#ദിനസരികള്‍ 231

ഓഷോ.ആത്മീയ വഴികളുടെ യാഥാസ്ഥിതികപാതകളെ അതിലംഘിക്കുകയും സ്വന്തം ധൈഷണികതകൊണ്ട് സമാന്തരമായ രാജവീഥി സൃഷ്ടിച്ചെടുക്കുകയും ചെയ്ത കലാപകാരിയായ ഗുരു.ദാര്‍ശനികന്‍. ജനകോടികള്‍ക്ക് ഭഗവാന്‍.1931 ഡിസംബര്‍ പതിനൊന്നിന് മധ്യപ്രദേശിലെ കുച്ച്‌വാഡയില്‍ ജനിച്ച രജനീഷ് ചന്ദ്രമോഹൻ ജെയിൻ തത്ത്വശാസ്ത്രത്തില്‍ പ്രൊഫസറായി കുറച്ചു കാലം പ്രവര്‍ത്തിച്ചതിനുശേഷമാണ് തന്റേതായ ഒരു ദര്‍ശനത്തെ രൂപപ്പെടുത്തിയെടുക്കാനുള്ള പരിശ്രമവുമായി ലോകത്തിന്റെ നടമുറ്റത്തേക്ക് ശൂന്യമായ കൈകളുമായി വന്നു നിന്നത്.അവിടെനിന്നും അദ്ദേഹം പണിതുയര്‍ത്തിയ ദാര്‍ശനിക പ്രപഞ്ചം , എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും മാമൂലുകളുടെ കടയ്ക്കല്‍ കത്തിവെക്കുന്നതായിരുന്നു. അതുവരെ കേട്ടു പഴകിയ ചതഞ്ഞ വാക്കുകളുടെ ആത്മീയോപന്യാസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജീവിതത്തിന്റെ വര്‍ണശബളിമയോടൊപ്പം  അതിന്റെ മുഴുവന്‍ അഭംഗികളേയും ആവിഷ്കരിച്ചുകൊണ്ടും അംഗീകരിച്ചുകൊണ്ടും മുന്നോട്ടു പോകേണ്ട മനുഷ്യജീവിതം കേവലമായ  അരുതുകളില്‍ പെട്ടുകിടക്കേണ്ടതല്ലെന്നും എല്ലാ തലത്തിലും തരത്തിലുമുള്ള വിലക്കുകളെ നടുവേ മുറിച്ചു കടന്നുകൊണ്ടുവേണം ജീവിതത്തെ അതിന്റെ സമഗ്രതയില്‍ അറിഞ്ഞു പുലരാനെന്നുമുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് അനുയായികളെ ആകര്‍ഷിക്കുവാന്‍ എളുപ്പം കഴിഞ്ഞു എന്നുള്ളത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ ആശ്രമത്തിലേക്ക് ഓരോ ദിവസവും എത്തിച്ചേരാറുണ്ടായിരുന്ന ജനസഞ്ചയം തെളിയിക്കുന്നു.
            പാരമ്പര്യവാദികളെ അലോസരപ്പെടുത്തുന്ന ചിന്തകളുടെ ഘോഷയാത്ര തന്നെയായിരുന്നു ഓഷോ പുറപ്പെടുവിച്ചുകൊണ്ടിരുന്നത്.ആ ചിന്തകളിലെ നവീനമായ വര്‍ണങ്ങള്‍ ചെന്നുതൊടാത്ത മേഖലകളുണ്ടായിരുന്നില്ല.ഓഷോ ടച്ച് സ്വാഭാവികമാണെന്ന് നാം കരുതിയ സര്‍വ്വതിന്റേയും രീതിവിധാനങ്ങളെ അട്ടിമറിച്ചു.ഗതകാല ആത്മീയ ആചാര്യന്മാര്‍ കൂടുതല്‍ തിളക്കത്തോടെ അദ്ദേഹത്തിന്റെ വാക്കുകളില്‍ അവതരിപ്പിക്കപ്പെട്ടു.അവരുടെ ദര്‍ശനങ്ങളുടെ പതിവു വ്യാഖ്യാനങ്ങളെ തുടച്ചുമാറ്റിക്കൊണ്ട് പുതിയ അവബോധമുണ്ടാക്കിയെടുക്കാന്‍ ഓഷോക്ക് കഴിഞ്ഞു.
