ദിനസരികള്‍ 227

#ദിനസരികള്‍ 227
പണ്ട് ബോംബേവാസക്കാലം.അന്ന് ബോംബേ തന്നെ, മുംബൈ ആയിട്ടില്ല. ഒഴിവുസമയങ്ങളില്‍ നഗരത്തിലെ മുക്കിലും മൂലയിലും അലഞ്ഞു നടക്കലാണ് പ്രധാന പണി.ജ്യേഷ്ഠന് ജോലി സി എസ് ടിയിലും താമസം ആന്റോപ് ഹില്ലിലാണ്.മലയാളികളുടെ രാജ്യമായ മാട്ടുംഗയിലേക്ക് ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തുനിന്നും നിന്നും അധികംദൂരമില്ല. എവിടേയും പോകാനില്ലെങ്കില്‍ മാട്ടുംഗിയിലെ പാര്‍ക്കിലും മലയാള പുസ്തകങ്ങള്‍ കിട്ടുന്ന കടകളിലും വെറുതെ കറങ്ങും. ഏകദേശം നാലുകൊല്ലക്കാലം ബോംബേയില്‍ താമസിച്ചതിനാല്‍ ആ മഹാനഗരം എനിക്ക് ഏറെക്കുറെ വശമായിക്കഴിഞ്ഞിരുന്നു.
            മുംബൈയിലുണ്ടായിരുന്ന നാലുവര്‍ഷത്തില്‍ നിന്നാണ് ഞാന്‍ ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങള്‍ പഠിച്ചെടുത്തത്.വലിയ പാഠങ്ങളെന്നൊക്കെ വെറുതെ പറയുന്നതാണ്.അത്ര വലിയ പാഠമൊന്നുമില്ല.വേണമെങ്കില്‍ ഒരു ചെറിയ പാഠം എന്നു പറയാം. അതിനെ ,  ഈ മനുഷ്യന്‍ എന്നു പറയുന്ന ജീവി , ഒരു സോപ്പുകുമിളയുടെ ഉള്ളുറപ്പുപോലുമില്ലാത്തവനാണ് എന്ന് വേണമെങ്കില്‍ വിശദമാക്കാം. വെറും നിസ്സാരന്‍. തന്റെ അല്പത്തരങ്ങളി‍ല്‍ അസാധ്യമായി അഹങ്കരിക്കുന്നവന്‍.വിജയങ്ങളില്‍ അമിതമായി ആഹ്ലാദിക്കുന്നവന്‍. പരാജയങ്ങളില്‍ വെറുതെ തന്റെ ജീവിതത്തെ മരണത്തിലേക്ക് വലിച്ചെറിയുന്നവന്‍. ഇതിനൊരു മറുപുറമുണ്ടാകുമോ? അന്നും പിന്നീടും നേരിട്ട മനുഷ്യനൊക്കെ എന്നെ പഠിപ്പിച്ചത് ഇതാണ് :- ഒരല്പം അഹങ്കാരത്തിന്റെ പരിവേഷമണിഞ്ഞ് സൂക്ഷിച്ചുവെച്ചിരിക്കുന്ന ഒരു കുമിള മാത്രമാണ് മനുഷ്യന്‍ എന്ന്.മറുപുറം ഞാന്‍ കണ്ടെത്തിയിട്ടില്ല.
            സായാഹ്നങ്ങളില്‍ വഡാലയിലെ ഓവര്‍ബ്രിഡ്ജില്‍ കയറി ചുറ്റുപാടും നോക്കി നില്ക്കുന്നത് എനിക്കിഷ്ടമായിരുന്നു. അങ്ങനെ ഒരു ദിവസം റയില്‍ വേ സ്റ്റേഷനിലേക്ക് നോക്കിനില്ക്കുമ്പോള്‍ ഒരമ്മ ഒരു കുഞ്ഞുമായി സ്റ്റേഷനില്‍ നിന്ന് റെയില്‍‌വേപ്പാളത്തിലേക്ക് നടക്കുന്നതു കണ്ടു. സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്നു.ആ ട്രെയിന്‍ അടുത്തെത്തവേ പാളത്തിലേക്ക് ശിരസ്സുചേര്‍ത്ത് ആ സ്ത്രീ കിടക്കുന്നത് ഒരു ഞെട്ടലോടെയാണ് കണ്ടത്.കുറച്ചു മുന്നോട്ടു പോയി ട്രെയിന്‍ നിന്നു. ഞാന്‍ ഓടിയിറങ്ങി അവിടേക്ക് എത്തിയപ്പോഴേക്കും ആള്‍ക്കൂട്ടം അവിടം വളഞ്ഞിട്ടുണ്ടായിരുന്നു. ആ സ്ത്രീയുടെ ശിരസ്സറ്റ ഉടലും തലയും ഒരു സ്ട്രക്ചറിലെടുത്തു പോയിക്കഴിഞ്ഞിരുന്നു.അവരുടെ കൈയ്യിലിരുന്ന കുഞ്ഞിന് എന്തു സംഭവിച്ചുവെന്ന് അറിയില്ല.ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ടാവണം.ഞാന്‍ വെറുതെ അവര്‍ തല വെച്ച ഭാഗത്തേക്ക് നോക്കി. തളം കെട്ടിക്കിടക്കുന്ന ചോര എന്നെ ഭയപ്പെടുത്തുമെന്ന് വിചാരിച്ചു. പക്ഷേ അവിടെ ഒരു തുള്ളി ചോര പോലുമുണ്ടായിരുന്നില്ല.അല്ലെങ്കില്‍ ഞാന്‍ കണ്ടില്ല.
            ആ നഗരം എനിക്ക് എത്രയോ അനുഭവങ്ങള്‍ തന്നു.പക്ഷേ ഒരാത്മഹത്യ നേരിട്ടു കണ്ടത് അന്നായിരുന്നു.പിന്നീട് കുറേ ദിവസം ഞാന്‍ വഡാല വഴി യാത്ര ചെയ്യുകയുണ്ടായില്ല.അമ്മയെക്കാളുപരി , എന്നെ ആ വഴി വിലക്കിയത് , അവരുടെ കൈയ്യിലിരുന്ന കുഞ്ഞായിരുന്നു. ഇന്നും ആ കുഞ്ഞ് വേദനിപ്പിക്കുന്ന ഒരോര്‍മ്മയാണ്.

            

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1