ദിനസരികള്‍ 225


സത്യം തെളിയിക്കുന്നതിന് വേണ്ടി കേരളത്തില്‍ വിവിധങ്ങളായ പരീക്ഷണങ്ങള്‍ നിലവിലുണ്ടായിരുന്നു.ജലപരീക്ഷ , അഗ്നിപരീക്ഷ , വിഷപരീക്ഷ, തൂക്കുപരീക്ഷ എന്നിങ്ങനെയായിരുന്നു അവ അറിയപ്പെട്ടിരുന്നത്.ശ്രീ വേലായുധന്‍ പണിക്കശേരിയുടെ കേരള ചരിത്ര പഠനങ്ങള്‍ എന്ന പുസ്തകത്തില്‍ പ്രാചീനി കേരളത്തിലെ കുറ്റങ്ങളെക്കുറിച്ചു അവക്കു ലഭ്യമായിരുന്ന ശിക്ഷകളെക്കുറിച്ചും കുറ്റവാളികളെ കണ്ടെത്തുന്ന രീതികളെക്കുറിച്ചും പറയുന്നത് , ഇത്തരം പരീക്ഷകള്‍ നടത്തിയിരുന്നത് ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു എന്നാണ്.ജല പരീക്ഷ വൈശ്യന്മാര്‍ക്കും, അഗ്നിപരീക്ഷ ക്ഷത്രീയന്മാര്‍ക്കും വിഷപരീക്ഷ ശൂദ്രന്മാര്‍ക്കും തൂക്കുപരീക്ഷ ബ്രാഹ്മണന്‍മാര്‍ക്കുമായിരുന്നു.ശരിയേത് തെറ്റേത് എന്ന് നിശ്ചയിക്കുവാന്‍ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തുക എന്നതുമാത്രമായിരുന്നു അക്കാലത്ത് പോംവഴിയായിരുന്നത്.അതായത്, അഗ്നിപരീക്ഷ നേരിടുന്നവന്‍ കുറ്റം ചെയ്തില്ലെങ്കില്‍ കൈപൊള്ളില്ല എന്ന വിശ്വാസമായിരുന്നു. തിളക്കുന്ന എണ്ണയില്‍ കൈ മുക്കിയായിരുന്നു സത്യം തെളിയിക്കേണ്ടിയിരുന്നത്. അതുപോലെ മുതലകള്‍ നിറഞ്ഞ ജലാശയങ്ങളിലൂടെ നീന്തി മറുകര എത്തുക എന്നത് ജലപരീക്ഷയും , കടുത്ത വിഷമുള്ള പാമ്പിനെ ഇട്ടടച്ചുവെച്ചിരിക്കുന്ന കുടത്തില്‍ കൈയ്യിടുക എന്നത് വിഷപരീക്ഷയുമായിരുന്നു. ഈ പരീക്ഷണങ്ങളൊന്നും ബ്രാഹ്മണര്‍ക്ക് ബാധകമല്ലായിരുന്നു. അവരെ സംബന്ധിച്ച് , കുറ്റം എഴുതിയ ഓല ശരീരത്തു കെട്ടിയിട്ട് , ഓലയില്ലാതെയും ഓലയോടുകൂടിയും തുക്കം നോക്കി ഭാരത്തില്‍ വ്യത്യസമുണ്ടെങ്കില്‍ കുറ്റക്കാരനാണെന്ന് വിധിക്കുകയായിരുന്നു പതിവ്.ഒരു ഓലക്കഷണത്തിന്റെ തൂക്കവ്യത്യാസം അനുഭവപ്പെടില്ലാത്തതുകൊണ്ട് ബ്രാഹ്മണരൊക്കെ ശിക്ഷാവിധിയില്‍ നിന്ന് നിഷ്പ്രയാസം രക്ഷപ്പെട്ടുപോകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.അഹിന്ദുക്കള്‍ ചെയ്ത കുറ്റം തെളിയിക്കാന്‍ പഴുപ്പിച്ച ഇരുമ്പില്‍ നക്കുക എന്നൊരു പരിപാടി നിലവിലുണ്ടായിരുന്നു. നാവു പൊള്ളിയാല്‍ കുറ്റവാളി.ഇല്ലെങ്കില്‍ നിരപരാധി
            ജാതി വ്യവസ്ഥയുടെ താഴെത്തട്ടിലുള്ളവര്‍ക്ക് ശിക്ഷ ഉറപ്പായിരുന്നു.കളവുപോലെയുള്ള കുറ്റത്തിന് ഇത്തരക്കാര്‍ പിടിക്കപ്പെട്ടാല്‍ കൂടുതല്‍ വിചാരണയൊന്നും നടത്താതെ ഉടന്‍ വധശിക്ഷ നടപ്പിലാക്കുകയായിരുന്നു പതിവ്. ബ്രാഹ്മണരാണെങ്കില്‍ സത്യപരീക്ഷകളൊക്കെ നടത്തിയാണ് ശിക്ഷ വിധിക്കാറുള്ളത്. അവര്‍ക്കുള്ള ശിക്ഷ പക്ഷേ, പരമാവധി ജാതിഭ്രഷ്ട് കല്പിക്കുക എന്നതായിരുന്നു.എന്നാല്‍ സ്മാര്‍ത്തവിചാരം പോലെയുള്ള സന്ദര്‍ഭങ്ങളില്‍ സ്ത്രീ പറയുന്ന ബ്രാഹ്മണരായിട്ടുള്ള പുരുഷന്മാര്‍ തിളച്ച എണ്ണയില്‍ കൈമുക്കി നിരപരാധിത്വം തെളിയിക്കണമായിരുന്നു.

            കേവലമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം തെളിവുകള്‍ കണ്ടെത്തി ശിക്ഷ വിധിച്ചിരുന്ന അക്കാലങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് , ഉയര്‍ന്ന ജാതികളില്‍‌പ്പെട്ടവര്‍ക്ക് എന്തു കുറ്റം ചെയ്താലും രക്ഷപ്പെടാന്‍ പഴുതുകളുണ്ടായിരുന്നു എന്നതാണ്.അധ:കൃതരോട് എത്ര ക്രൂരമായി പെറുമാറിയാലും അത് ഒട്ടും അധികമാകില്ല എന്നായിരുന്നു അക്കാലത്തെ അധികാരികളുടെ നിലപാട്. മനുഷ്യരാണെന്ന പരിഗണന പോലും നല്കാതെ ജീവിക്കാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു ജനവിഭാഗത്തിനോട് തുല്യതയില്‍ പെരുമാറുക എന്നത് സങ്കല്പിക്കുവാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു.ഏതായാലും കേരളത്തില്‍ നിലവിലിരുന്ന സമ്പ്രദായങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നമ്മെ കൂടുതല്‍ കൂടുതല്‍ മനുഷ്യനാകാന്‍ സഹായിക്കട്ടെ എന്ന് പ്രത്യാശിക്കാം.

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