#ദിനസരികള്‍ 213


സുഗതകുമാരിയുടെ കൊല്ലേണ്ടതെങ്ങനെ എന്ന കവിത വായിച്ചിട്ടുണ്ടോ ? ഒരു തീഗോളം വിഴുങ്ങിയപോലെ ഉടലാകെ പൊള്ളിക്കുന്നതാണ് ആ കവിത.പ്രായത്തിനൊപ്പം ബുദ്ധി വളരാത്ത ഒരു മകളുടേയും ആ നോവില്‍ ജീവിതകാലം മുഴുവന്‍ വെന്തു ജീവിക്കുന്ന ഒരമ്മയുടേയും കഥയാണ് കവയത്രി പറയുന്നത്. തന്റെ കാലത്തിന് ശേഷം ഈ കുഞ്ഞ് എന്തു ചെയ്യും എന്ന ചിന്ത അമ്മയെ എത്രമാത്രം ആഴത്തില്‍ വേവവലാതിപ്പെടുത്തുന്നു എന്നറിയണമെങ്കില്‍ ഈ കവിതയിലൂടെ കടന്നുപോകുക തന്നെ വേണം.അക്കവിതക്ക് ഒരാസ്വാദനമെങ്കിലുമെഴുതാന്‍ ഞാന്‍ അശക്തനാണ്.ആയിരത്തിത്തൊള്ളാ യിരത്തിത്തൊണ്ണൂറുകളിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ആദ്യമായി ഞാന്‍ ആ കവിത വായിക്കുന്നത്. അതിനുശേഷം എത്ര തവണ ഞാനതു വീണ്ടും വീണ്ടും വായിച്ചിട്ടുണ്ടെന്ന് അറിയില്ല.പക്ഷേ ഓരോ തവണ വായിക്കുമ്പോഴും നമ്മെ പൊള്ളിക്കുവാനുള്ള ശേഷി അക്കവിതക്ക് കൂടിക്കൂടി വരുന്നുവെന്ന് നിസ്സംശയം പറയാം.

കൊല്ലേണ്ടതെങ്ങനെ ? ചിരിച്ച മുഖത്തു നോക്കി
യല്ലില്‍ത്തനിച്ചിവിടെയമ്മ തപിച്ചിടുന്നു.
ഇല്ലാ ഭയം വിഷമമൊന്നുമിവള്‍ക്കു തിങ്കള്‍
ത്തെല്ലിനു തുല്യമൊരു പുഞ്ചിരിയുണ്ട് ചുണ്ടില്‍ - എന്നാണ് കവിത തുടങ്ങുന്നത്. മകള്‍ക്ക് മുപ്പത്തിയേഴു വയസ്സായിരിക്കുന്നു.വയസ്സിനൊത്ത് ശരീരം വളര്‍ന്നിരിക്കുന്നു.പക്ഷേ കൂടെയെത്തേണ്ട മനസ്സ് വളരാന്‍ കൂട്ടാക്കാതെ ഇപ്പോഴും കുഞ്ഞായിത്തന്നെയിരിക്കുന്നു.അവള്‍ സംസാരിക്കുന്നത് , മര്‍ത്യന്റെ ഭാഷകളിലൊന്നിലുമല്ല , യേതോ പക്ഷിക്കിടാവുമുറിവേറ്റു വിളിച്ചിടുമ്പോല്‍ എന്നാണ് കവി പറയുന്നത്. ആ ഭാഷയാകട്ടെ അമ്മക്കു മാത്രമേ മനസ്സിലാകുകയുള്ളുതാനും.
