#ദിനസരികള്‍ 217


സ്വതന്ത്രചിന്തകനായ സി രവിചന്ദ്രന്റെ ചില നിലപാടുകളുടെ സൂക്ഷ്മവശങ്ങളോട് എനിക്ക് ശക്തമായ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ യോജിപ്പുള്ള , അഥവാ യോജിക്കേണ്ട ചിന്തകളാണ് ഭൂരിപക്ഷവും  എന്നത് ആശയപരമായ ഐക്യപ്പെടലിന്റെ നിരവധി സാധ്യതകള്‍ തുറന്നിടുന്നുണ്ട്.സമകാലിക ഭാരതത്തില്‍ നിലനില്ക്കുന്ന പ്രതിലോമകരമായ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം , വിയോജിപ്പുകളെ തല്ക്കാലമെങ്കിലും മാറ്റിവെച്ചുകൊണ്ട് യോജിപ്പിന്റേതായ മണ്ഡലങ്ങള്‍ക്ക് പ്രാമുഖ്യം നല്കുവാന്‍ എന്നെ പ്രേരിപ്പിക്കുന്നു.അതുകൊണ്ടുതന്നെയാണ് ഞാന്‍ പലപ്പോഴും രവിചന്ദ്രനെ വായിക്കുവാനും കേള്‍ക്കുവാനും താല്പര്യപ്പെടുന്നത്.
            ഇന്നിവിടംവരെ എത്തിനില്ക്കുന്ന മനുഷ്യവര്‍ഗ്ഗം , തങ്ങളുടെ മഹായാത്ര തുടങ്ങിയതിനുശേഷം എത്രയെത്ര പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടില്ല? ശാരീരികവും മാനസികവുമായി കൂടുതല്‍ കൂടുതല്‍ മാനവികനാകുന്നതിനുള്ള ആ ശ്രമത്തില്‍ നാം ഇന്നലെകളുടെ - ചിലപ്പോഴെല്ലം ഇന്നിന്റേയും - തെറ്റുകളെ കുടഞ്ഞു കളഞ്ഞുകൊണ്ടേയിരുന്നു. നല്ലതില്‍ നിന്ന് കൂടുതല്‍ നല്ലതിലേക്ക് എന്നായിരുന്നു അവന്‍ ലക്ഷ്യം വെച്ചത്.ഒറ്റക്കു അലഞ്ഞു നടന്നിരുന്ന നാളുകളില്‍ കൂട്ട് ചേരുക നല്ലതാണെന്ന് അവന്‍ കാണുന്നു.കുടുംബമാകുക നല്ലതാണെന്ന് അവന്‍ കാണുന്നു. കുടുംബങ്ങളുടെ കൂട്ടമുണ്ടാകുന്നത് നല്ലതാണെന്ന് മനസ്സിലാകുന്നു. അങ്ങനെ ജീവിതത്തിന്റേതായ എല്ലാ തലങ്ങളിലും അവന്‍ നല്ലതിനെ അന്വേഷിക്കുകയും ഇന്നത്തെ നല്ലത് നാളെ മോശമാണെന്ന് കണ്ടാല്‍ ദാക്ഷിണ്യമില്ലാതെ പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഒരു ഘട്ടത്തില്‍ കൂടുതല്‍ നല്ലതിനെ തേടുക എന്നത് നിഷേധാത്മകമാണെന്ന് മുദ്ര കുത്തി വിലക്കപ്പെടുന്നതോടെ ഒരു വ്യവസ്ഥ , അഥവാ ഒരു മതം ഉടലെടുക്കുകയായി.