#ദിനസരികള്‍ 218



പി ജയരാജന്റെ സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ അവതാരികയില്‍ ശ്രീ പിണറായി വിജയന്‍ ഇങ്ങനെ എഴുതുന്നു. :- “ആറെസ്സെസ്സിന്റെ  ഫാസിസ്റ്റ് കടന്നുകയറ്റങ്ങള്‍‌ക്കെതിരെ സി പി ഐ എം നടത്തിയ പ്രതിരോധം ഐതിഹാസികമാണ്.ആ പോരാട്ടത്തില്‍ അനേകം കമ്യൂണിസ്റ്റുകള്‍ക്ക് ജീവന്‍  നഷ്ടപ്പെട്ടു.പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനമായ യാതനകളനുഭവിച്ചു.ആസുത്രിതമായ ആക്രമണത്തിനിരയായി മരണത്തിനരികെ വരെയെത്തി ജീവിതത്തിലേക്ക് തിരിച്ചു വന്ന സഖാവാണ് പി .ജയരാജന്‍ സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ഗ്ഗീയത വെച്ച് മുതലെടുപ്പു നടത്തുന്ന ഛിദ്രശക്തികളുടെ പെരുമാറ്റരീതികളെക്കുറിച്ച് ചിന്തിക്കുകയാണ് പ്രസ്തുത പുസ്തകത്തിലൂടെ പി ജയരാജന്‍ ചെയ്യുന്നത്.
            പിണറായി വിജയന്‍ സൂചിപ്പിക്കുന്ന മരണത്തിനരികെവരെയെത്തിയ സംഭവത്തെക്കുറിച്ച് ഇരയുടെ അനുഭവസാക്ഷ്യം എന്ന ആമുഖക്കുറിപ്പില്‍ ജയരാജന്‍ അനുസ്മരിക്കുന്നുണ്ട്.നിരവധി വെട്ടുകള്‍ക്കു ശേഷം മരിച്ചു എന്നുറപ്പാക്കി ശത്രുക്കള്‍ അദ്ദേഹത്തെ ഉപേക്ഷിച്ചുപോയതാണ്. മരണത്തില്‍ നിന്നുമുള്ള ജയരാജന്റെ തിരിച്ചുവരവ് ഐതിഹാസികമായ ഇച്ഛാശക്തിയുടേയും പ്രതിരോധത്തിന്റേയും കൂടി കഥയാണ്.പതിമൂന്ന് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ശരീരത്തിലുണ്ടായിരുന്ന പതിനേഴോളം മുറിവുകള്‍ തുന്നിക്കെട്ടി.ജിവനു പകരമായി ഒരു ചെവിയുടെ കേള്‍വി ശക്തിയും വലതുകൈയ്യും കൊടുക്കേണ്ടിവന്നെങ്കിലും തക്കസമയത്തു ലഭിച്ച ചികിത്സയുടെ പിന്‍ബലത്തില്‍ മരണത്തെ പിന്മടക്കാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം എഴുതുന്നു.താന്‍ സ്വയം നേരിട്ട ഈ കെടുതിയുടെ കാഠിന്യത്തില്‍ നിന്നുകൊണ്ട് എന്താണ് ഫാസിസമെന്നും  അതെങ്ങനെയാണ് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ചിന്തിക്കുകയാണ് തുടര്‍ന്നു വരുന്ന ലേഖനങ്ങളിലൂടെ ജയരാജന്‍ ചെയ്യുന്നത്.
            ആര്‍ എസ്സ് എസ്സിന് ഫാസിസമായും നാസിസമായുമുള്ള ആത്മബന്ധം സുവിദിതമാണ്.ആറെസ്സെസ്സിന്റെ സ്ഥാപകനായ ഡോ. ഹെഡ്‌ഗേവരുടെ മുഖ്യഉപദേഷ്ടാവായ ബി എസ് മുന്‍‌ജെയുടെ ആരാധനാപാത്രമായിരുന്നു ഹിറ്റ്ലറും മുസോളിനിയുമെന്ന് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നു.1920 കളില്‍ തന്നെ ഇറ്റലിയിലും ജര്‍മനിയിലും നടക്കുന്ന ഫാസിസ്റ്റ് നാസിസ്റ്റ് മുന്നേറ്റങ്ങളെക്കുറിച്ച് കേസരിയില്‍  വന്നിരുന്ന ലേഖനങ്ങളെ പുരസ്കരിച്ച് , ഇന്ത്യയിലെ ഹിന്ദു നവോത്ഥാനവാദികള്‍ക്ക് അവരുമായി ആത്മബന്ധമുണ്ടായിരുന്നുവെന്ന് പി ജയരാജന്‍ ആര്‍ എസ് എസ് ഫാസിസത്തിന്റെ തായ്‌വേരുകള്‍ എന്ന ലേഖനത്തില്‍ എഴുതുന്നുണ്ട്.കീഴടക്കാനാകാത്ത നേതൃത്വവും ആര്യ വംശജരുടെ അജയ്യതയും കാംക്ഷിച്ച് പ്രവര്‍ത്തിക്കാന്‍ രൂപം കൊടുത്ത നാസി ആശയസംഹിതകളുടെ  ചുവടുപിടിച്ചാണ് ഇന്ത്യയിലും ഹിന്ദുതീവ്രവാദത്തിന് വഴിമരുന്നിടുന്ന വാദമുഖങ്ങള്‍ക്ക് ആറെസ്സെസ്സ് പിന്നീട് രൂപം കൊടുത്തത്.ആവശ്യത്തിലേറെ വിത്തും വളവും സ്വരുക്കൂട്ടിയെടുക്കാന്‍ ഈ രണ്ടു ചിന്താധാരകളും ആറെസ്സെസ്സിനേയും അതിന്റെ നേതാക്കളേയും നന്നായി സഹായിച്ചിട്ടുണ്ട്.