ഇമ്മട്ടിലുള്ള ദുരിതത്തിനെ വേണ്ടയെന്നും
കുന്നിച്ച ഭാരമിതു താങ്ങുക വയ്യയെന്നും പറഞ്ഞ് , മനസ്സു മടുത്തു അച്ഛന്‍ അവരെ ഉപേക്ഷിച്ചു പോയിട്ടു നാളേറെയായിരിക്കുന്നു.കൈവിടാന്‍ കഴിയാത്ത സമ്പത്തായി അമ്മ , പക്ഷേ മകളെ ലാളിച്ചോമനിച്ച് പരിപാലിച്ച് ഇതുവരെ പുലര്‍ത്തി.ഇനിയോ ? അമ്മക്കു വയസ്സായിരിക്കുന്നു. കണ്ണുകളുടെ കാഴ്ച മങ്ങിയിരിക്കുന്നു. മനസ്സെത്തുന്നിടത്ത് ശരീരമെത്താതായിരിക്കുന്നു.ഒരു കുഞ്ഞുകാറ്റടിച്ചാല്‍ തിരി കെട്ടുപോകുന്ന നിലയിലേക്ക് ജീവിതത്തിന്റെ എണ്ണ മുഴുവന്‍ വറ്റി വരണ്ടിരിക്കുന്നു. ഏതു പടവിലും അടിയിടറി അമ്മ കുഴഞ്ഞു വീണുപോയേക്കാം എന്ന രീതിയിലായിരിക്കുമ്പോഴും ഒരൊറ്റ വേവലാതിയാണ് ഇതുവരെ മുന്നോട്ടു നയിച്ചത്.ഇനി വയ്യ.ഉള്ളുപൊള്ളയായ വന്മരം ഏതു നിമിഷം നിലംപൊത്താം. അങ്ങനെ വീണാല്‍
ആരൂട്ടുമാരു കഴുകിച്ചു തുടച്ചുറക്കു
മാരീ മുടിച്ചുരുള്‍കള്‍ ചീകിയൊതുക്കിവെക്കും?
ആരീയഴുക്കുകളെടുത്തിടുമെന്നു, മെന്റെ
യാരോമലിന്നിരുളിലാരു കരം പിടിക്കും ? എന്ന ചോദ്യത്തോടെ അമ്മ കൂടുതല്‍ വിവശയാകുന്നു.
മകള്‍ക്കാര് എന്ന വേവലാതിയും ഒപ്പം ആരും തുണയില്ലാതെ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന മകളുടെ ജീവിതവും അമ്മ കടന്നു കാണുകയാണ്.എത്രയോ മകളുമാര്‍? അനാഥ ജന്മങ്ങള്‍.പിച്ചക്കിരിക്കുന്നവര്‍ , ഭ്രാന്തു പിടിച്ചവര്‍ , അതിലൊക്കെയുപരി ആരോ നിറച്ചു കൊടുത്ത വയറുമായി അലഞ്ഞു നടപ്പവള്‍ - ഇവരൊക്കെ മക്കളായിരുന്നു ; ഒരിക്കല്‍. പിന്നീടെപ്പോഴോ ഈ ഗണത്തിലേക്ക് ചേര്‍ക്കപ്പെട്ടു. ആ ദുസ്ഥിതി താനില്ലാതായാല്‍ തന്റെ മകള്‍ക്കുമുണ്ടാകുമെന്ന തിരിച്ചറിവ് , മകളെ തനിച്ചാക്കി പോകുന്നതില്‍ നിന്ന് അമ്മയെ തടയുന്നു.അതുകൊണ്ട് താനിരിക്കുന്നിടത്തോളം മകളെ ദയവോടു പരിലാളിച്ച അമ്മതന്നെ , താനിരിക്കാത്തിടത്ത് മകളും വേണ്ട എന്ന തീരുമാനത്തിലേക്കെത്തുന്നു.
പൊന്നോമനേ വെടിയുകില്ല തനിച്ചു നിന്നെ ,
യിന്നോളമെന്റെയെരി നെഞ്ചിലണച്ചു പോറ്റീ ,
ഒന്നായ് നമുക്കുമിവിടം വെടിയേണമെന്നേ
യമ്മക്കു തോന്നി വഴിയില്ല പൊറുക്കൂ തങ്കം - എന്നാണ് അമ്മ പറയുന്നത്.
അമ്മ അനുഭവിക്കുന്ന വേദന നമുക്ക് സ്വാംശീകരിക്കാന്‍ കഴിയുന്നുണ്ടോ ? ആ അമ്മയുടെ ചോദ്യത്തിന്റെ ആന്തരാര്‍ത്ഥങ്ങളെ ഇഴപിരിച്ചെടുക്കുവാന്‍ നമുക്കു ഇനിയും കഴിവുണ്ടോ ? യാന്ത്രികമായ ഒരു ജീവിതക്രമം നെഞ്ചേറ്റിയ നമുക്ക് , മനുഷ്യനെന്ന നിലയിലുള്ള അടിസ്ഥാനഭാവങ്ങളെ കൊണ്ടു നടക്കുന്നത് അല്പത്തരമായി തോന്നിയേക്കാം.അതുകൊണ്ടാണ് ആ മകളെ കൊന്നു കളയുന്നത് , അമ്മയല്ല മറിച്ച് നമ്മളാണെന്ന് ഞാന്‍ ചിന്തിക്കുന്നത്.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം