#ദിനസരികള്‍ 215


            പതിവിലുമേറെ വൈകിയിരിക്കുന്നു. അലസതകൊണ്ടല്ല. മനസ്സ് ശൂന്യമായിരിക്കുന്ന ഒരവസ്ഥയിലാണ്. എല്ലാം കാണുന്നുണ്ട്. അറിയുന്നുണ്ട്. പക്ഷേ ഒന്നും കൃത്യമായി മനസ്സിലേക്ക് പതിയാതെ ഒഴുകിയൊഴുകിപ്പോകുന്ന ഒരവസ്ഥ. നഗരമധ്യത്തിലും ഏകാകി.ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന് എംടിയും ഘോഷയാത്രയില്‍ തനിയെ എന്ന് ഒ വി വിജയനും പറയുന്ന അവസ്ഥ ഇതാണോ ? ആയിരിക്കണം. ആരൊക്കെയോ വരുന്നു. എന്തൊക്കെയോ സംസാരിക്കുന്നു. കടന്നു പോകുന്നു.ആവര്‍ത്തനങ്ങള്‍. പക്ഷേ വിരസമെന്ന് പറയാമോ? അങ്ങനെ പറയണമെങ്കിലും കുറഞ്ഞൊരു രസബോധം വേണ്ടേ ? ഞാനിവിടെയുണ്ട് എന്ന് എനിക്കു തന്നെ ബോധ്യമാകാതിരിക്കുന്നു.ഒരു ഭാരവുമില്ലാതെ.
    ഇത്തരം സന്ദര്‍ഭങ്ങളില്‍ മരുന്നാകുക കവിതയാണ്. മനസ്സിലേക്ക് ആഴത്തില്‍ വിത്തുകളെറിയാന്‍ ശക്തിയുള്ള കവിത വേണം. എല്ലാത്തരം കവിതകള്‍ക്കും അതിനു കഴിയുകയില്ല.അപ്പോള്‍ മനസ്സു ശൂന്യമായിരിക്കുമ്പോള്‍ വായിക്കേണ്ട കവിത ഏതാണ് ?
        ഒന്നുമില്ലൊന്നുമില്ല
                        മീതെ
                        പകച്ചേ നില്ക്കുമംബരം മാത്രം
                        താഴെ
                        കരളുറഞ്ഞേ പോകും പാരിടം മാത്രം
ഒന്നുമില്ലൊന്നുമില്ല
                        വഴിയറിയാതണയും
                        പൊല്‍ക്കതിര്‍ മാത്രം
                        കൊതി പൂണ്ടുയരും
                        പച്ചിലക്കൂമ്പുമാത്രം
ഒന്നുമില്ലൊന്നുമില്ല
                        ഒരു ചുംബനം മാത്രം
                        ഒരു നിര്‍വൃതി മാത്രം
ഒന്നുമില്ലൊന്നുമില്ല
                        അടരുമലര്‍ മാത്രം
                        പടരുമിരുള്‍ മാത്രം
ഒന്നുമില്ലൊന്നുമില്ല
            രാമചന്ദ്രന്റെ ഈ കവിത ശൂന്യതയെ നിര്‍മ്മിക്കുന്നവയാണ്.അല്ലെങ്കില്‍ ശൂന്യതയെ വിസ്താരപ്പെടുത്തുന്നവയാണെന്നും പറയാം. അസ്തിത്വംതന്നെ അര്‍ത്ഥശൂന്യവും ലക്ഷ്യരഹിതവുമായ ഒരു പ്രതിഭാസമാണെന്നാണ് ഈ കവി ചിന്തിക്കുന്നത്. (ഞാനെന്തിനെഴുതുന്നു ) അത്രത്തോളം പോകാന്‍ വയ്യെങ്കിലും  സഹൃദയന് കവിത അനുഭവിപ്പിക്കുന്ന മായികതയെ തൊട്ടുപോകാതിരിക്കാനാവില്ല .       


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1