ദിനസരികള്‍ 226


രോഗങ്ങള്‍ മനുഷ്യനെ അശാന്തരാക്കുന്നു. വിഷാദികളും പലപ്പോഴും ഉന്മാദികളുമാക്കുന്നു. നിലനില്ക്കുന്ന സാമൂഹികക്രമത്തിന്റെ എല്ലാ നീതിബോധങ്ങളേയും ലംഘിക്കുവാനോ എതിര്‍ക്കുവാനോ പ്രേരിപ്പിക്കുന്നു.താന്‍ കേന്ദ്രമായി നിന്നുകൊണ്ട് നിര്‍മിച്ചെടുത്ത ഒരു സാമ്രാജ്യത്തിന്റെ ഒഴുകിപ്പോകലില്‍ വെപ്രാളപ്പെട്ട് സ്വയമൊരു ഡോണ്‍ ക്വിക്സോട്ടായി നിന്നുകൊണ്ട് ലോകത്തോട് യുദ്ധം പ്രഖ്യാപിക്കുന്നു.അല്ലെങ്കില്‍ ആത്മനിരാസത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിനിന്നുകൊണ്ട് ലോകത്തെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ട് ഒരു മുഴം കയറില്‍ തൂങ്ങിയാടുന്നു, രമണനെപ്പോലെ. രോഗങ്ങളുടെ അപ്രവചനീയമായ ഗതിവേഗങ്ങളില്‍ കരുത്തു ചോര്‍ന്നും നിരാശരായും പടുകുഴികളിലേക്ക് നിപതിക്കുന്നവരും പ്രതിലോമകരങ്ങളായ വാസനകളെപ്പുണര്‍ന്ന് അപരജീവിതങ്ങള്‍ക്ക് ഭീഷണിയാകുന്നവരുമുണ്ട്.ഇതില്‍ രണ്ടിലും പെടാതെ രോഗങ്ങള്‍‍ക്കെതിരെ തന്റെ സര്‍ഗ്ഗാത്മകത കൊണ്ട് പ്രതിരോധം തീര്‍ക്കുകയും നവമായ ദര്‍ശനങ്ങളുടെ അധിത്യകകളിലേക്ക് അനുവാചകനെ നയിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു കൂട്ടരുണ്ട്. അവരെ നാം എഴുത്തുകാര്‍ എന്നു വിളിക്കുന്നു.അത്തരം എഴുത്തുകാരെക്കുറിച്ചും രോഗങ്ങള്‍ അവരിലുണ്ടാക്കുന്ന സര്‍ഗ്ഗാത്മകമായ സ്വാധീനങ്ങളെക്കുറിച്ചും കെ പി അപ്പന്‍ എഴുതിയ പുസ്തകമാണ് രോഗവും സാഹിത്യഭാവനയും
            ഒരു ജീനിയസ്സ് എപ്പോഴും സവിശേഷമായ രോഗാവസ്ഥയിലാണ്.രോഗം കലാകാരനായ രോഗിക്ക് ചിലപ്പോഴെങ്കിലും വിരുദ്ധ സാഹചര്യമല്ലാ തായിത്തീരുന്നു.ജീവിതം ജീവിച്ചു തീര്‍ക്കുന്ന പോലെ രോഗം ജീവിച്ചു തീര്‍ക്കുന്ന എഴുത്തുകാരന്മാരുണ്ട്.രോഗം എന്തായാലും ആനന്ദിക്കുവാനുള്ള അവസരമല്ല.അത് ജീവിതത്തിന്റെ തേജോമയമായ മുഖത്തു ഇരുണ്ടപാടുകള്‍ വീഴ്ത്തുന്നു.