        തീവ്രഹിന്ദുത്വത്തിന്റെ പ്രയോക്താക്കളായ ആറെസ്സെസ്സുകാര്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കിയതിന്റെ ഒരു നഖചിത്രമാണ് രക്തം തളം കെട്ടിയ ചവിട്ടു പടികള്‍ എന്ന രണ്ടാമത്തെ ലേഖനത്തിലുള്ളത്.സ്വതന്ത്ര്യാനന്തര ഭാരതത്തില്‍ ആദ്യമായി ആറെസ്സെസ്സിന്റെ അജണ്ട നടപ്പിലാക്കിയത് നവഖാലിയിലായിരുന്നു.ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുണ്ടായ ആ കലാപത്തില്‍ ഏകദേശം അയ്യായിരത്തോളമാളുകള്‍ മൃതിയടഞ്ഞു.അവിടെ നിന്നിങ്ങോട്ട് ഹിന്ദുത്വവാദികള്‍ ആവിഷ്കരിച്ചു നടപ്പാക്കിയ കലാപങ്ങളുടെ ഒരു സംക്ഷിപ്തമായ വിവരണം തുടര്‍ന്ന് നല്കിയിട്ടുണ്ട്.ആര്‍ എസ് എസും സംഘപരിവാരങ്ങളും എവിടെയുണ്ടോ അവിടെ സമാധാനപരമായി ജീവിക്കുന്നവരുടെയിടയില്‍ കലാപവുമുണ്ടാകുമെന്ന് ഇന്ദിരാഗാന്ധിയെക്കൊണ്ട് പറയിച്ച 1970 ലെ ഭീവണ്ടി ലഹളയടക്കമുള്ള നിരവധി കലാപങ്ങള്‍ ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്
            ഫാസിസത്തിന്റെ കേരളത്തിലെ ആസുരവഴികളെക്കുറിച്ചാണ് മൂന്നാം അധ്യായം ചര്‍ച്ച ചെയ്യുന്നത്.സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളും കെട്ടിയ വേലി പെട്ടെന്ന് പൊട്ടിച്ചെറിയാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.പുരോഗമന ആശയങ്ങളിലൂന്നിയ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന്റെ നിതാന്തമായ ജാഗ്രത ആറെസ്സെസ്സിനെ പ്രതിരോധിച്ചു നിന്നു.1960 ന് ശേഷം പ്രത്യക്ഷമായി വര്‍ഗ്ഗീയ ഹിന്ദുത്വത്തിലൂന്നിയ നിരവധി പരിപാടികള്‍ ആര്‍ എസ് എസ് സംഘടിപ്പിക്കുവാന്‍ തുടങ്ങി.മുസ്ലിംലീഗിന് ലഭിച്ച അധികാരത്തിന്റെ കണക്കുകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ഹിന്ദുക്കള്‍ അധികാരം അപ്രാപ്യമാണെന്നും അതില്‍ മാറ്റമുണ്ടാകാന്‍ ഹിന്ദുത്വം വളരണമെന്നുമുള്ള വാദമുയര്‍ത്തി പ്രവര്‍ത്തനം സംഘടിപ്പിച്ചു.മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തിന്റെ രൂപീകരണം വര്‍ഗീയ ധ്രൂവീകരണത്തിന് ആക്കം കൂട്ടാനുപയോഗിച്ചു.ഇതിനായി സംഘപരിവാരസംഘടനകളുടെയെല്ലാം പ്രവര്‍ത്തപരിപാടികള്‍ പുനസംഘടിപ്പിച്ചു.1964 ല്‍ എ ബി വിപിയും 1966 ല്‍ വിശ്വഹിന്ദു പരിഷത്തും ക്ഷേത്ര സംരക്ഷണ സമിതിയും 1967 ല്‍ ബി എം എസും  പ്രവര്‍ത്തനമാരംഭിച്ചുസംഘപരിവാരം പതുക്കെപതുക്കെ കേരളത്തിന്റെ മണ്ണില്‍ വര്‍ഗ്ഗീയതയുടെ തണലില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതിനെ പി ജയരാജന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്.അക്രമത്തിലൂന്നിയ പ്രവര്‍ത്തനത്തിലൂടെ പിന്നീടങ്ങോട്ട് ആറെസ്സെസ്സ് സംഘടിപ്പിച്ച നിരവധിയായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഈ അധ്യായം ചര്‍ച്ച ചെയ്യുന്നു.
            സംഘപരിവാരം നമ്മുടെ സമൂഹത്തിലുണ്ടാക്കുന്ന വിള്ളലുകളെക്കുറിച്ചും ആ വിള്ളലുകളുണ്ടാക്കുനുപയോഗിക്കുന്ന ഗൂഢതന്ത്രങ്ങളെക്കുറിച്ചുമൊക്കെ വരുന്ന അധ്യായങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.പരിവാരം കെട്ടി ഉയര്‍ത്താന്‍ ശ്രമിക്കുന്ന നുണകളുടെ പെരുംകോട്ടയെ തച്ചുതകര്‍ക്കുവാനും , കേരളത്തിന്റെ മണ്ണില്‍ വര്‍ഗ്ഗീയത വേരു പിടിക്കാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വായനക്കാരനെ ബോധ്യപ്പെടുത്താനും ഈ പുസ്തകത്തിന് കഴിയുന്നുണ്ട്.എല്ലാ ദിക്കുകളും ഇരുണ്ടു കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത് ഈ പുസ്തകം ഒരു ദിശാസൂചിയാണെന്ന് നിസംശയം പറയാം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1