#ദിനസരികള്‍ 234

മയില്‍പ്പീലി, പുസ്തകത്തില്‍ ആകാശം കാണാതെ ഒളിപ്പിച്ചു വെച്ചാല്‍ പെറ്റു പെരുകും എന്ന സങ്കല്പം എത്ര മനോഹരമാണ്! അങ്ങനെ എത്രയെത്ര പീലികള്‍ നമ്മുടെ ബാല്യകുതൂഹലങ്ങളുടെ പുസ്തകത്താളുകളില്‍ നാം ഒളിപ്പിച്ചു വെച്ചിരിക്കുന്നു? ആരും കാണാതെ , അറിയാതെ എല്ലാവരും ഉറങ്ങിയ ശേഷം പേജുകള്‍ തുറന്നു നോക്കി പീലി പെറ്റിട്ടുണ്ടോ എന്ന് എത്ര പ്രാവശ്യം നോക്കിയിരിക്കുന്നു ? ഇല്ല എന്നു കാണുമ്പോള്‍ ഒരല്പം സങ്കടമൊക്കെ തോന്നുമെങ്കിലും നാളെ ഉറപ്പായും പെരുകും എന്ന പ്രതീക്ഷയോടെ ശാന്തമായി ഉറക്കത്തിലേക്ക് വഴുതിപ്പോകുന്ന ആ നിമിഷങ്ങളെ , ഇത്രയും കാലത്തിനു ശേഷം ഓര്‍‌ത്തെടുക്കുന്നതുതന്നെ ഒരു ഒരു അനുഭൂതിയാണ്. ഇപ്പോഴും ഏതൊക്കെയോ പുസ്തകത്താളുകള്‍ക്കിടയില്‍ അന്നു നിക്ഷേപിച്ച പീലികള്‍ ഒറ്റയായി ഇരിക്കുന്നുണ്ടാകും.ഇപ്പോഴും കുഞ്ഞുങ്ങള്‍ കണക്കു പുസ്തകത്തിലും സാമൂഹ്യപാഠത്തിലും പീലികള്‍ ഒളിപ്പിച്ചു വെക്കുന്നുണ്ടാകണം. കളങ്കമറ്റ കണ്ണുകള്‍ , പിറ്റേന്നും പിറ്റേന്നും പീലി പെറ്റുവോ എന്ന് തുറന്നു നോക്കുന്നുണ്ടാകണം. ഇല്ല എന്നു കാണുമ്പോള്‍ പ്രതീക്ഷയുടെ പൂത്തിരികള്‍ക്കു വേണ്ടി നാളെയെ കാത്തിരിക്കുന്നുണ്ടാകണം.
            അതൊരു കാത്തിരിപ്പാണ്. പന്തു കുഴിച്ചിട്ടിട്ട് , പന്തു മരമായി വളരുന്നത് കാത്തിരിക്കുന്നതുപോലെ. അവിടെ നിങ്ങളുടെ യുക്തികള്‍ക്ക് പ്രസക്തിയോ പ്രാധാന്യമോ ഇല്ല.പീലി പെറ്റ് പെരുകില്ലെന്നും പന്തു കുഴിച്ചിട്ടാല്‍ അത് പന്തുമരമായി മുളക്കില്ലെന്നും ചിന്തിക്കുന്നത് നമ്മുടെ യുക്തിബോധമാണ്.ശൈശവങ്ങളിലെ കൌതുകങ്ങള്‍ക്ക് യുക്തിയല്ല അടിസ്ഥാനപ്രമാണമാകുന്നത്. ചില സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്.ആ സ്വപ്നങ്ങളുടെ മുകളില്‍ നിങ്ങളുടെ യുക്തിയുടെ കൈകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ക്ക് വയസ്സാകുകയാണ്. നിഷ്കളങ്കമായ നൈര്‍മല്യങ്ങളുടെ മുകളില്‍ പെയ്തിറങ്ങുന്ന ഇത്തരം രസംകൊല്ലികളെ പക്ഷേ , ജീവിതത്തിന്റെ ഒരു ഘട്ടത്തിനു ശേഷം സ്വീകരിക്കുവാന്‍ നാം നിര്‍ബന്ധിതരായിത്തീരുന്നു എന്നത് വസ്തതുയാണെങ്കിലും പീലി പെരുകില്ല എന്ന വാദം ശാസ്ത്രീയമായി ഉന്നയിച്ച് രസമുകുളങ്ങളെ തുലച്ചു കളയാന്‍ നാം മുതിരാറുണ്ടോ ? ആ കൌതുകങ്ങളെ ഒരല്പം രസത്തോടെ ആസ്വദിക്കുകയല്ലേ പതിവ് ?
