഴ്ചകളല്ല, മറിച്ച് നിയമവാഴ്ചയാണ് നടക്കേണ്ടത് എന്ന കാര്യത്തില്‍ സംശയമുണ്ടാകുന്ന ഒരു സാഹചര്യവും രൂപപ്പെട്ടു വരാന്‍ മതേതര വിശ്വാസികളടക്കമുള്ള പൊതുസമൂഹം അനുവദിക്കരുത്.
            ബാബറി മസ്ജിദിന്റെ പുനസ്ഥാപനമെന്നത് കേവലമായ ഏതെങ്കിലും മതത്തിന്റെയോ വിശ്വാസികളുടേയോ പ്രശ്നമല്ല , ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരമൂല്യങ്ങളുടെ ആവശ്യമാണ് എന്നു തിരിച്ചറിയുമ്പോഴാണ് ഈ വിഷയത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കുക.ഹിന്ദുവിന്റെ പേരില്‍ , ഒരു സംഘം ഹിന്ദുത്വവാദികള്‍ രാഷ്ട്രീയമായ മുതലെടുപ്പിനു വേണ്ടി നടത്തിയ ആ നീക്കം  ഹിന്ദുവിന്റെ പൊതുവായ ആവശ്യമാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള  ശ്രമം സമൂഹത്തിന്റെ എല്ലാ തലത്തിലും നടന്നു വരുന്നു. അതിന്റെ ഭാഗമായി മുസ്ലിംവിഭാഗം വിട്ടുവീഴ്ച ചെയ്ത് വിഷയം അവസാനിപ്പിക്കണം എന്ന ആവശ്യത്തിന് മുന്‍തൂക്കം ലഭിക്കുന്ന വിധത്തിലുള്ള പ്രചാരണ പരിപാടികളും സംഘടിപ്പിക്കപ്പടുന്നു.

            എന്തായിരിക്കണം ഈ വിഷയത്തിലെ നിഷ്പക്ഷമായ നിലപാട് ?സ്വതന്ത്ര ഇന്ത്യയില്‍ നിലനിന്നിരുന്ന ഒരു ആരാധനാലയത്തെ എന്തുകാരണം കൊണ്ടാണെങ്കിലും ആക്രമിക്കുകയും തകര്‍ക്കുകയും ചെയ്തതിന് ന്യായീകരണമില്ല. എത്രയും പെട്ടന്ന് അതവിടെ പുനസ്ഥാപിക്കുകയും അവകാശപ്പെട്ടവര്‍ക്ക് തുറന്നുകൊടുക്കുകയും വേണം. വര്‍ഗ്ഗീയ പ്രശ്നങ്ങളുണ്ടാകും എന്ന കാരണത്താല്‍ സ്വാഭാവികനീതി നിഷേധിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല.അത്തരം കലാപമുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്താനും തുറന്നു കാണിക്കാനും രാജ്യത്തിന്റെ സര്‍വ്വ ശക്തിയും പ്രയോഗിച്ച് അടിച്ചമര്‍ത്താനുമുള്ള ഇച്ഛാശക്തി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യശക്തിയായ ഇന്ത്യ കാണിക്കണം.ബാബറി മസ്ജിദ് ഇരിക്കുന്ന പ്രദേശം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് വിഷയം അവസാനിപ്പിക്കണം എന്നു വാദിക്കുന്നവരുമുണ്ട്. അവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം , ബാബറി മസ്ജിദിന് ഇന്നാട്ടിലെ ഹിന്ദുക്കള്‍ അവകാശമുന്നിയിച്ചിട്ടില്ല എന്നതാണ്. നേരത്തെ പറഞ്ഞതുപോലെ രാഷ്ട്രീയമായ മുതലെടുപ്പിനു വേണ്ടി തീവ്രഹിന്ദുത്വവാദികളാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. അവര്‍ ഇപ്പോഴും ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ല.എന്നു മാത്രവുമല്ല ബാബറി മസ്ജിദ് വിട്ടുകൊടുത്തുകഴിഞ്ഞാല്‍ ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ വര്‍ഗ്ഗീയവാദികള്‍ തൃപ്തരായിക്കൊള്ളും എന്നു വാദിക്കുന്നത് ശുദ്ധമായ വിവരക്കേടാണ്. നാളെ അവരുടെ അവകാശവാദം മറ്റിടങ്ങളിലെ ഇതരമതസ്ഥരുടെ ആരാധനാലയങ്ങളിലേക്കും എത്തിപ്പെടും.അതുകൊണ്ട് ബാബറി മസ്ജിദ് പുനസ്ഥാപിക്കുക മാത്രമാണ് ശാശ്വതമായ പോംവഴി.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1