#ദിനസരികള്‍ 230

അപരങ്ങളെ നിര്‍മിക്കാനും ശത്രുപക്ഷത്തു നിറുത്തുവാനുമുള്ള ആയുധമായി ദേശീയത എന്ന സങ്കല്പനം ഉപയോഗിക്കപ്പെടുമ്പോള്‍ , നോബല്‍ സമ്മാനിതനായ ശ്രീ രവീന്ദ്രനാഥ ടാഗോര്‍ 18915 16 കാലത്ത് എഴുതിയ ദേശീയത എന്ന പുസ്തകത്തില്‍ നിന്ന് ശ്രീ കെ അരവിന്ദാക്ഷന്‍ ഉദ്ധരിക്കുന്നത് നോക്കുക. ദേശീയതയെപ്പറ്റി ഇന്ത്യക്ക് ശരിയായ ഒരു ബോധം ഉണ്ടായിരുന്നിട്ടില്ല.എന്റെ കുട്ടിക്കാലത്ത് എന്നെ പഠിപ്പിച്ചിരുന്നത് ദൈവത്തെക്കാളും മാനവ സമുദായത്തേക്കാളും ആദരിക്കേണ്ടത് രാഷ്ട്രത്തെയാണെന്നാണ്.എന്നാല്‍ ഞാനാ ബോധത്തിനപ്പുറത്തേക്ക് വളര്‍ന്നതായി വിശ്വസിക്കുന്നു.മാനവിക മൂല്യങ്ങളെക്കാള്‍ മഹത്തരമാണ് രാഷ്ട്രം എന്ന വിദ്യാഭ്യാസസങ്കല്പനത്തെ എതിര്‍ത്തു തോല്പിച്ചാല്‍‌ എന്റെ ജനങ്ങള്‍ക്ക് പലതും നേടാനുണ്ടെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.” (India has never had a real sense of nationalism. Even though from childhood I had been taught that the idolatry of Nation is almost better than reverence for God and humanity, I believe I have outgrown that teaching, and it is my conviction that my countrymen will gain truly their India by fighting against that education which teaches them that a country is greater than the ideals of humanity.)
            ആവര്‍ത്തിക്കട്ടെ , മാനവിക മൂല്യങ്ങളെക്കാള്‍ മഹത്തരമാണ് രാഷ്ട്രം എന്ന വിദ്യാഭ്യാസസങ്കല്പനത്തെ എതിര്‍ത്തു തോല്പിച്ചാല്‍‌ എന്റെ ജനങ്ങള്‍ക്ക് പലതും നേടാനുണ്ടെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.കാലികമായി ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉചിതമായ മറുപടിയാണ് , നമ്മുടെ ദേശീയ ഗാനത്തിന്റെ രചയിതാവ് മുന്നോട്ടു വെക്കുന്നത്.നാലതിര്‍ത്തുക്കുള്ളില്‍ അധിവസിക്കുന്ന ജനവിഭാഗങ്ങളെ സങ്കുചിത താല്പര്യങ്ങളുടെ പേരില്‍ വിഭജിക്കുകയും ശത്രുക്കളാക്കി നിലനിറുത്തുകയും ചെയ്യുന്ന തന്ത്രങ്ങളില്‍ നിന്ന് ജനതയെ മോചിപ്പിക്കുകയും മാനവികത എന്ന ഒരൊറ്റ മൂല്യത്തിന്റെ വസന്തോത്സവത്തിലേക്ക് ആനയിക്കുകയും വേണമെന്ന് അദ്ദേഹം ശഠിച്ചതിന്റെ പിന്നില്‍ , ഇന്ത്യ എത്തിപ്പെടാനിരിക്കുന്ന സാഹചര്യങ്ങളെ അന്നേ കടന്നു കാണുവാനുള്ള അദ്ദേഹത്തിന്റെ കഴിവുതന്നെയാണ്. ദേശീയത ചോദ്യം ചെയ്യപ്പെടാനാകാത്ത ഒരു വികാരമായി മാറ്റിയെടുക്കപ്പെടുകയും ആ വികാരത്തിന്റെ ചക്രങ്ങള്‍ക്കു പിന്നില്‍ രാജ്യത്തെ കെട്ടിവലിക്കാനാകുമെന്ന കുശാഗ്രബുദ്ധി നടപ്പിലാകുകയും ചെയ്തതോടെ ദേശീയതയെ ഉറപ്പിച്ചു നിറുത്തുന്ന  ചില ഘടകങ്ങള്‍ കൂടി നിര്‍മിച്ചെടുക്കപ്പെട്ടു. മതമായും ദേശീയ സ്മാരകങ്ങളായും പൌരാണിക ബിംബങ്ങളായുമൊക്കെ അത്തരം ഘടകങ്ങള്‍ രംഗത്തുവന്നു. അവയില്‍ സര്‍വ്വപ്രാധാന്യത്തോടെ ദേശീയമതമായി ഹിന്ദുത്വം  അവരോധിക്കപ്പെട്ടതോടെ    അപരരെ കണ്ടെത്തുവാന്‍ കൂടുതല്‍ വ്യക്തമായ മാര്‍ഗ്ഗം തുറന്നിടപ്പെട്ടു. അഹിന്ദുക്കളെയൊക്കെ ഒറ്റ യൂണിറ്റായി പരിഗണിച്ചുകൊണ്ട് ദേശവിരുദ്ധതയുടെ കള്ളിയിലേക്ക് മാറ്റിനിറുത്തുക എന്ന ജോലി ഇക്കാലങ്ങളില്‍ ഏറെ ശുഷ്കാന്തിയോടെ നടന്നു വരുന്നുണ്ട്. അതെത്രമാത്രം വിജയത്തിലെത്തുമെന്നതിലാണ് ഇന്ത്യയുടെ ഭാവിയുടെ നിലനില്പ്.അധികാരത്തിന്റെ കൈകളിലെ ആയുധമായി ഉപയോഗിക്കപ്പെടുന്ന ദേശീയതയെ ദേശീയത നായാട്ടിനിറങ്ങുമ്പോള്‍ എന്ന ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1