#ദിനസരികള്‍ 219



പ്രൊഫസര്‍ കെ പി ശങ്കരന്റെ കവിതാഹൃദയം എന്ന പുസ്തകത്തിന്റെ അവസാന പുറവും വായിച്ച് മടക്കിവെക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് കടന്നുവന്നത് ശ്രീ ജി എന്‍ പിള്ള എഴുതിയ പ്രതിഭ ( ജി എന്‍ പിള്ളയുടെ പ്രബന്ധങ്ങള്‍ ) എന്ന ലേഖനത്തില്‍ ഉന്നയിക്കുന്ന ചില ചോദ്യങ്ങളാണ് നാം ഒരു കവിത  വായിക്കുന്നു.ആഹ്ലാദിക്കുന്നു.അസാധാരണവും അപൂര്‍വ്വവുമായ അത്തരം സന്ദര്‍ഭങ്ങളില്‍ അറിയാതെ തന്നെ നമ്മള്‍ കവിയെക്കുറിച്ച് ചിന്തിച്ചു പോകുന്നു.ആരാണീ കവി ? എന്താണ് അയാളുടെ ശക്തി ?ഏതമോഘമായ സാധനയുടെ ഫലമായിട്ടാണ് ആ മനസ്സില്‍ നിന്ന് താരാകദംബങ്ങള്‍ കണക്കെ പ്രകാശധാര വര്‍ഷിച്ചുകൊണ്ട് വാക്കുകള്‍ പുറത്തേക്ക് പ്രവഹിക്കുന്നത്?എങ്ങനെയാണ് കവി എന്ന വിചിത്ര ജീവി തനിക്കുവേണ്ട ഉപകരണങ്ങ‍ള്‍ സമ്പാദിച്ചെടുക്കുന്നത്?” ഈ ചോദ്യങ്ങള്‍ക്ക് കവിതയെ മുന്നില്‍ നിറുത്തി നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് കവിതാഹൃദയം എന്ന പുസ്തകം.
            എന്താണ് കവിത എന്ന ചോദ്യത്തിന് നാളിതുവരെ കൃത്യമായും ഇന്നതാണ് കവിത എന്ന തരത്തിലുള്ള ഒരു നിര്‍വചനവും ഉണ്ടായിട്ടില്ല.ഇനിയൊട്ട് ഉണ്ടാകുമെന്ന് കരുതുകയും വയ്യ.കവിതയെ ഓരോരോ വ്യക്തികളും അനുഭവിക്കുന്ന തലത്തില്‍ നിന്നുകൊണ്ട് അതാതു വ്യക്തികളുടേതായ നിര്‍വചനങ്ങള്‍ ഉണ്ടായേക്കാം.അവയൊന്നും സമഗ്രമാകുകയില്ലെന്നു മാത്രം.കവിത വ്യക്തികളിലുണ്ടാക്കുന്ന അനുരണനങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ അത്രമാത്രം വൈയക്തികമായിരിക്കുമ്പോഴും പ്രത്യക്ഷവും പ്രമാണബദ്ധവുമായ ഒരറ്റവും അനുമേയവും അതുകൊണ്ടുതന്നെ ഒരളവോളം അപ്രാപ്യവുമായ മറ്റൊരറ്റവുമുണ്ടെന്ന് ഗ്രന്ഥകര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നു.എന്നുവെച്ചാല്‍ ഒരറ്റം ഇഹലോകത്തും മറ്റൊരറ്റം ആത്മീയ ലോകത്തുമാണ് എന്നുതന്നെയാണ്.അങ്ങനെ നിന്നുകൊണ്ട് ആശയം കവിതയാവുന്നതെങ്ങനെയെന്ന ചര്‍ച്ചയിലാണ് പുസ്തകം സമാരംഭിക്കുന്നത്.