പക്ഷേ സാധാരണക്കാരില്‍ നിന്ന് വ്യത്യസ്ഥമായി രോഗത്തെ ജീനിയസ്സായിട്ടുള്ള ഒരാള്‍ നേരിടുന്നത് അസാധാരണമായ രീതിയിലാണ്.അയാള്‍ ജീവിതത്തെ എന്നപോലെ രോഗത്തേയും തനിക്ക് ആനന്ദിക്കുവാനുള്ള ഒരവസരമായി മാറ്റിയെടുക്കുന്നു.തന്റെ സര്‍ഗ്ഗാത്മകതകള്‍ക്ക് കരുത്തു പകരുന്ന പ്രചോദനമാക്കുന്നു. കുഷ്ഠം , ക്ഷയം , കാന്‍സര്‍ , സിഫിലിസ് , എയ്ഡ്സ് എന്നീ മാരകമായ രോഗങ്ങളില്‍ നിന്നുപോലും എഴുത്തുകാരന്‍ തന്റെ കരു കണ്ടെത്തുന്നുണ്ട്.വിവിധങ്ങളായ സാഹിത്യ പ്രസ്ഥാനങ്ങളെ ഈ രോഗങ്ങള്‍ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട് എന്ന് അപ്പന്‍ എഴുതുന്നു.ക്ലാസ്സിക്കല്‍ കാലഘട്ടത്തില്‍ കുഷ്ഠരോഗമെന്നതുപോലെ ക്ഷയവും ബഹിഷ്കരിക്കപ്പെടുന്നവനെ സൃഷ്ടിക്കാന്‍ നമ്മുടെ ഭാവനകള്‍ ഉപയോഗിച്ചിരുന്നതായി കാണാം.അപ്പനെഴുതുന്നു ക്ലാസ്സിക്കല്‍ സാഹിത്യത്തില്‍ കുഷ്ഠരോഗം പ്രമേയമായിരുന്നു.ശരീരത്തിന്റെ ആദിപ്രകൃതിയായ രോഗമായിരുന്നു കുഷ്ഠം.ശീലാവതിയുടെ ഭർത്താവായ ഉഗ്രശ്രവസ്സിന്റെ കുഷ്ഠമായിരുന്നു.കുഷ്ഠരോഗത്തെ പ്രമേയമാക്കിക്കൊണ്ടാണ് ശീലാവതിയുടെ പാതിവ്രത്യം കലയുടെ രൂപത്തില്‍ നിര്‍വചിക്കപ്പെടുന്നത്.അസര്യാ രാജാവിന് കുഷ്ഠമായിരുന്നു എന്ന് ബൈബിള്‍ പറയുന്നു.മരണം വരെ ആ രാജാവ് ഭ്രഷ്ടനായി ഒരു മന്ദിരത്തില്‍ കഴിഞ്ഞു.ബഹിഷ്കരിക്കപ്പെട്ടവനെ സൃഷ്ടിക്കാന്‍ പ്രാചീന സാഹിത്യത്തിലും പുരാണങ്ങളിലും കുഷ്ഠരോഗം ഒരു ഉപാധിയായിരുന്നുകുഷ്ഠരോഗികള്‍ ശിക്ഷിക്കപ്പെട്ടവരായിരുന്നു. അത്യുന്നതങ്ങളിലിരിക്കുന്നവന്റെ അപ്രീതി രോഗമായി അവന്റെ മേല്‍ പതിക്കുന്നു എന്നായിരുന്നു അക്കാലത്ത് ജനത ചിന്തിച്ചിരുന്നത്.അതുകൊണ്ടുതന്നെ മാരകമായ രോഗങ്ങള്‍ ദൈവത്തിന്റെ വിധി നടപ്പിലാക്കലായി വ്യാഖ്യാനിക്കപ്പെട്ടു. ക്ലാസ്സിസത്തില്‍ അധമരേയും പാപികളേയും സൃഷ്ടിക്കാന്‍ ഇത്തരം അസുഖങ്ങള്‍ ഉപയോഗിക്കപ്പെട്ടു.
