ദിനസരികൾ 222


പ്രസിദ്ധ ഫോട്ടോഗ്രാഫര്‍ എന്‍ എ നസീറിന്റെ ‘കാടെഴുത്തുകളെ’ സമാഹരിച്ച പുസ്തകമാണ് “കാടിനെ ചെന്നു തൊടുമ്പോള്‍“.കാടുമായുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ വായനക്കാരനെ ഏറെ വിസ്മയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യും.തനിക്കേറെ പ്രിയപ്പെട്ട ഒന്നിനെ , പതുക്കെ തൊട്ടും തലോടിയും അറിയുന്ന പോലെയാണ് അദ്ദേഹം കാടിനെ നമുക്കായി പരിചയപ്പെടുത്തുന്നത്. നോക്കുക ” വരാന്തയിലിരുന്നാല്‍ അകന്നുമാറി മുളങ്കാടുകള്‍ കാണാം.കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് അവയുടെ ഹരിത വര്‍ണത്തിനുമേല്‍ വേനലിന്റെ ഇടപെടല്‍ ഓരോ നിമിഷവും തിരിച്ചറിയാനാകും.മുളയിലകളുടെ പച്ച നിറത്തോടൊപ്പം മഞ്ഞ നിറവും കൂട്ടു പിടിച്ച ആദ്യദിനങ്ങളില്‍ , പിന്നെപ്പിന്നെ മഞ്ഞ നിറം മാത്രമായി.രണ്ടു നാളുകള്‍ കൊണ്ടത് സ്വര്‍ണനിറമായിക്കഴിഞ്ഞു.ഇനിയത് കത്തിത്തിളങ്ങും.പിന്നെ മങ്ങിത്തുടങ്ങും.അ പ്പോഴേക്കും ഏതാണ് വെള്ളിനിറത്തോട് അടുക്കും.അപ്പോള്‍ വേനല്‍ കാറ്റിനോട് മന്ത്രിക്കും ‘എന്റെ പ്രണയിനിയെ പോയൊന്ന് തൊടു ‘
 എത്ര സൂക്ഷ്മമായ നിരീക്ഷണങ്ങള്‍.ഭദ്രമായ ഭാഷ.ഇലക്കും പൂവിനും കായ്ക്കുമുണ്ടാകുന്ന ഓരോ മാറ്റങ്ങളേയും ഗ്രഹിക്കാനുള്ള അസാമാന്യമായ കഴിവ്.കാടില്‍ കാടാകണം എന്നാണ് കാടുമായി ബന്ധപ്പെടുന്നവര്‍ പറയാറുള്ളത്. അതായത് നാം കാട്ടിലുണ്ടെന്ന് കാട് അറിയരുത്. അത്രമാത്രം സൌമ്യമായി ഇടകലര്‍ന്ന് ഇഴുകിച്ചേര്‍ന്ന് മാത്രമേ കാട്ടിലൂടെ സഞ്ചരിക്കാന്‍ പാടുള്ളു.നസീറിനെ എഴുത്തിനോടൊപ്പം നടക്കുമ്പോള്‍  നാം ഒരു കാടിന്റെ അകത്തളങ്ങളെ അതിന്റെ സൌമ്യവും ദീപ്തവുമായ ജൈവപരിസരങ്ങളെ നേരിട്ട് ആസ്വദിക്കുന്ന അനുഭവമാണ് സിദ്ധിക്കുക.കാടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ഒരാള്‍ക്കുമാത്രമേ നമ്മെ ഇങ്ങനെ ആനന്ദിപ്പിക്കാനാകൂ എന്നിടത്താണ് നാം നസീറിനെക്കുറിച്ച് കൂടുതല്‍ അത്ഭുതപ്പെടുക.
 പ്രകൃതിയെ നസീര്‍ അനുഭവിപ്പിക്കുന്ന രീതി , നിങ്ങള്‍ വായിച്ച ഏതൊരു കവിതയെക്കാള്‍ ആഴത്തിലാണ്.കാരണം നസീര്‍ എഴുതുമ്പോള്‍ കാടുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുകയാണ്. അഥവാ നസീര്‍ തന്നെ കാടായി തന്റെ കഥ പറയുകയാണ് എന്നാണ് നമുക്കു തോന്നുക.വേരുകള്‍ നഷ്ടപ്പെടുത്തുന്നവര്‍ എന്ന ലേഖനം നോക്കുക.” നെഞ്ചോടു അണച്ചു പിടിക്കുന്നപോലെ ആയിരിക്കാം ഭൂമി ഓരോ വൃക്ഷത്തേയും തന്നിലേക്ക് ചേര്‍ത്തു വെച്ചിരിക്കുന്നത്.വേരുകളൊക്കെയും നാം കൊത്തിയകറ്റുമ്പോഴും ഭൂമി തുരന്ന് അവ പുറത്തിടുമ്പോഴും വീഴുന്നതിന് മുമ്പ് തൊട്ടുമുമ്പ് ആ വൃക്ഷം ദയനീയമായ ഒരു നില്പുണ്ട്.ഏതാനും നിമിഷത്തേക്കു മാത്രം.തന്റെ ചുറ്റും തന്നോടൊപ്പം വളര്‍ന്നു വന്ന കൂട്ടുകാരെയെല്ലാം അവസാനമായി ഒരു നോക്കു കാണുന്നതിന്.പിന്നീട് ഒടുവിലെ വേരും അറ്റ് ആര്‍ത്തലച്ച് അത് മണ്ണിലേക്ക് പതിക്കുന്നു “ എന്നു വായിക്കുമ്പോള്‍ നിങ്ങളുടെ നട്ടെല്ലിനെത്തൊട്ട് ഒരു നടുക്കം പാഞ്ഞു പോകുന്നതായി തോന്നുന്നുവോ ? ഒരു നിമിഷം നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ ആരുടയെങ്കിലും വിയോഗത്തിലെന്നപോലെ മനസ്സൊന്ന് പിടഞ്ഞുവോ? വൈലോപ്പിള്ളിയുടെ സഹ്യന്റെ മകന്‍ വായിച്ചു നിറുത്തുമ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്ന ഏകാന്തത അനുഭവപ്പെടുന്നുണ്ടോ ? എങ്കില്‍ ഭയപ്പെടേണ്ട. നിങ്ങളില്‍ ഇപ്പോഴും ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുക. ഈ മനുഷ്യനെ വീണ്ടെടുക്കാനുള്ള പ്രയത്നങ്ങളാണ് നസീറിനെപ്പോലെയുള്ളവര്‍ ഇവിടെ നടത്തുന്നത്. നാം ആവോളം പിന്തുണ പ്രഖ്യാപിക്കുക.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1