#ദിനസരികള്‍ 228

ചോദ്യം :- ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതിതന്നെയാണ് വര്‍ഗ്ഗം എന്ന വാദത്തെ എങ്ങനെ കാണുന്നു?
ഉത്തരം :- അസംബന്ധമാണത്. മാര്‍ക്സിയന്‍ സങ്കല്പനങ്ങളില്‍ വര്‍ഗ്ഗമെന്താണെന്ന അടിസ്ഥാന ധാരണയുള്ള ഒരാള്‍ തമാശക്കുപോലും അങ്ങനെ പറയുമെന്ന് കരുതുന്നില്ല.
ചോദ്യം :- അത് അറിയാത്ത ആളായിരിക്കില്ലല്ലോ ഇങ്ങനെയൊരു വാദമുന്ന യിച്ചിട്ടുണ്ടാകുക? അതുകൊണ്ട് ആ നിലപാടിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യേണ്ടതല്ലേ?
ഉത്തരം :- ഒരിക്കലും യോജിക്കാത്ത രണ്ടു വിരുദ്ധകോടികളെ ബന്ധിപ്പിക്കണം എന്ന ആവശ്യം എത്രമാത്രം സൈദ്ധാന്തികമായി അവതരിപ്പിക്കപ്പെട്ടാലും അസംബന്ധം തന്നെയാണ്.
ചോദ്യം :- നിങ്ങള്‍ പിടിവാശി കാണിക്കുകയാണ്. പുതിയ തരം ചിന്തകളെ അംഗീകരിക്കില്ല എന്നത് ശരിയല്ല.കാലം മാറുന്നതിനനുസരിച്ച് മാറ്റങ്ങളെ സ്വാംശീകരിക്കണമെന്ന് മാര്‍ക്സ് തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും നിങ്ങളെപ്പോലുള്ളവര്‍ അതിനു തയ്യാറാകുന്നില്ല.
ഉത്തരം :- ഒന്നാമത് ഇതൊരു പുതിയ ചിന്തയല്ല എന്ന് മനസ്സിലാക്കുക.രണ്ടാമത് , വര്‍ഗ്ഗമെന്ന പരികല്പന രൂപം കൊള്ളുന്നത് ഉല്‍പാദനോപാദികളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടാണ്.അധ്വാനശേഷിയെ വില്ക്കുന്നവരെയാണ് തൊഴിലാളി വര്‍ഗ്ഗമെന്ന് സങ്കല്പിച്ചുപോരുന്നത്.What kind of working class does capitalism produce? What are its conditions of life , what sort of individual and collective behaviour do these material conditions create? എന്നു ചോദിച്ചു കൊണ്ട് ഹോബ്സ് ബോം എഴുതുന്നു :- Capitalism pitchforks the new proletariat , often composed of immigrants from pre-industrial backgrounds ,into a social hell in which they are ground down underpaid or starved left to rot in slums, neglected, despised and coerced,not only by the impersonal force of competition but by the bourgeoisie as a class which regards them as objects and not as men as ‘labour’ or ‘hands’ and not as human beings. ഇതില്‍ നിന്നും തൊഴിലാളി വര്‍ഗ്ഗമെന്താണെന്നും അത്തരക്കാരോട് മുതലാളിത്തം കൈക്കൊണ്ടിരിക്കുന്ന രീതികളെന്തെല്ലാമെന്നും വ്യക്തമാണല്ലോ. ഇനി ഇന്ത്യന്‍ സാഹചര്യം എന്ന വിശേഷണം പരിഗണിക്കുക. വര്‍ഗങ്ങളെ പരിഗണിക്കുന്നതില്‍ പ്രാദേശികമായ സാഹചര്യങ്ങളെ കൊണ്ടുവരുന്നത് , സത്യത്തില്‍ വര്‍ഗ്ഗങ്ങളെ അതല്ലാതാക്കുന്ന പ്രക്രിയയാണ്. തൊഴിലിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുന്നതിന് പകരം ജാതിയുടെ അടിസ്ഥാനത്തില്‍‌ വിഭജിക്കപ്പെടുന്നതോടെ , തകര്‍ക്കപ്പെടേണ്ട സവര്‍ണ സാമുദായികക്രമത്തിന് ഒത്താശ പാടുകയാണ് ചെയ്യുന്നത്. കാരണം ജാതിയിലൂടെയാണ് വര്‍ഗ്ഗമുണ്ടാകുന്നതെങ്കില്‍ വര്‍ഗ്ഗമാകുന്നത് ജന്മകാരണങ്ങളാലാണ് എന്നു വരും. അതൊരിക്കലും തിരുത്തപ്പെടുന്നതല്ല.എന്നുവെച്ചാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതിയാണ് വര്‍ഗ്ഗം എന്ന ചിന്തയെ അംഗീകരിച്ചാല്‍ ജാതിയെ ഉന്മൂലനം ചെയ്യേണ്ടതിനു പകരം നിലനിറുത്തിക്കൊണ്ടു പോകേണ്ട ബാധ്യതയുണ്ടാകും.
ചോദ്യം :- അല്ല , ജാതി എന്നു പറയുമ്പോള്‍ .........
ഉത്തരം :- പ്രിയപ്പെട്ട സുഹൃത്തേ താങ്കളുടെ താത്വികവ്യഥകള്‍ അവിടെയിരിക്കട്ടെ. നാം സംസാരിക്കുന്നത് മാര്‍ക്സിസത്തെക്കുറിച്ചും അത് സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന രീതികളെക്കുറിച്ചുമാണ്.സ്വത്വങ്ങളില്‍ വര്‍ഗ്ഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിധത്തെക്കുറിച്ച് ഇനിയുമിനിയും എത്രയോ ചര്‍ച്ചകള്‍ നടക്കേണ്ടതാണ്.എന്നാല്‍ സ്വത്വങ്ങള്‍ തന്നെയാണ് വര്‍ഗ്ഗം എന്നു ചിന്തിക്കുന്നത് മാര്‍ക്സിയന്‍ ടൂളുകള്‍ സമൂഹത്തില്‍ പ്രയോഗിക്കുന്ന രീതികളുടെ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്.അതുകൊണ്ട് വര്‍ഗ്ഗം തന്നെയാണ് ജാതി എന്നു പറയുന്നവര്‍ മാര്‍ക്സിസത്തെയല്ല , മുതലാളിത്തത്തെ സഹായിക്കാനും, അതുവഴി ജാതിയുടെ കെട്ടുപാടുകളില്‍ ആണ്ടുകിടക്കുന്ന ജനതതികളെ ചൂഷണം ചെയ്യാനുമാണ് ശ്രമിക്കുന്നത് ; വര്‍ഗ്ഗസിദ്ധാന്തം അവരെ മോചിപ്പിക്കാനും.




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1