അതോടെ ആ വ്യവസ്ഥയില്‍ ഒതുങ്ങി നില്ക്കുവാനും ചോദ്യം ചെയ്യാതെ വിശ്വസിക്കുവാനും അവന്‍ ബാധ്യസ്ഥനാകുന്നു.ആ വ്യവസ്ഥക്കെതിരെ നില്ക്കുന്നവന്‍ ആരായാലും ശത്രുവാകുന്നു.അങ്ങനെ ശത്രുക്കളെ നിര്‍മ്മിച്ചുകൊണ്ടും , അവരെ നേരിട്ടുകൊണ്ടും മതം , അല്ലെങ്കില്‍ വ്യവസ്ഥ തങ്ങളുടെ വൈതാളികന്മാരുടെ കൈകളിലൂടെ അധികാരമേല്ക്കുന്നു.അധികാരമുള്ളവര്‍ വിശ്വാസത്തിന്റെ പ്രതിപുരുഷന്മാരായി നിന്നുകൊണ്ട് ജനതയെ നിയന്ത്രിക്കുന്നു , വിധിക്കുന്നു , നടപ്പാക്കുന്നു. മനുഷ്യനെ അവന്റെ സ്വാഭാവികമായ രീതിവിധാനങ്ങളില്‍ നിന്നും ഇങ്ങനെ അടര്‍ത്തിമാറ്റി , മതത്തിന്റേതായ യുക്തിയില്ലാത്ത വിശ്വാസങ്ങളുടേതായ കുടുസ്സുകളില്‍ കുറ്റിയടിച്ചു കെട്ടുമ്പോഴാണ് അതിനെതിരെ നിലപാടുകളെടുത്തുകൊണ്ട് രവിചന്ദ്രന്മാരുണ്ടാകുന്നത്. അവര്‍ വ്യവസ്ഥകളോട് കലഹിക്കുന്നു. വ്യവസ്ഥകളുടെ പ്രതിപുരുഷന്മാരെ വിചാരണ ചെയ്യുക വഴി വ്യവസ്ഥയെത്തന്നെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നു.അങ്ങനെയുള്ള ചില പ്രതിപുരുഷന്മാരോടുള്ള സംവാദമാണ് , രവിചന്ദ്രന്റെ സംവാദങ്ങള്‍ എന്ന പുസ്തകം.
            പുസ്തകത്തിന്റെ എഡിറ്ററായ റ്റി. ജി ഹരികുമാര്‍ , ആരൊക്കെയാണ് ഈ പുസ്തകത്തിലൂടെ രവിചന്ദ്രനുമായി സംവദിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട് :- “മുന്‍ മാര്‍ക്സിസ്റ്റുനേതാവും ഇപ്പോള്‍ ഈശ്വരവാദിയുമായ ശ്രീ പി കേശവന്‍ നായര്‍ , സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം ശ്രി എം എ ബേബി , കെമിസ്ട്രി പ്രൊഫസറായിരുന്ന ജ്യോതിശാസ്ത്ര പണ്ഡിതര്‍ ഡോ. കെ പി ധര്‍മ്മരാജ അയ്യര്‍ , ആത്മീയ പ്രഭാഷകനായ ശ്രീ സന്ദീപാനന്ദഗിരി , ആര്‍ എസ് എസ് മുന്‍ ബൌദ്ധിക് പ്രമുഖ് ശ്രീ സോമശേഖരന്‍ , പ്രസിദ്ധ നോവലിസ്റ്റും ഗീതാപണ്ഡിതനുമായ ശ്രീ സി രാധാകൃഷ്ണന്‍ തുടങ്ങിയവരുമായുള്ള സംവാദങ്ങളാണ് ഇവിടെ ഉള്‍‌ക്കൊള്ളിച്ചിരിക്കുന്നത്”.
