#ദിനസരികള്‍ 214

            സോളാര്‍ കേസ് ഒരു വലിയ വഴിത്തിരിവിലേക്ക് എത്തിയിരിക്കുന്നു. ഇത്രനാളും സരിത എസ് നായര്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ മൂശയില്‍ക്കിടന്ന് തിരിയുക മാത്രമായിരുന്നു ആ കേസിന്റെ കാര്യത്തില്‍ കേരളം ചെയ്തിരുന്നത്. ഉമ്മന്‍ ചാണ്ടി നിയോഗിച്ച കമ്മീഷന്റെ കണ്ടെത്തലുകളില്‍ പിണറായി വിജയന്‍ സര്‍ക്കാറിന് ഒരു കാര്യവുമില്ലാതിരുന്നിട്ടുപോലും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് യൂ ഡി എഫ് നേതൃത്വം ആരോപിക്കുന്നതും നമ്മള്‍ കേട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ജനകീയരായ ഒട്ടുമിക്ക നേതാക്കന്മാര്‍ക്കുമെതിരെ ലൈംഗിക ആരോപണങ്ങളും അഴിമതിയുമൊക്കെ ഉയര്‍ന്നുവെങ്കിലും ഉമ്മന്‍ ചാണ്ടിയെ പരിചയായി മുന്നില്‍ നിറുത്തി അതൊക്കെ വെറും കള്ളത്തരങ്ങളാണ് എന്നാവര്‍ത്തിക്കുന്നതിനും സരിതയെ സ്വഭാവഹത്യ നടത്തുന്നതിനുമാണ് ആരോപിതര്‍ ശ്രമിച്ചത്.കേരളത്തിലെ ജനങ്ങള്‍ സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങളെ തള്ളിക്കളയും എന്നാണ് അവര്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നത്.
എന്നാല്‍ ഇപ്പോള്‍ , കഥമാറിയിരിക്കുന്നു. താന്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി തുറന്നു സമ്മതിച്ചതോടെ യു ഡി എഫിന്റെ എല്ലാ പ്രതിരോധവും ഒരു ക്ഷണം കൊണ്ട് അവസാനിച്ച് പട്ടാപ്പകല്‍ പൊതുമൈതാനത്ത് നഗ്നമാക്കപ്പെട്ടവന്റെ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഇതുവരെ തെളിവ് , കോടതി മനസ്സാക്ഷി എന്നൊക്കെയുള്ള സാധ്യതകളെ ഉപയോഗിച്ചായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതിരോധമെങ്കില്‍ ഇനി മറ്റു ചില ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയേണ്ടിവരും. ബ്ലാക്ക് മെയില്‍ ചെയ്യണമെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ഭാഗത്തുനിന്നും നിയമപരമല്ലാത്ത എന്തെങ്കിലും ഉണ്ടാവണമല്ലോ? ഭീഷണിപ്പെടുത്താനുപയോഗിച്ച ആ രഹസ്യം എന്തായിരുന്നു? ആര്‍ക്കു വേണ്ടിയാണ് ഭീഷണിപ്പെടുത്തിയത് ? അതെന്തായിരുന്നു? ഭീഷണിപ്പെടുത്തി നേടിയ അക്കാര്യങ്ങള്‍ എന്തിനുവേണ്ടി ഉപയോഗിച്ചു? അതുകൊണ്ട് കേരളത്തിന് എന്തു നഷ്ടമുണ്ടായി ? ഇങ്ങനെയുള്ള ധാരാളം ചോദ്യങ്ങളുടെ ഒരു നിര തന്നെ ഉമ്മന്‍ ചാണ്ടിയെ കാത്തിരിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയെപ്പോലെയുള്ള ഒരു ചാണക്യനെപ്പോലും വരുതിക്ക് നിറുത്താന്‍ കഴിയുന്ന ആ രഹസ്യത്തിന് കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ മാറ്റിത്തീര്‍ക്കാന്‍ കഴിയുമെന്ന കാര്യം ഉറപ്പാണ്.
ഇക്കാര്യത്തില്‍ ഇനിയും സര്‍ക്കാറിന്റെ ഇടപെടലുണ്ടാകാന്‍ താമസിക്കരുത്. ഉമ്മന്‍ ചാണ്ടിയുടെ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ മൊഴിയായി പരിഗണിച്ചുകൊണ്ടു മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയതിന് കേസ് റജിസ്റ്റര്‍ ചെയ്യണം. അദ്ദേഹത്തില്‍ നിന്നും അന്വേഷണത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണം.ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. ഇതൊക്കെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്.അല്ലാതെ ആരെങ്കിലും കോടതിയില്‍‌പ്പോയി അന്വേഷണത്തിനുള്ള ഉത്തരവും വാങ്ങി വരുന്നതുവരെ അധികാരികള്‍ കാത്തിരിക്കരുത്. അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവന്നില്ലെങ്കില്‍ ഇനിയും മുഖ്യമന്ത്രി സ്ഥാനത്തോ മറ്റേതെങ്കിലും സ്ഥാനത്തോ എത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടി വീണ്ടും ബ്ലാക്ക് മെയില്‍ ചെയ്യപ്പെട്ടേക്കാം എന്നൊരു സാധ്യകൂടി പരിഗണിക്കേണ്ടതുണ്ട്.

            വാല്‍ക്കഷണം - ഞാനടക്കമുള്ള കുറച്ചാളുകള്‍ ഉമ്മന്‍ ചാണ്ടി രാഷ്ട്രീയ ചാണക്യനാണെന്ന് കരുതിയിരുന്നു. ഒന്നുമല്ല. ഒരു വെറും പച്ചപ്പാവമാണെന്ന് ഇപ്പോള്‍ മനസ്സിലായിരിക്കുന്നു. പണ്ട് കലാഭവന്‍ മണി പറഞ്ഞതുപോലെ മൂട്ടില്‍ തീ പിടിച്ചപ്പോള്‍ വെപ്രാളപ്പെട്ട് കുറച്ച് ഓടി എങ്ങനെയൊക്കെയോ ഇതുവരെ എത്തി എന്നുമാത്രം.സ്വയം കുറ്റം ഏറ്റുപറഞ്ഞ ഒരാളെ ഇനിയും അധികം വേദനിപ്പിക്കരുതെന്ന് കേരളത്തോട് ഞാനനൊന്നപേക്ഷിച്ചുകൊള്ളട്ടെയോ ?

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1