            അത്തരം കൌതുകങ്ങളെ ആവിഷ്കരിക്കുകയും അവയിലേക്ക് ജീവിതത്തിന്റെ കര്‍ക്കശവും സങ്കുചിതവുമായ കടന്നു കയറ്റങ്ങള്‍ വന്നു കേറുന്നതിന്റെ പരിണതികളെ അടയാളപ്പെടുത്തുകയും ചെയ്യുന്ന കവിതകളാണ് ശ്രീ മോഹനകൃഷ്ണന്‍ കാലടിയുടേത്.
            കുന്നിടിച്ചു നിരത്തുന്ന യന്ത്രമേ
            മണ്ണു മാന്തിയെടുക്കുന്ന കൈകളില്‍
            പന്തു പോലൊന്നു കിട്ടിയാല്‍ നിര്‍ത്തണേ
            ഒന്നു കൂക്കി വിളിച്ചറിയിക്കണേ
            പണ്ടു ഞങ്ങള്‍ കുഴിച്ചിട്ടതാണെടോ
            പന്തുകായ്ക്കും മരമായ് വളര്‍ത്തുവാന്‍  - മയില്‍പ്പീലി കൌതുകം പോലെ നിര്‍മലമായി തുളുമ്പി നില്ക്കുന്ന പന്തുമരം വളര്‍ത്താനുള്ള കൊതിയെ നാം എങ്ങനെയാണ് അനുഭവിക്കുന്നത് ? ആ കൊതിയിലേക്ക് വന്നു കേറുന്ന മണ്ണുമാന്തിയുടെ യാന്ത്രികമായ ആനുകാലിക ആസുരതകളെ നാം എങ്ങിനെയാണ് സമീപിക്കുക?
            പുരാതനവും ജൈവികവുമായതും , ആധുനികവും എന്നാല്‍ യാന്ത്രികമായതുമായ ദ്വന്ദ്വങ്ങളുടെ സംഘര്‍ഷം മോഹനകൃഷ്ണന്‍ കാലടിയുടെ കവിതകളെ നിര്‍മിക്കുന്നു.സ്വാഭാവിക നൈര്‍മല്യങ്ങളെ പകരം വെക്കുകയും യുക്തിബോധത്തിന്റെ ഘനഗാംഭീര്യങ്ങളെ ഉല്ലംഘിക്കുകയും ചെയ്തുകൊണ്ട് ,
            എങ്കിലുമുണ്ടൊരു സംശയം , പേടിയും
            വന്നു വീഴുന്നതിന്‍ കൂടെയെങ്ങാന്‍
            വല്ല ദൈവങ്ങളുമുണ്ടായിരിക്കുമോ
            എല്ലാത്തിന്റേയും കണക്കുമായി ? എന്നു ചോദിക്കുമ്പോള്‍ നാം അനുഭവിക്കുന്ന സ്തബ്ദത അനുഭവപ്പെടുന്നുണ്ടെങ്കില്‍ യന്ത്രവത്കൃത സംസ്കാരത്തിന്റെ തീജ്ജ്വാലകള്‍ നമ്മെ മുഴുവനായുംതന്നെ പുഴുങ്ങി എടുത്തു കഴിഞ്ഞിട്ടില്ല എന്ന് ആശ്വസിക്കാം.