            ക്ലാസിക്കല്‍ ഘട്ടത്തില്‍ കുഷ്ഠരോഗമായിരുന്നുവെങ്കില്‍ കാല്പനികകാലഘട്ടത്തില്‍ ആ സ്ഥാനം ക്ഷയരോഗം ഏറ്റെടുത്തു.അതിരുകടന്ന വൈകാരികതയും ആത്മനിന്ദയും രോഗതുല്യം വ്യക്തിയെ അലട്ടുന്ന ഏകാന്തതയും എഴുത്തുകാരന്‍ അനുഭവിക്കുന്നു .ഷില്ലര്‍ , നോവാലിസ്, ബ്രോണ്ടി, കാഥറൈന്‍, മാന്‍സ് ഫീല്‍ഡ് , കീറ്റ്സ് , ചങ്ങമ്പുഴ , ചെഖോവ്, ഴീഥ്, കാഫ്ക ,ഓര്‍‌വെല്‍ എന്നിവര്‍ ക്ഷയരോഗികളായിരുന്നു എന്ന് ഗ്രന്ഥകാരന്‍ എഴുതുന്നു.റിയലിസവും സിഫിലിസും ബന്ധപ്പെട്ടുകിടക്കുന്നു.നീത്ഷേയും തോമസ് മന്നിനേയും ഇബ്സനേയുമൊക്കെ ചൂണ്ടിക്കാണിച്ചതിനു ശേഷം , ദേവിന്റെ അയല്‍ക്കാരിലേക്ക് അപ്പന്‍ വന്നെത്തുന്നുണ്ട്.റിയലിസത്തിന്റെ പ്രേരണയായിരിക്കണം അയല്‍ക്കാരില്‍ ഉഷ്ണപ്പുണ്ണ് കടന്നെത്താന്‍ കാരണമെന്ന് അപ്പനൂഹിക്കുന്നു.കാന്‍സര്‍ ആധുനികതയോടും എയിഡ്സ് ഉത്തരാധുനികതയോടും അടുത്തു നില്ക്കുന്ന മാരകമായ രോഗങ്ങളാണ്
            സാഹിത്യപ്രസ്ഥാനങ്ങള്‍ക്ക് രോഗങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതിനുശേഷം, എഴുത്തുകാരന്‍ വ്യക്തിപരമായി രോഗാവസ്ഥകളോട് എങ്ങനെ പ്രതികരിച്ചു എന്ന് കെ പി അപ്പന്‍ അന്വേഷിക്കുന്നു. ഭവിഷ്യദ് ദര്‍ശനത്തിന്റെ പേടിപ്പിക്കുന്ന അത്ഭുതമായി ചങ്ങമ്പുഴയുടെ കളിത്തോഴിയെ അദ്ദേഹം ഉദാഹരിക്കുന്നു.1945 ലാണ് കളിത്തോഴി എന്ന നോവല്‍ പുറത്തിറങ്ങുന്നത്.ക്ഷയരോഗികളായ രണ്ടു കഥാപാത്രങ്ങള്‍ ആ നോവലിലുണ്ടായിരുന്നു.1946 ലാണ് ചങ്ങമ്പുഴക്ക് ക്ഷയമാണെന്ന് കണ്ടെത്തുന്നത്. അതിനുമുമ്പേ തന്നെ തന്റെ കൃതിയില്‍ ചങ്ങമ്പുഴ ആവിഷ്കരിച്ചതിനെയാണ് പേടിപ്പെടുത്തുന്ന ഭവിഷ്യദ് ദര്‍ശനമായി അപ്പന്‍ വിലയിരുത്തുന്നത്.എന്നാല്‍ ഈ രോഗത്തിന്റെ തടവറയില്‍ അടച്ചിടപ്പെട്ട ഒരസ്ഥിപഞ്ജരമായി മാറാന്‍ ചങ്ങമ്പുഴ തയ്യാറായിരുന്നില്ല.തന്റെ ജീവിതത്തെ കഫവും ചോരയും ചുമയും കൊണ്ട് മലിനമാക്കുകയും തന്റെ നല്ല രൂപത്തെ ആഭാസകരമായി കീഴടക്കുകയും ചെയ്തിരുന്ന ക്ഷയരോഗം വൈകാരികമായ അസ്ഥിരതയില്‍ ജീവിച്ചിരുന്ന ചങ്ങമ്പുഴയെ നിരാശനാക്കിയിരുന്നു.എന്നാല്‍ ഒരു പകുതി പ്രജ്ഞയിലൂടെ ഇതിനെ നിസ്സാരമായി കണ്ടു സംസാരിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ഈ രണ്ടുതരം പ്രജ്ഞകളുടെ സ്തുതിയില്‍‌ ജീവിച്ചുകൊണ്ടാണ് ചങ്ങമ്പുഴ വ്യഥിതദാർശനികനായി രോഗത്തെ നേരിട്ടത്.
