ദിനസരികള്‍ 221


മാറാലകള്‍. തൂത്തും തുടച്ചും നീക്കം ചെയ്യേണ്ടവ.അല്ലെങ്കില്‍ അവ നമ്മുടെ ഇടങ്ങളെ പൊതിയാന്‍ തുടങ്ങും, പുല്ലുകളെപ്പോലെ.പടര്‍ന്നു പിടിക്കുന്നത് അത്ര വേഗത്തിലായിരിക്കും.നമ്മുടെ മുറികളിലെ മൂലകളില്‍ കണ്ടിട്ടില്ലേ ? ഉണ്ട്. നിങ്ങള്‍ കാണാത്തതുകൊണ്ടാണ്.എന്തുകൊണ്ടാണ് നിങ്ങളതു കാണാത്തത് ? അതുമാത്രമോ? മറ്റു പലതും കാണുന്നില്ലല്ലോ? ജീവിക്കുവാനുള്ള തത്രപ്പാടിലാണോ ? ആവട്ടെ.അതും വേണ്ടതുതന്നെ.എന്നാലും ഒരു ദിവസം ഒരു നിമിഷമെങ്കിലും നിങ്ങള്‍ക്ക് ഇളവു കിട്ടാറില്ലേ ? ഇല്ലെങ്കില്‍ വേണ്ട. മാറാലകള്‍ വരട്ടെ , ആരെങ്കിലുമൊക്കെ തുത്തൂതുടച്ചിടാന്‍ വന്നുകൊള്ളുമെന്നാണോ? വന്നാല്‍ നല്ലതുതന്നെ. പക്ഷേ എല്ലാവരും ഇങ്ങനെ ചിന്തിക്കുകയെന്നത് ഒരു ശീലമാക്കിയിരിക്കുന്ന ഇക്കാലത്ത് , ആര് ആര്‍ക്കു വേണ്ടി വരും? വരും.വരട്ടെ. നമുക്ക് കാത്തിരിക്കുവാന്‍ ഒരു രക്ഷകന്‍ വേണമല്ലോ? തൂടച്ചു വൃത്തിയാക്കി നമ്മെ രക്ഷപ്പെടുത്താന്‍ ഒരു രക്ഷകന്‍ വരും.കാത്തിരിക്കുക.

            രക്ഷകനെ കാത്തിരിക്കാതെ മാറാലകളെ തൂത്തെറിയാന്‍ ആളുകള്‍ തുനിഞ്ഞിറങ്ങിയ ഒരു കാലമുണ്ടായിരുന്നു. അത് വിഡ്ഢികളുടെ കാലമായിരുന്നവെന്ന് പരിഹസിക്കരുത്. അവര്‍ക്കുമുണ്ടായിരുന്നു ജീവിക്കുവാനുള്ള തത്രപ്പാടുകള്‍ ! അവര്‍ക്കുണ്ടായിരുന്നു സ്വന്തം ജീവിതത്തിനു ചുറ്റും വട്ടം ചുറ്റുന്ന കുറച്ചുസ്വപ്നങ്ങള്‍ ! അതെല്ലാം മാറ്റിവെച്ച് മുന്നിട്ടിറങ്ങിയവരാണ് നമുക്കു മുന്നേ നമ്മുടെ വഴികളില്‍ നിന്ന് മാറാലകളെ തുടച്ചുമാറ്റിയത്. ആ യത്നത്തില്‍ എത്രയെത്ര പേര്‍ക്ക് സ്വന്തം ജീവന്‍ തന്നെ നഷ്ടപ്പെട്ടുവെന്നത് നിങ്ങള്‍ മറന്നുവോ? രക്തം തളം കെട്ടി നിന്ന കളങ്ങളിലേക്ക് പൊരുതിവീണവരെ നിങ്ങള്‍ മറന്നുവോ ? മറന്നുവെങ്കില്‍ നിങ്ങളെ ഞാനത് ഓര്‍മിപ്പിക്കട്ടെയോ?നോക്കുക

            നീ ചവിട്ടും മണല്‍ത്തരിക്കുള്ളില്‍
            ഞാന്‍ ശ്വസിക്കും കുളിര്‍കാറ്റിനുള്ളില്‍
            മര്‍ത്യരക്തം കലര്‍ന്നിരിക്കുന്നു
മര്‍ത്യ രക്തം നിനവുകള്‍ക്കുള്ളില്‍ - അതൊരു കാലമായിരുന്നു. ഒരു വല്ലാത്ത കാലം.ഇരുണ്ട കാലം. കേള്‍ക്കുക

പണ്ടു പൂക്കള്‍ വിരിയാത്ത കാലം
പണ്ടു സ്വപ്നങ്ങള്‍ നീറുന്ന കാലം
സ്വര്‍ഗ്ഗശില്പ സമര്‍ത്ഥമാം മര്‍ത്യ
സര്‍ഗ്ഗ ശക്തി തകരുന്ന കാലം
ഭീകരങ്ങള്‍ നിശീഥങ്ങളെങ്ങും
മൂകതയെപ്പൊതിയുന്ന കാലം
കൊയ്ത്തുപാടങ്ങള്‍ മാറത്തു തീയ്യും
പൊത്തി വെച്ചു മയങ്ങുന്ന കാലം
എങ്ങുമെങ്ങും മനുഷ്യന്‍ വരുമ്പോള്‍
ചങ്ങലകള്‍ കിലുങ്ങുന്ന കാലം
വാ തുറന്നാല്‍ കിരീടങ്ങള്‍ കൈയ്യില്‍
വാളുമായ് വന്നലറുന്ന കാലം
നല്ല നാടിനായ ജീവിതം ഹോമി
ച്ചല്ലല്‍ തിന്ന പടകൂടീരങ്ങള്‍
അന്നു ചിന്തിയ ജീവിത രക്തം
ഓര്‍ത്തു പോകുന്നു ഞാനാച്ചരിത്രം
തീര്‍ത്ത രക്ത തടങ്ങളെപ്പറ്റി


എങ്ങും മാറാല മൂടിയ അക്കാലം മടങ്ങി വന്നിരിക്കുന്നു. തണലുകളില്‍ നിന്ന് നട്ടുച്ചയുടെ പൊള്ളുന്ന തീയിലേക്ക് ഇറങ്ങാന്‍ നേരമായിരിക്കുന്നു. വിശ്രമത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. പോയകാലത്ത് അപരര്‍ക്കായി ജീവിച്ച മനുഷ്യര്‍ നടത്തിയ പോരാട്ടങ്ങളുടെ ഫലമായി  നേടിയെടുത്ത സാമ്രാജ്യത്തിന്റെ വിസ്തൃതിയില്‍ അഭിരമിച്ച് രസംകൊള്ളേണ്ട സമയം അവസാനിച്ചിരിക്കുന്നു.മണ്ണില്‍ ചവിട്ടി നിന്നുകൊണ്ട് മാറാലകളെ തൂത്തുമാറ്റേണ്ട സമയം സമാഗതമായിരിക്കുന്നു.       

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1