            ആശയങ്ങളിലാണല്ലോ കവിത നിലയുറപ്പിക്കുന്നത്. ഏതാശയവും കവിതാരചനക്ക് ഉപയോഗിക്കാവുന്നതുമാണ്. പക്ഷേ കവിതാവത്കരണം നടക്കണമെന്ന് മാത്രം. കവിത ഉണ്ടെങ്കില്‍ അത് ആവിഷ്കരിക്കുന്ന രൂപത്തിന് ഗദ്യമോ പദ്യമോ ആവട്ടെ - പ്രത്യേകിച്ചും പ്രാധാന്യമൊന്നുമില്ല.കെ പി ശങ്കരന്‍ ഉദ്ധരിക്കുന്ന ഒരു ചെറിയ കവിത നോക്കുക
            കറുത്ത വാവിന്‍ കൊമ്പത്ത് ,
            കറുത്ത കാക്കകള്‍ കൂടുന്നു
            വെളുത്ത വാവിന്‍ കൊമ്പത്ത്
            വെളുത്ത പ്രാവുകള്‍ കൂടുന്നു
            കറുത്ത കാക്കകള്‍, വെളുത്ത പ്രാവുകള്‍
            ഒന്നായ് കൂടുവതെന്നാവോ! – ഇക്കവിതയെ വായിച്ചെടുക്കുന്നത് നിങ്ങളുടെ യുക്തിബോധത്തില്‍ നിന്നാണെങ്കില്‍ നിങ്ങളുടെ വായന ഒന്നാമത്തെ വരിക്കപ്പുറം പോകില്ല.കറുത്ത വാവിനെവിടെയാണ് കൊമ്പ് എന്ന ചോദ്യത്തോടെ ഈ കവിത മരിക്കും. എന്നാല്‍ അതിനുമപ്പുറം ആ കവിത മുന്നോട്ടു വെക്കുന്ന ആശയലോകത്തെ അനുധാവനം ചെയ്യുകയാണെങ്കില്‍‌ നിങ്ങളെ സ്തബ്ദനാക്കാന്‍ ഈ ആറു വരി ധാരാളം മതിയാകുമെന്നു പറഞ്ഞാല്‍ ആശയത്തിന്റെ പ്രാധാന്യം സുവ്യക്തമാകുകയില്ലേ ?
            ഭാഷ പൂത്തും വികാരം തളിര്‍ത്തും
            ഭാവനക്കു പുളകം കിളിര്‍ത്തും
            ചോരയില്‍‌ച്ചേര്‍ന്നലിഞ്ഞു പോം ഗാന
            ധാരകളേ എന്ന് കവിതയെ അഭിവാദ്യം ചെയ്യുന്ന കവി , എന്തായിരിക്കണം കവിത എന്നതിനെക്കുറിച്ചൊരു ധാരണ പകരുന്നുണ്ട്. ഭാഷയുടെ പൂക്കല്‍, വികാരത്തിന്റെ തളിര്‍ക്കല്‍ , ഭാവനയുടെ  കിളിര്‍ക്കല്‍ ഇതിനൊക്കെ അപ്പുറത്ത് ചോരയില്‍‌ച്ചേര്‍ന്നലിയല്‍ - ഇവിടെ ചൂണ്ടിക്കാണിച്ചിരിക്കുന്ന ഓരോന്നിനും സവിശേഷമായ ഓരോ ധര്‍മ്മങ്ങളെ നിര്‍വഹിക്കാനുണ്ട്. അത് കാവ്യലോകത്തിലേക്കുള്ള രഹസ്യ വഴികളെ തുറന്നിടുന്നു.വിഷത്തെ അമൃതാക്കുന്ന മാന്ത്രികവിദ്യ മാത്രമല്ല കവിതയെന്നും വിഷവും കൂടി ഉള്‍‌പ്പെടുന്നതാണ് കവിതയെന്നും കാണാനാണ് എനിക്കിഷ്ടം.കാരണം ജനനം മാത്രമല്ല , മരണം കൂടിയുണ്ടെങ്കിലേ ജീവിതം അര്‍ത്ഥവത്താകുകയുള്ളു എന്ന കാര്യത്തില്‍ തര്‍ക്കത്തിന് സാധ്യതയില്ല.ഇവ രണ്ടിനേയും സമഞ്ജസമായി സമന്വയിക്കുവാനുള്ള കഴിവിനെ നമുക്ക് കവിത്വം എന്ന് അഭിസംബോധന ചെയ്യുക.