            വന്‍‌കോലാഹലങ്ങളെ ഇക്കവി നേരിടുന്നത് , പ്രതിരോധങ്ങളുടെ വമ്പന്‍ മതിക്കെട്ടുകളെ സൃഷ്ടിച്ചുകൊണ്ടല്ല, മറിച്ച് മുള്ളുകള്‍ക്കു മുന്നില്‍ പൂവുകളെ അണി നിരത്തിക്കൊണ്ടാണ്. സംഗ്രാമത്തിന്റെ ഭേരികളിലേക്ക് ഉറക്കുപാട്ടിന്റെ നിഷ്കളങ്കതയെ പകരം വെച്ചുകൊണ്ടാണ്. അല്ലായിരുന്നുവെങ്കില്‍ രാമനും റഹ്മാനും വ്യത്യസ്ഥരാകുന്നത് അറ്റത്ത് ഇത്തിരി തോലു മുറിച്ചു കളഞ്ഞ ലിംഗത്തിന്റെ കണക്കില്‍ മാത്രമാണെന്നും രണ്ടാളുകളുടേയും ലിംഗങ്ങളെ അപ്പാടെ മുറിച്ചു മാറ്റി നമുക്കു മനുഷ്യരായിത്തീരരുതോ എന്നുമുള്ള ചോദ്യം ഉടലെടുക്കില്ലായിരുന്നു.നോക്കുക
            റഹ്മാനേ , ചങ്ങാതീ രാമനാണ്ടോ
            നമ്മളൊന്നിച്ചു പഠിതാണ്ടോ
            ഉപ്പിട്ട നെല്ലിക്ക മാറി മാറി
            തുപ്പലും കൂട്ടിക്കടിച്ചതാണ്ടോ
            കള്ളപ്പെറുക്കു കളിയിലെന്നും
            തന്തക്കു ചൊല്ലിപ്പിരിഞ്ഞതാണ്ടോ
.............................................
..........................................
അങ്ങനെ നമ്മളിരുട്ടത്തു ചെന്നിരു
ന്നഞ്ചു രൂപക്കൊരു ബെറ്റു വെച്ചു
എത്ര മെനക്കെട്ടുവെങ്കിലും കിട്ടിയ
ശുക്ലമൊരേയളവായിരുന്നു
അപ്പൊളല്ലേ നമ്മള്‍ കണ്ടു പിടിച്ചത്
നമ്മള്‍ക്കിടയിലാ വ്യത്യാസം
നമ്മള്‍ക്കതങ്ങു മുറിച്ചു കളഞ്ഞാലോ
നമ്മളൊന്നിച്ചു പഠിച്ചതല്ലേ ? – ഏതു തരം യുക്തിയെ മുന്നില്‍ നിറുത്തിയാണ് ഈ ചോദ്യത്തിന്റെ ലളിതമായ ജൈവികതയെ നിങ്ങള്‍ പ്രതിരോധിക്കുക? മതമുണ്ടാക്കിയെടുക്കുന്ന വ്യത്യാസങ്ങളിലെ നിസ്സാരതകളില്‍ ഹോമിക്കപ്പെടുന്ന ആധുനിക മനുഷ്യസമൂഹങ്ങള്‍ക്ക് ഈ ചോദ്യത്തിന്റെ ആന്തരികാര്‍ത്ഥങ്ങളെ അനുധാവനം ചെയ്യുവാനുള്ള എല്ലുറപ്പ് ഉണ്ടാകുമോ എന്നതാണ് അടിസ്ഥാനപ്രശ്നം.

            മോഹനകൃഷ്ണന്റെ കവിതകളുടെ ആന്തരികമായ നൈര്‍മല്യങ്ങള്‍ക്ക് മുറിവുകളില്ലാത്ത മാനവികതയെ മാത്രമേ പകരം വെക്കാന്‍ കഴിയുകയുള്ളു എന്നത് അക്കവിതകളുടെ ഉള്ളുറപ്പിന്റെ സൂചകമാണ്.മനുഷ്യനാവുക എന്നല്ല ഈ കവി പറയുന്നത് , മനുഷ്യനോളം മനുഷ്യനാകുക എന്നാണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1