#ദിനസരികള്‍ 233


വിഷാദം എന്ന വാക്ക് നമ്മള്‍ ഏറെക്കുറെ എല്ലാ ദിവസവും കേള്‍ക്കുകയും പറയുകയും ചെയ്യുന്ന ഒന്നാണ്. പ്രിയപ്പെട്ടവരെ കാണുമ്പോള്‍ നാം പ്രതീക്ഷിക്കുന്ന പ്രസരിപ്പ് അവനില്‍ / അവളില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഉടനെ ചോദിക്കുന്ന ചോദ്യമാണ് എന്താണ് നിനക്കൊരു വിഷാദമെന്ന്. ഒരല്പം താടി നീട്ടി വളര്‍ത്തിയാലും , കുറച്ച് മുഷിഞ്ഞ വസ്ത്രം ധരിച്ചാലുമൊക്കെ നാം ഈ ചോദ്യം കേള്‍ക്കാറുമുണ്ട് ; പലപ്പോഴും ചോദിക്കാറുമുണ്ട്. നീയങ്ങു മെലിഞ്ഞു പോയല്ലോടാ എന്ന് അനുതപിക്കുന്ന അതേ സ്നേഹവായ്പോടെ തന്നെയാണ് നാം ഈ ചോദ്യവും ഉന്നയിക്കാറുള്ളത്.എന്നാല്‍ കേവലമായ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന താല്ക്കാലികമായ വിഷാദമല്ല , വിഷാദരോഗം എന്ന് അറിയപ്പെടുന്ന ഡിപ്രസീവ് ഡിസോര്‍ഡര്‍ ലോകാരോഗ്യസംഘടന പറയുന്നു. വരുന്ന വര്‍ഷങ്ങളില്‍ നമുക്കിടയില്‍ ഈ രോഗത്തിന്റെ വന്‍വര്‍ദ്ധനവുണ്ടാകുമെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുമുണ്ട്.
            കോഴിക്കോട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സിന്റെ ഡയറക്ടറായിരുന്ന ഡോ. പി എന്‍ സുരേഷ് കുമാര്‍ പറയുന്നു :- “വിഷാദം എന്നു കേള്‍ക്കുമ്പോള്‍ പ്രതികൂല സാഹചര്യങ്ങളില്‍ തോന്നുന്ന ദുഖം എന്നാണ് പലരും ധരിക്കുക.അതുകൊണ്ട് വിഷാദരോഗം വെറുമൊരു മാനസികപ്രശ്നമാണെന്നും സാന്ത്വനം കൊണ്ടും ഉപദേശംകൊണ്ടും പരിഹരിക്കാവുന്നതാണെന്നും പരക്കേ ഒരു ധാരണയുണ്ട്.എന്നാല്‍ വിഷാദരോഗം വൈദ്യശാസ്ത്രപരമായി ഒരു രോഗം തന്നെയാണ്.അതിന് ശക്തവും ഏതാണ്ട് വ്യക്തവുമായ ജൈവപരമായ അടിസ്ഥാനമുണ്ട്.പാരമ്പര്യഘടകങ്ങള്‍ , കടുത്ത മാനസികസമ്മര്‍ദ്ദം , ചില ശാരീരികാവസ്ഥകള്‍ തുടങ്ങി പല ഘടകങ്ങളും വിഷാദരോഗമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കരുതപ്പെടുന്നു.ഏകദേശം മുപ്പതു വയസ്സിനും നാല്പതു വയസ്സിനും ഇടയിലാണ് വിഷാദരോഗം ആരംഭിക്കുന്നത്.എന്നിരുന്നാലും ഏതുപ്രായക്കാരേയും വിഷാദരോഗം ബാധിക്കാം.പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഈ രോഗമുണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണ്.ഈ രോഗമുള്ളവരില്‍ പതിനഞ്ചുശതമാനം ആളുകള്‍ ആത്മഹത്യ ചെയ്യുന്നു.അതിലുമെത്രയോ മടങ്ങ് അധികം ആത്മഹത്യാശ്രമങ്ങളുണ്ടാകുന്നുഈ പ്രസ്ഥാവന ഈ രോഗത്തിന്റെ ഭീകരമായ അവസ്ഥ വെളിവാക്കുന്നുണ്ട്.മാനസിക രോഗങ്ങളെ മറ്റേതൊരു രോഗവും പോലെതന്നെ പരിഗണിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം നാം ഇനിയും ആര്‍ജ്ജിച്ചു കഴിഞ്ഞിട്ടില്ല എന്നതുകൂടി സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ.
            തുടക്കത്തിലേ കണ്ടെത്താന്‍ കഴിയുക എന്നത് ഈ അസുഖത്തില്‍നിന്നും എളുപ്പം മുക്തമാകാന്‍ സഹായിക്കുന്ന ഘടകമാണ്.അങ്ങനെ കണ്ടെത്താന്‍ സഹായിക്കുന്ന എട്ടു ലക്ഷണങ്ങളെ ഡോ.പി എന്‍ സുരേഷ് കുമാര്‍‌ അക്കമിട്ടു നിരത്തുന്നുണ്ട്
  1. നേരത്തെ താല്പര്യമുണ്ടായിരുന്ന കാര്യങ്ങളില്‍ താല്പര്യം നഷ്ടപ്പെടുക
  2. വേണ്ട സമയത്ത് വൈകാരികമായി പ്രതികരിക്കാന്‍ കഴിയാതെ വരിക
  3. പതിവുനേരങ്ങള്‍ക്കു പകരം ഉറക്കം തെളിയുക
  4. വൈകുന്നേരങ്ങളെക്കാള്‍ വിഷാദവും ദുഖവും അസ്വസ്ഥതയും രാവിലെ കൂടുതലുണ്ടാകുക
  5.  ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യമുണ്ടാവുക
  6. വിശപ്പ് തീരേ ഇല്ലാതാകുക
  7. ശരീരത്തിന്റെ തൂക്കം കുറയുക
  8. ലൈംഗിക താല്പര്യം കുറയുക ഇല്ലാതാകുക

വേണ്ട സമയത്ത് കൃത്യമായ ചികിത്സ ലഭിച്ചാല്‍ ഗുരുതരമാകുന്നതില്‍ നിന്നും തടയാന്‍ കഴിയുന്ന ഈ രോഗത്തില്‍ നിന്നും മുക്തനാക്കിയെടുക്കാന്‍ ചുറ്റുവട്ടത്തുള്ളവര്‍ കൂടി ശ്രമിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് എല്ലാവരും ഒരു ധാരണ ഉണ്ടാക്കി വെക്കുന്നത് വളരെ നല്ലതാണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1