            എങ്ങനെ കവിത രചിക്കാം എന്ന് പ്രതിപാദിക്കുന്ന ഒരധ്യായമുണ്ട് ഈ പുസ്തകത്തില്‍.എഴുതുന്നത് ഹൃദയത്തിന്റെ മുനകൊണ്ടാകണം എന്ന പ്രസ്ഥാവനയെ തെളിയിക്കുന്നതിനാവശ്യമായ ഉദാഹരണങ്ങളെ സമര്‍ത്ഥമായി ഈ അധ്യായത്തില്‍ വിന്യസിച്ചിട്ടുണ്ട്.വികാരങ്ങളേയും വികാരങ്ങളേയും സ്വാംശീകരിക്കുകയും തനിക്കു മാത്രമായി വേറിട്ടെന്തെങ്കിലും പറയുവാനുണ്ടെങ്കില്‍ മാത്രം പറയുകയും ചെയ്യുക എന്ന ശീലം അന്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഹൃദയത്തിന്റെ മുനകൊണ്ടെഴുതുക എന്ന ഉപദേശത്തിന് അര്‍ത്ഥവ്യാപ്തി ഏറെയുണ്ട്.കൃത്രിമവളം കൊണ്ട് കനി വേഗം വിളയിക്കുക.വിളഞ്ഞ കനി പുകവെച്ച് അതിലും വേഗം പഴുപ്പിക്കുകഅത് കവിതയുടെ വഴിയല്ല. കവി എന്നു ഇന്ന് താല്കാലികമായി വിളിക്കപ്പെട്ടാലും അവന്‍ നാളെ സൂര്യോദയം കാണാനുണ്ടാവില്ല എന്നതാണ് ചരിത്രം.
            ഭാഷയെക്കുറിച്ച് സുവ്യക്തമായ ഒരു നിലപാട് ഈ പുസ്തകം മുന്നോട്ടു വെക്കുന്നുണ്ട്. നോക്കുക കവിത എഴുതുവാനും വായിക്കാനും ആഗ്രഹിക്കുന്നവര്‍ ആദ്യമായി സാധകം നേടേണ്ടത് ഭാഷയിലാണ്.ഭാഷയുടെ സൂക്ഷ്മതകള്‍ എത്ര സിദ്ധി വരുത്തിയാലും ഏറുകയില്ല എന്നതാകുന്നു നേര്.എന്തെന്നാല്‍ സഫലമായ ഭാഷയിലൂടെ വേണമല്ലോ കവിതക്ക് ഏതാശയവും സാക്ഷാത്കരിക്കാന്‍.ഭാഷ അതിന്റെ പാകം പാളാതെ , ലക്ഷ്യം പാഴാവാതെ വശപ്പെട്ടു കിട്ടുക എന്നതുതന്നെ കവിതാ രചനയില്‍ കൈവരേണ്ട പ്രാഥമികമായ പരിശീലനംസമകാലിക കവികള്‍ മനസ്സിരുത്തി വായിക്കേണ്ട ഒരു ഉപദേശമാണിത്.ആ ഉപദേശത്തിന്റെ ഗൌരവം മനസ്സിലാക്കണമെങ്കില്‍ വൈലോപ്പിള്ളി            
            നീ തൊഴിലാളി , യെന്‍ കുടിക്കാരന്‍
            പാതിരാവിന്‍ തെരുവില്‍ നിന്നെത്തി  എന്നെഴുതുന്നതിന്റേയും ബാലചന്ദ്രന്‍ ചുള്ളിക്കാട് , നിന്റെ ചൂരലിന്‍ നീലപ്പാടുകള്‍ തിണര്‍ത്തതാണെന്റെ കൈപ്പടയിന്നും എന്നെഴുതുന്നതിന്റേയും പ്രാധാന്യമെന്തെന്ന് മനസ്സിലാക്കുക തന്നെ വേണം.ഈ പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരധ്യായമാണ് ഭാഷയുടെ സ്വത്വം , ശുദ്ധി.
            കവിതയെ നെഞ്ചേറ്റുകയും ലാളിക്കുകയും ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ആഴത്തിലേക്ക് കടന്നു ചെല്ലാന്‍ ഈ പുസ്തകം സഹായിക്കുമെന്ന് നിസ്സംശയം പറയാം.ആശയങ്ങളെ ആവിഷ്കരിക്കുകയും അത് അനുവാചകനെക്കൊണ്ട് അനുഭവിപ്പിക്കുകയും ചെയ്യുക എന്ന വലിയ വെല്ലുവിളി ഏറ്റെടുക്കുന്ന എഴുത്തുകാരന് വിശ്വസിച്ച് കൈയ്യിലെടുക്കാവുന്ന ഈ പുസ്തകം , കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംഭാവനയാണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1