            ബഷീറിന്റെ ഭ്രാന്തും എന്റെ കിറുക്കുകളും എന്ന ലേഖനം നോക്കുക.ചിത്തഭ്രമത്തിന്റെ ചഞ്ചലത്വങ്ങളെ സമര്‍ത്ഥമായി ആഘോഷിക്കുന്ന ബഷീറിനെ നമുക്ക് കാണാം.വ്യക്തിപരമായി ഭയത്തിന്റെ തിരശീലക്കുള്ളിലേക്ക് ബഷീര്‍ കൂപ്പുകുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആവിഷ്കരണങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തി.ലോകത്തുള്ള എല്ലാവര്‍ക്കും ഭ്രാന്തുണ്ടെന്ന് ബഷീര്‍ പ്രസ്ഥാവിക്കുന്നു.5,10, 25, 50, 75 എന്നീ ശതമാനങ്ങളില്‍ എല്ലാവര്‍ക്കും ഭ്രാന്തുണ്ട്.എന്നാല്‍ തനിക്ക് 99 ശതമാനവും ഭ്രാന്തുണ്ടായിരുന്നു എന്നദ്ദേഹം തുറന്നു പറഞ്ഞുപാതി ഭ്രാന്തും മറുപാതിയില്‍ ജീവിതവുമായി ബഷീര്‍ നടന്നുതീര്‍ത്ത വഴികളെ മലയാളികള്‍ സ്നേഹപൂര്‍വ്വം പിന്തുടര്‍ന്നു.ഭ്രാന്തിനെ ജീവിതംകൊണ്ട് അദ്ദേഹം വെല്ലുവിളിച്ചു.ഭ്രാന്തുകൊണ്ട് അദ്ദേഹം സമാന്തരമായ ജീവിതത്തെ ആവിഷ്കരിക്കുകയും അതാണ് യഥാര്‍ത്ഥ ജീവിതമെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ നാം തലകുലുക്കി സമ്മതിക്കുകയും ചെയ്തു.ചങ്ങമ്പുഴയുടെ ക്ഷയരോഗവും ബഷീറിന്റെ ഭ്രാന്തും അവരുടെ സാഹിത്യജീവിതത്തെ എങ്ങനെയൊക്കെയാണ് ചലനാത്മകമാക്കിയതെന്ന് ഈ പുസ്തകം സാര്‍ത്ഥകമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
            ശാരീരികമായി കീഴടക്കുന്ന രോഗത്തെ എഴുത്തുകാരന്‍ അതിജീവിക്കുന്നത് അടിയറവു പറഞ്ഞുകൊണ്ടല്ല , ജീവിതത്തിന്റെ ഓരോ നിമിഷങ്ങളേയും സമര്‍ത്ഥമായി പുനസൃഷ്ടിച്ചുകൊണ്ടാണ്. സൃഷ്ടിയുടെ മാസ്മരികമായ ശോഭകളെ മരണത്തിന് കീഴടക്കാന്‍ കഴിയാവുന്നതിനുമപ്പുറം കൊണ്ടെത്തിക്കുമ്പോഴാണ് കല , കാലത്തെ അതിജീവിക്കുന്നത്.മരിച്ചു മണ്ണടിയുന്ന ശരീരത്തെ മാറിനിന്നു വീക്ഷിക്കുകയും , മരണത്തിനപ്പുറത്തേക്ക് താന്‍ സൃഷ്ടിച്ചുവെച്ച ലോകത്തിലൂടെ നടന്നുപോകുകയും ചെയ്യുക എന്നത് സര്‍ഗ്ഗധനനായ എഴുത്തുകാരന് തമാശയാണ് ;മരണത്തിന് , എന്നാല്‍ കീഴടക്കാനാകാത്ത വെല്ലുവിളിയും.മരണം , ആത്യന്തികമായി ഭൌതികശരീരത്തെ കീഴടക്കുമെങ്കിലും ആന്റണിയോ ബ്ലോക്ക് മരണമുള്ള നാള്‍‌വരെ ജീവിക്കുന്നതിന്റെ രഹസ്യം തന്നെയാണ് കലയുടെ സര്‍ജ്ജനരഹസ്യവുമെന്ന് അറിഞ്ഞവനാണ് ഉത്തമനായ കലാകാരന്‍.
           
           
           
            

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1