#ദിനസരികള്‍ 224

ദൈവങ്ങളോട് ശക്തമായ ഭാഷയില്‍ മുഖാമുഖം നിന്ന് കലഹിക്കുന്ന സന്ദര്‍ഭങ്ങള്‍ നമ്മുടെ ഇതിഹാസ പുരാണങ്ങളിലും കാവ്യനാടകാദികളിലുമുണ്ട്. പെട്ടെന്ന് മനസ്സിലേക്കെത്തുന്നത് എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിലെ ഗാന്ധാരി വിലാപമാണ്.ശ്രീകൃഷ്ണനെ അതിനുമുമ്പോ ശേഷമോ ഇത്രയും ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തുകയും ശപിക്കുകയും ചെയ്യുന്ന മറ്റൊരു രംഗം എന്റെ മനസ്സിലില്ല. പതിനെട്ടു ദിവസത്തെ ഘോരമായ യുദ്ധത്തിനു ശേഷം യുദ്ധക്കളം സന്ദര്‍ശിക്കുന്ന ഗാന്ധാരി , തന്റെ പ്രിയപ്പെട്ടവര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതിന് കാരണക്കാരനായി കണ്ടെത്തുന്നത് കൃഷ്ണനെയാണ്.കുറ്റക്കാരനായ കൃഷ്ണനോട് ഗാന്ധാരി സംവദിക്കുന്നതാകട്ടെ ഒട്ടും മയമില്ലാത്ത ഭാഷയിലുമാണ്.
            കണ്ടീലയോ നീ മുകുന്ദാ ധരണയിലു
            ണ്ടായ മന്നരില്‍ മുമ്പന്‍ ഭഗദത്തന്‍
            തന്‍ കരി വീരന്നരികെ ധനുസ്സുമായ്
            സംക്രന്ദനാത്മജന്‍ എയ്ത ശരത്തിനാല്‍
            വീണിതല്ലോ കിടക്കുന്നൂ ധരണയില്‍
            ശോണിതവുമണിഞ്ഞയ്യോ ശിവ ശിവഎന്നു തുടങ്ങുന്ന ഗാന്ധാരിയുടെ പ്രതികരണം , കൊല്ലിക്കല്‍ രസമായി കാണുന്നവനാണ് കൃഷ്ണന്‍ എന്ന ആരോപണം ഉന്നയിക്കുന്നു.അതുകൂടാതെ കല്ലുകൊണ്ടോ മനം താവക ?മാകിലാ കല്ലിനുമാര്‍ദ്രതയുണ്ടിതു കാണുമ്പോള്‍ എന്നു പറഞ്ഞുകൊണ്ട് കൃഷ്ണന്റെ മനസ്സ് കരിങ്കല്ലിനു തുല്യമാണെന്ന് ആക്ഷേപിക്കുന്നു.പിന്നീടാണ് ഗാന്ധാരിയുടെ വിലാപം അതിന്റെ പരമകോടിയിലേക്ക് എത്തുന്നത്. ആര്‍ത്തയായ ഗാന്ധാരി സാക്ഷാല്‍ ഭഗവാനെ ഇങ്ങനെ ശപിക്കുന്നു. :-
            “ഇത്ര കുടിലത്വമുണ്ടായൊരുത്തനെ
            പൃത്ഥിയിലിങ്ങനെ കണ്ടീല കേശവ
            പാങ്ങായൊരു പുറം നിന്നു നീ പോരതില്‍
            നീങ്ങാതഭിമാനികളായ ഭൂപരെ
            രണ്ടു പുറത്തുമുള്ളോര്‍കളെക്കൊല്ലിച്ചു
            കൊണ്ടതു മറ്റാരുമല്ല നീയെന്നിയെ
            എന്തിനു മറ്റുള്ളവരെ പറയുന്നു
            ചിന്തിക്കില്‍ നിന്‍മറിമായമിതൊക്കെയും
            ഗാന്ധാരി പിന്നേയും ചൊന്നാള്‍ മുകുന്ദനോ
            ടാന്തരമിത്രയുമുള്ളൊരു നീയും തവ
            വംശവും കൂടെ മുടിഞ്ഞു പോമില്ലൊരു
            സംശയം മൂന്നു പന്തിരാണ്ടു ചെല്ലുമ്പോള്‍
പ്രയോഗിച്ചിരിക്കുന്ന പദങ്ങളുടേയും ആരോപണങ്ങളുടേയും തീവ്രത നോക്കുക.ഭഗവാന്‍ എന്ന പരിവേഷമുള്ള ഒരാളുടെ മുഖത്തുനോക്കി ഇത്രയും ശക്തമായി ആക്ഷേപങ്ങളുന്നയിക്കാന്‍ ആരാണ് ധൈര്യപ്പെടുക?
            മറ്റൊരു ഭാഗം കാളിദാസന്‍ കുമാരസംഭവത്തില്‍ ശിവനെക്കുറിച്ച് പറയുന്നതാണ്. ശിവനെ ഭര്‍ത്താവായി ലഭിക്കുന്നതിനുവേണ്ടി തപസ്സു ചെയ്യുന്ന പാര്‍വ്വതിയെ പരീക്ഷിക്കുന്നതിനായി എത്തിയ വടു ശിവനെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക
            ഇനിയൊരു പരിഹാസമുണ്ടു ചൊല്ലാ
            മൊരു വിധമൊക്കെ വിവാഹവും കഴിഞ്ഞാല്‍
            ഉടനൊരു മുതുകാളമേല്‍ കരേറും
            ഭവതിയെ നോക്കി മഹാജനം ചിരിക്കും
            -----------------------------------------------
            -----------------------------------------------
            കുലമതു നഹി പിന്നെയാള്‍ വിരൂപന്‍
            ബത പണമോ തികയാ തുണിക്കുപോലും
            ശിവനിലവലെടോ വരന്നു വേണ്ടും
            ഗുണമതതുള്ളതിലൊന്നുപോലുമുണ്ടോ ?
            ശഠതകള്‍ കരുതേണ്ട , ധന്യ നീയെ
            ങ്ങഥ ഹരനെങ്ങവലക്ഷണ സ്വരൂപന്
            കഴുവതിലൊരു കൂറ ചേര്‍ത്തു കോവില്‍
            ക്കൊടിമരമെന്നു വണങ്ങുമേതു ഭോഷന്‍ ?

ഈശ്വരീയമായ പരിവേഷങ്ങള്‍ പേറുന്നവരെക്കുറിച്ചു പോലും ഇത്ര നിശിതമായ വിമര്‍ശനങ്ങള്‍ അഥവാ നിരീക്ഷണങ്ങള്‍ ഉന്നയിക്കപ്പെട്ട ഒരു കാലം നമുക്കുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുവാനാണ് ഇതുരണ്ടും എടുത്തെഴുതിയത്.ഇന്ന് ഏതെങ്കിലുമൊരു ഭഗവാനെക്കുറിച്ച് നമുക്ക് കുടിലന്‍ എന്ന് പറയുവാനാകുമോ ? വിരൂപന്‍ എന്ന് ആക്ഷേപിക്കുവാനാകുമോ? അനുബന്ധചോദ്യങ്ങളേയും ഉത്തരങ്ങളേയും പാതിവഴിയില്‍ ഉപേക്ഷിച്ചുകൊണ്ട് ഞാന്‍ വിരമിക്കട്ടെ.!

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1