            ആത്മകഥയില്‍ ഓഷോ ഇങ്ങനെ എഴുതി - “ ഞാന്‍ പഠിപ്പിക്കുന്നത് സ്വാതന്ത്ര്യമാണ്.മനുഷ്യന്‍ എല്ലാത്തരം ബന്ധങ്ങളേയും പൊട്ടിച്ചെറിയുകയും എല്ലാ തടവറകളില്‍ നിന്നും പുറത്തു വരികയും ചെയ്യേണ്ടതുണ്ട്.അടിമത്തം ഇനി വേണ്ട.സ്വാതന്ത്ര്യത്തിന്റെ പ്രഘോഷണമായിരുന്നു അത്. ജീവിതത്തിന്റേതായി നിങ്ങള്‍ കരുതിപ്പോരുന്ന മുഴുവന്‍ കെട്ടുപാടുകളില്‍ നിന്നും മുക്തനാകുകയും ജീവിതത്തെ കൂടുതല്‍ വ്യക്തതയോടെ ആസ്വദിക്കാന്‍ കഴിയുകയും ചെയ്യുക എന്നത് സമകാലികരായ പലര്‍ക്കും അദ്ദേഹത്തെ അപകടകാരിയാക്കി. സ്വാതന്ത്ര്യം എന്ന സങ്കല്പനത്തെ രതിയുമായി ബന്ധപ്പെടുത്തുകയും അദ്ദേഹം ഫ്രീ സെക്സിന്റെ ആചാര്യനാണെന്ന വ്യാഖ്യാനങ്ങളുണ്ടാകുകയും ചെയ്തു.  രജനീഷ് ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ടത് സെക്സിന്റെ കാര്യത്തിലായിരുന്നു. ഓഷോ പറയുകയും പഠിപ്പിക്കുകയും ചെയ്തവയെയൊക്കെ സൌകര്യപൂര്‍വ്വം മറന്നുകൊണ്ട് ലൈംഗിക അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതികളെന്ന് പരക്കെ പ്രചരിപ്പിക്കപ്പെട്ടു.പക്ഷേ ജീവിതത്തിലെ മറ്റേതൊരു ഇടപാടും പോലെതന്നെയേ രതിക്കും പ്രാധാന്യമുള്ളു എന്ന ചിന്തയെ അതര്‍ഹിക്കുന്ന എല്ലാ ഗൌരവത്തോടെയും നമുക്ക് ഉള്‍‍‌ക്കൊള്ളുവാന്‍ കഴിഞ്ഞില്ല.അദ്ദേഹം പറയുന്നു – “ ഞാനൊരിക്കലും ഫ്രീ സെക്സ് പഠിപ്പിച്ചിട്ടില്ല.ഞാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് ലൈംഗികതയുടെ ദിവ്യത്വമാണ്.ലൈംഗികതയെ പ്രേമത്തിന്റെ മണ്ഡലത്തില്‍ നിന്നും നിയമത്തിന്റെ മണ്ഡലത്തിലേക്ക് തരം താഴ്ത്തരുത്.ഞാന്‍ പ്രേമത്തില്‍ വിശ്വസിക്കുന്നു.”

            ഓഷോയോടും അദ്ദേഹത്തിന്റെ വിശ്വാസങ്ങളോടും വിയോജിക്കുമ്പോള്‍തന്നെ ആത്മീയ ലോകത്തെ യാഥാസ്ഥിതികമായ കാഴ്ചപ്പാടുകളെ ഉടച്ചു വാര്‍ക്കുവാന്‍ തുനിഞ്ഞ ഓഷോയുടെ കര്‍മശക്തിയെ അഭിനന്ദിക്കാതിരിക്കുവാന്‍ നമുക്ക് കഴിയില്ല.സ്നേഹത്തില്‍ അധിഷ്ഠിതമായ മാനവികത എന്ന ആശയത്തെ ശരീരത്തിന്റെ കേവലമായ മദിരോത്സവമായി താഴ്ത്തിക്കെട്ടാനും നമുക്ക് കഴിയില്ല.ലൈംഗികത അധമവും പാപവുമാണെന്ന് അനുശാസിക്കുന്ന മതപ്രബോധനങ്ങളില്‍ അഭിരമിക്കുന്ന നമുക്ക് ഓഷോയെ മനസ്സിലാകണമെങ്കില്‍ ഇനിയും കാലം കഴിയുക തന്നെ വേണം. 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1