            എഡിറ്റര്‍ അവകാശപ്പെടുന്നതുപോലെ ഇത് ത്രസിപ്പിക്കുന്ന സംവാദങ്ങള്‍ തന്നെയാണ്.മുപ്പത്തിമൂന്നു വര്‍ഷക്കാലം ഇടതുപക്ഷ സഹയാത്രികനായിരുന്ന പി കേശവന്‍ നായരുമായുള്ള സംവാദത്തിന് , അക്കാരണം കൊണ്ടുതന്നെ പ്രസക്തിയുണ്ട്.പി കേശവന്‍ നായര്‍ക്ക് ശരിയായ വിധത്തില്‍ മാര്‍ക്സിസത്തക്കുറിച്ചോ അദ്ദേഹം ഇപ്പോള്‍ അഭിരമിക്കുന്ന ഭൌതികശാസ്ത്രത്തില്‍ത്തന്നെയോ വേണ്ടത്ര ധാരണയില്ലെന്ന് അദ്ദേഹവുമായുള്ള സംവാദം സാക്ഷ്യപ്പെടുത്തും.നോക്കുക. ക്വാണ്ടം ഫീല്‍ഡിനും അപ്പുറം പോകുമെന്ന് പറയുന്ന കേശവന്‍ നായരോട് ഫീല്‍ഡിനപ്പുറമുള്ള മാറ്റത്തെക്കുറിച്ച് നിങ്ങള്‍‌ക്കെന്തറിയാം എന്ന ചോദ്യത്തിന് ഉത്തരം നോക്കുക.അവ്യക്തമായ എന്തോ ഒന്നിലേക്ക് അദ്ദേഹം സര്‍വതിനേയും കൊണ്ടുപോയി കെട്ടാന്‍ ശ്രമിക്കുന്നു.രവിചന്ദ്രന്‍ ആ എന്തോ ഒന്ന് എന്ന വാദത്തെ നിഷ്കരുണം ഖണ്ഡിക്കുന്നത് ഇങ്ങനെയാണ് എന്തോ ഒന്ന്.. എന്തുകൊണ്ടതു രണ്ടോ നൂറോ ആയിക്കുട? ഒരു ഏജന്റിനെ കണ്ടെത്താനാണ് താങ്കള്‍ ശ്രമിക്കുന്നത്.ഇടിമിന്നലിനും മഴക്കും കാട്ടുതീക്കും പിന്നില്‍ ആരോ അല്ലെങ്കില്‍ എന്തോ ഉണ്ടെന്ന മതാത്മകമായ ഈ ഗോത്രവീക്ഷണം അനന്തമായ പശ്ചാത്ഗമനത്തില്‍ കലാശിക്കും.സാധാരണക്കാരന്റെ ഭാഷയില്‍ എല്ലാത്തിന്റേയും പിന്നില്‍ ദൈവമാണെന്ന് പറയുന്നതിനു പകരം കേശവന്‍ നായര്‍ ക്വാണ്ടം ഫീല്‍ഡിനെയൊക്കെ വലിച്ചുകൊണ്ടു വന്ന് കഴിയുന്നത്ര സൈദ്ധാന്തികമാക്കിയിരിക്കുന്നതു കാണുക. ആ അഭിമുഖത്തില്‍ രവിചന്ദ്രന്‍ , ശ്രീ പി കേശവന്‍ നായരെ രണ്ടായി കീറി രണ്ടു ദിക്കിലേക്കും വലിച്ചെറിഞ്ഞുകൊണ്ട് ഇങ്ങനെ പറയുന്നുപാര്‍ട്ടിക്ക് അദ്ദേഹത്തെ നഷ്ടപ്പെട്ടതും , അദ്ദേഹത്തിന് പാര്‍ട്ടിയെ നഷ്ടപ്പെട്ടതും നന്നായി എന്നേ പറയേണ്ടു ചിരിക്കാതെന്തു വഴി?
            വായനക്കാരനെ ഇരുത്തിച്ചിന്തിപ്പിക്കുന്ന , പലപ്പോഴും പ്രകമ്പനം കൊള്ളിക്കുന്ന അഭിമുഖങ്ങള്‍ ഇനിയും ഈ പുസ്തകത്തിലുണ്ട്.ഉദാഹരണത്തിന് ഒരെണ്ണം എടുത്തു കാണിച്ചു എന്നേയുള്ളു.സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി , സ്വാമി സന്ദീപാനന്ദ ഗിരി എന്നിവരുമായുള്ള അഭിമുഖങ്ങള്‍ക്ക് സമകാലിക രാഷ്ട്രീയ പരിതോവസ്ഥകളില്‍ വളരെയേറെ പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന കാര്യം പ്രത്യേകമായി പ്രസ്ഥാവിക്കട്ടെ. ചിന്താമാന്ദ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന രവിചന്ദ്രനെപ്പോലെയുള്ളവരുടെ സാമീപ്യം , വിശാലമായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ , കേരളത്തിന്റെ ബൌദ്ധികമണ്ഡലത്തെ പ്രദീപ്തമാക്കാനുതകും എന്നു നമുക്കു പ്രത്യാശിക്കുക. ( പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡോണ്‍ ബുക്സാണ്. വില 220 രൂപ )

                                                                                                                                           

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1