#ദിനസരികള്‍ 229


ജയിലില്‍ എന്റെ സഹതടവുപുള്ളിയായിരുന്നു ബാലേട്ടന്‍. പണിയ വിഭാഗത്തില്‍‌പ്പെടുന്ന അദ്ദേഹം, ജയിലില്‍ വന്നിട്ട് ഏകദേശം ആറുമാസത്തോളമായി.മദ്യവില്പന നടത്തി എന്നതാണ് കേസ്. പക്ഷേ ബാലേട്ടന്‍ പറയുന്നത് , കുടിക്കാന്‍ വേണ്ടി വാങ്ങിയതാണെന്നാണ്. അത് എക്സൈസുകാരു പിടിച്ചു.അവര്‍ അബ്കാരി നിയമമനുസരിച്ച് കേസെടുത്ത് ജയിലിലെത്തിച്ചു. ഇതുവരെ ജാമ്യത്തില്‍ പോയിട്ടില്ല. താല്പര്യമില്ലാത്തതുകൊണ്ടല്ല , ജാമ്യമെടുക്കാന്‍ ആളില്ലാത്തതുകൊണ്ടാണ്.
            മറ്റൊരു കേസിലെ പ്രതിയായ പൊക്കന്‍ എന്നൊരാളും ഇവിടെയുണ്ട്. അടിയുണ്ടാക്കി എന്നതാണ് കേസ്. കൊല്ലങ്ങള്‍ക്കുമുമ്പാണ് സംഭവം. അന്ന് കുറച്ചുനാള്‍ ജയിലില്‍ കിടന്നതാണ്.പിന്നീട് പുറത്തിറങ്ങി കുടകിലേക്ക് പണിക്കുപോയി.മൂന്നു നാലു കൊല്ലം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കേസ് വാറണ്ടായിക്കിടക്കുന്നു. പോലീസ് തപ്പിപ്പിടിച്ച് വീണ്ടും ജയിലിലെത്തിച്ചു. ജാമ്യമെടുക്കാന്‍ ആളില്ലാത്തതുകൊണ്ട് ജയിലില്‍ കിടക്കുന്നു.ബാലന്‍ എന്നു പേരുള്ള മറ്റൊരാളുണ്ട്.പണിയനാണ്.അദ്ദേഹം പറയുന്നത് താന്‍ പുറത്തിറങ്ങുന്നില്ല എന്നാണ്. കാരണം , പുറത്തിറങ്ങിയാല്‍ ജോലിക്കു പോകണം. സ്വഭാവികമായും കുടകിലേക്കാണ് പോകേണ്ടത്. അവിടെച്ചെന്നാല്‍ കേസിന്റെ തീയതികള്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ ഇവിടെ വരണം. വക്കീലിനെ ഏര്‍പ്പാടാക്കണം. അയാള്‍ക്ക് പൈസ കൊടുക്കണം.കേസു തീരുന്നതുവരെ ഒരു സ്വസ്ഥതയുമുണ്ടാവില്ല.അതുകൊണ്ട് കോടതി ശിക്ഷ വിധിക്കുന്നതുവരെ ജയിലില്‍ത്തന്നെ കൂടാനാണ് തീരുമാനം.വിചാരണക്കാലം ശിക്ഷയായി പരിഗണിച്ച് വിധിപറയുന്ന അന്നുതന്നെ പുറത്തിറങ്ങാന്‍ കഴിയും എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍.
            ഇവിടെ ചൂണ്ടിക്കാണിച്ച ഓരോ കേസുകളും പരിഗണിക്കുക. അവര്‍ക്ക് അവരവരുടേതായ ന്യായങ്ങളുണ്ട്. നിയമത്തിന് നിയമത്തിന്റേതായ ന്യായങ്ങളുമുണ്ട്. സാങ്കേതികമായി നിയമം ശരിയായിരിക്കാം.പൌരനെന്നുള്ള നിലയില്‍‌ നിയമത്തിന്റെ കെട്ടുപാടുകളുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ സഹിക്കേണ്ടതുതന്നെ. പക്ഷേ , പാര്‍ശ്വവത്കരിക്കപ്പെട്ട , സമൂഹത്തിന്റെ പൊതുധാര അനുഭവിക്കുന്ന സുഖസൌകര്യങ്ങളൊന്നും അറിയാത്ത ഒരു വര്‍ഗ്ഗത്തിന്റെ പ്രതിനിധികള്‍ എന്ന നിലയില്‍ അവരോട് , പരിഷ്കൃതരെന്ന് സ്വയം അഭിമാനിക്കുന്ന നാം കുറച്ചുകൂടി മാനുഷികമായി പെരുമാറേണ്ടതല്ലേ ? നിസ്സാരമായ കുറ്റങ്ങള്‍ക്ക് അവരെ ജയിലിലടക്കുന്ന രീതി ആശാസ്യമാണോ ? കൃത്യമായി തെളിവുകളുള്ള കടുത്ത കുറ്റങ്ങളുടെ കാര്യത്തെക്കുറിച്ചല്ല ഞാനിവിടെ പറയുന്നത്.നിസ്സാരമായ പെറ്റിക്കേസുകളായി റജിസ്റ്റര്‍ ചെയ്യുന്നവയുടെ കാര്യത്തിലെങ്കിലും കോടതിയും പോലീസും കുറച്ചുകൂടി മാനവികത കാണിക്കണം. നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണ് എന്ന ഗീര്‍വ്വാണമൊക്കെ അവിടെ നില്ക്കട്ടെ.
            എന്റെ കൂടെത്തന്നെ മൂന്നു പേരാണ് അന്ന് അവിടെയുണ്ടായിരുന്നത്. അപ്പോള്‍ ജയിലിലാകെ എത്ര പേര്‍ കാണും ?കേരളത്തിലാകെ എത്ര പേര്‍ ? ആലോചിക്കേണ്ട വിഷയമാണ്. ഇവര്‍ ജയിലുകളില്‍ അനുഭവിക്കുന്ന മനുഷ്യാവകാശലംഘനങ്ങളും പീഢനങ്ങളും വേറൊരു കഥയാണ്.

            എന്തു ചെയ്യാന്‍ കഴിയും ? ആദിവാസികളുടെ പേരിലുള്ള കേസുകള്‍ക്ക് പ്രത്യേക പരിഗണന നല്കണം. പെറ്റിക്കേസുകളി‍ല്‍ സ്വന്തമായ ജാമ്യത്തില്‍ വിട്ടയക്കണം. റിമാന്റ് കഴിയുന്നത്ര ഒഴിവാക്കണം. കുറ്റകൃത്യങ്ങള്‍ , ഉദാഹരണത്തിന് അബ്കാരി പോലെയുള്ളവ ആവര്‍ത്തിക്കുന്നുവെങ്കില്‍ പരിഗണനകള്‍ മാറ്റിവെച്ചുകൊണ്ട് സാധാരണ പോലെ നടപടികളെടുക്കട്ടെ. ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവരുടെ ഒരു ലിസ്റ്റു ഉണ്ടാക്കണം. ആദ്യതവണ കേസുകളില്‍ കുടുങ്ങുന്നവരെ ഒരു കാരണവശാലും ജയിലിലേക്ക് അയക്കാതിരിക്കണം.ഇക്കാര്യങ്ങളില്‍ ആവശ്യമായ തീരുമാനമുണ്ടാക്കുന്നതിനും നിയമനിര്‍മാണമടക്കമുള്ള കാര്യങ്ങളെക്കുറിച്ചാലോചിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1