#ദിനസരികള്‍ 239
ഈ ലക്കം ഭാഷാപോഷിണിയില്‍
ജയമോഹനുമായി സാലിറ്റ് തോമസ് നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലോകത്തിലെ
തന്നെ ഏറ്റവും വലിയ നോവല്‍ എഴുതി പൂര്‍ത്തിയാക്കാനൊരുങ്ങുന്ന ഈ എഴുത്തുകാരന്റെ രചനാജീവിതത്തിന്റെ
ഒരു നഖചിത്രം വരച്ചിടുന്നതില്‍ ഈ സംഭാഷണം വിജയിച്ചിട്ടുണ്ട് എന്ന കാര്യം നിസ്തര്‍ക്കമാണ്.വെണ്‍മുരശ്
എന്ന ബൃഹത്തായ ആഖ്യാനത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടാണ് അഭിമുഖം
ആരംഭിക്കുന്നത്.ഇപ്പോള്‍തന്നെ ഏകദേശം പതിനാറായിരം പേജോളം എഴുതിക്കഴിഞ്ഞ ഈ നോവല്‍
രണ്ടായിരത്തിപ്പതിനാലിലാണ് എഴുതിത്തുടങ്ങിയത്.ഈ നോവലിനെക്കുറിച്ച് ജയമോഹന്‍
പറയുന്നതു കേള്‍ക്കുക :-
“ഇതു തുടങ്ങുമ്പോള്‍ ഞാനൊരു പതിനഞ്ച് വായനക്കാരെ
പ്രതീക്ഷിച്ചു.എന്റെ സുഹൃത്തുക്കള്‍ മാത്രം. അവരോടു ഞാന്‍ പറഞ്ഞു നിങ്ങള്‍ ഇത്
അവസാനം വരെ വായിക്കണം.പതിനഞ്ചുപേര്‍ മതി എന്നൊരറിയിപ്പ് ഇട്ടിട്ടാണ്
തുടങ്ങിയത്.പക്ഷേ ഇപ്പോള്‍ വായനക്കാരായി.പന്ത്രണ്ടുമണിക്ക് അപ്ലോഡ് ആകും.12.30
ആകുമ്പോഴേക്കും മുപ്പതിനായിരംപേര്‍ വായിച്ചിട്ടുണ്ടാകും”
എനിക്ക് തമിഴ് അറിയില്ല. അതുകൊണ്ട് ഞാന്‍ ഈ നോവല്‍ വായിച്ചിട്ടുമില്ല. പക്ഷേ
നാളിതുവരെ ഞാന്‍ വായിച്ചിട്ടുള്ള ജയമോഹന്‍ എന്നെ നിരാശപ്പെടുത്തിയിട്ടില്ല എന്നതു
പരിഗണിച്ചാല്‍ ഈ നോവലിലും അദ്ദേഹം എന്തെങ്കിലും അത്ഭുതങ്ങള്‍
ഒരുക്കിവെച്ചിട്ടുണ്ടാകാമെന്നതിന്റെ സൂചനയാണ് ഓരോ ദിവസവും വര്‍ദ്ധിച്ചു വരുന്ന
വായനക്കാരുടെ എണ്ണം എന്ന് നിസ്സംശയം പറയാം.
എഴുത്തുകാരന്‍
എന്ന നിലയില്‍ പ്രൈവറ്റ് ലൈഫ് , പേഴ്സണല്‍ ലൈഫ് എന്നൊന്നും എനിക്കില്ല.എന്റെ എല്ലാ
വായനക്കാര്‍ക്കും ഭാര്യ അരുള്‍മൊഴിയെ അറിയാം.മക്കളെ അറിയാം.എന്റെ ഭൂതകാലം അറിയാം.എല്ലാം
അറിയാം”
എന്ന് ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറയുന്നുണ്ട്.ഒളിച്ചുവെക്കുവാന്‍
ഒന്നുമില്ലാത്തവന് ഒന്നിനേയും ഭയപ്പെടേണ്ടതില്ല.ഒരെഴുത്തുകാരന്റെ തനിമ, തന്റെ
ജീവിതത്തെ തുറസാക്കി ഇടുക എന്നതാണ്. അവനിലെ കല്മഷങ്ങളും കാഠിന്യങ്ങളുമൊക്കെ
ജനതയുടെ മുന്നില്‍ തുറന്നിടുമ്പോള്‍ അവന്‍ ഭാരമില്ലാത്തവനാകുന്നു.അത് അവന്റെ
എഴുത്തിന് കൂടുതല്‍ കൂടുതല്‍ ശക്തമാക്കുന്നു.ജയമോഹന്‍ അങ്ങനെ വിശ്വസിക്കുന്നു. മലയാളികള്‍
നന്നായി ചര്‍ച്ചചെയ്ത നൂറുസിംഹാസനങ്ങളെക്കുറിച്ചും ഇദ്ദേഹം സംസാരിക്കുന്നുണ്ട്.കീഴാള
പക്ഷത്തുനിന്നുകൊണ്ട് കേരളത്തെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ച ആ കൃതിയെ നമുക്ക്
എളുപ്പം മറക്കുക വയ്യല്ലോ.നേരിട്ടു കണ്ട ഒരനുഭവത്തില്‍ നിന്നാണ് ആ നോവല്‍ രൂപം
കൊള്ളുന്നത്.പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം , ആ അനുഭവം ഒരു നോവലായി
മാറുകയായിരുന്നു.
ജയമോഹന്റെ
ഈ അഭിമുഖം രചനാജീവിതത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ചും വൈഷമ്യങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യുന്നു.
ആധുനികകാലത്ത് നമുക്കൊപ്പം ജീവിക്കുന്ന ഒരഴുത്തുകാരന്റെ
സാഹിത്യജീവിതത്തെക്കുറിച്ച് അറിയാനുള്ള നമ്മുടെ കൌതുകത്തിന് ഈ അഭിമുഖം
ശമനമാകുന്നു.
Comments