#ദിനസരികള്‍ 208

  
    ലേബർ റൂമിന് പുറത്ത് പുതിയ അതിഥിയെ കാത്തിരിക്കുകയെന്നത് പറഞ്ഞറിയിക്കാൻ  കഴിയാത്ത ഒരനുഭവമാണ്. എല്ലാ അലങ്കാരങ്ങളും ഊരിമാറ്റപ്പെട്ട് ഒരു പച്ച മനുഷ്യനായി നാം പരിണാമം കൊള്ളുന്നു. വെപ്രാളപ്പെടുന്ന മനസ്സ് നല്ലതും ചീത്തയുമായ ഒരു പാട് കാര്യങ്ങളുടെ  പിന്നാലെ പരക്കം പായുന്നു. ഇതു വരെ കേട്ട ഓരോ അനുഭവങ്ങളുടേയും നായകസ്ഥാനത്ത് സ്വയം പ്രതിഷ്ടിച്ചുകൊണ്ട് വീണ്ടും അനുഭവിക്കുന്നു. മനമോടാത്ത കുമാർഗ്ഗമില്ലെടോയെന്ന് ആശാന്റെ സീത പറയുന്നതുപോലെ , മനസ്സ് കൂടുതലും കുമാർഗ്ഗങ്ങളിലാണ് ഓടുന്നത്. ഒന്നും ചെയ്യാനില്ലാത്ത ഈ കാത്തിരിപ്പ് നമ്മെ എത്രമാത്രം ദുർബലപ്പെടുത്തുന്നതാണെന്ന് അനുഭവിച്ച് അറിയുക തന്നെ വേണം.  ഈ തിരിച്ചറിവ്  അഹങ്കാരത്തിന്റെ എല്ലാ കൊമ്പുകളും  ഒടിക്കുന്നതാണ്.  ജീവിതത്തിൽ  നാം നേരിടുന്ന ഇത്തരം  ദൗർബല്യങ്ങളെ മുതലെടുത്തു കൊണ്ടാണ് അഭൌതികശക്തികൾ ദൈവത്തിന്റേയും പിശാചിന്റേയും രൂപത്തില്‍ നമ്മുടെ മനസ്സുകളിലേക്ക് തിരുകി കയറുന്നത് എന്നതൊരു വസ്തുതയാണ്.
          സമാനമായ മറ്റൊരു അനുഭവം ഉണ്ടായത് അബോര്‍ഷന് ഒപ്പിട്ടുകൊടുത്തതിനുശേഷം മുറിക്കു പുറത്ത് ഇതുപോലെ പണ്ടൊരിക്കല്‍ കാത്തിരുന്നപ്പോഴാണ്. അന്ന് ഒരു ജീവന് മരണം വിധിച്ചാണെങ്കില്‍ ഇന്ന് മറ്റൊരു ജീവന്റെ ജനനത്തിനുവേണ്ടിയാണെന്ന് മാത്രം.ഡോക്ടറുടെ നിര്‍‌ദ്ദേശമനുസരിച്ച് അബോര്‍ഷന്, ഒപ്പിട്ടു കൊടുക്കുമ്പോള്‍ മനസ്സ് തികച്ചും ശൂന്യമായിരുന്നു. തുടരുന്നത് അപകടകരമാണ് എന്ന് ഡോക്ടര്‍ പറഞ്ഞതുമാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു എന്നതിനാലാകാം അബോര്‍ട്ടു ചെയ്ത ഒന്നു രണ്ടു ദിവസത്തേക്ക് മറ്റൊരു ചിന്തയും മനസ്സിലേക്ക് എത്തിനോക്കാതിരുന്നത്. എന്നാല്‍ അവള്‍ സ്വാഭാവികതയിലേക്ക് തിരിച്ചു വന്നതിനുശേഷം ഏതോ ഒരു ദിവസം , ഒട്ടും പ്രതീക്ഷിക്കാതെ ആ കുഞ്ഞിനെക്കുറിച്ചുള്ള ചിന്ത ശരംകണക്കേ മനസ്സിലേക്ക് കയറിവന്നു.അറിയാതെ ഒരു ഞെട്ടല്‍ ഉടലാകെ ഉലച്ചുകൊണ്ട് നട്ടെല്ലിനെത്തൊട്ടു. ആ കുഞ്ഞിനു വേണ്ടി ശേഖരിച്ചിരുന്ന സ്വപ്നങ്ങളൊക്കെ മുന്നില്‍ വന്ന് നിറഞ്ഞു നില്ക്കാന്‍  തുടങ്ങി. ഗര്‍ഭത്തിലുള്ള കുഞ്ഞിന് , രാത്രിയില്‍ വളരെ നേര്‍ത്ത ശബ്ദത്തില്‍ പാട്ടു കേള്‍പ്പിക്കുന്നത് നല്ലതാണെന്ന് ആരോ പറഞ്ഞതനുസരിച്ച് ഞാന്‍ ഒരു മ്യൂസിക് സിസ്റ്റം വാങ്ങിയതിന്റെ പിറ്റേന്നായിരുന്നു ഡോക്ടറുടെ അബോര്‍ഷന്‍ എന്ന തീരുമാനം വന്നത്. ഇനി ഞാനാരെയാണ് പാട്ടു കേള്‍പ്പിക്കുക എന്ന് ആ മ്യൂസിക് പ്ലെയര്‍ എന്നോടു ചോദിക്കുന്നതായി തോന്നി.കുറച്ചു ദിവസങ്ങളിലേക്ക് ഞാനെന്തായിരുന്നു എന്ന് എനിക്കുതന്നെ അറിയാത്ത രീതിയിലായിരുന്നു കാര്യങ്ങള്‍. പുറമേക്ക് ഒന്നുമില്ല.സ്വാഭാവികം. ഉള്ളില്‍ പക്ഷേ , തീരങ്ങളെ തല്ലിത്തകര്‍ത്തുകൊണ്ടു താണ്ഡവമാടുന്ന കടല്‍ക്ഷോഭം ആരറിയാന്‍?
          എന്തായാലും കാര്യങ്ങള്‍ എങ്ങനെയൊക്കെയോ സ്വാഭാവികത കൈവരിച്ചു.ക്ഷോഭങ്ങള്‍ നിയന്ത്രിക്കപ്പെട്ടു. മുറിവുകളില്‍ വടുകെട്ടിയിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ കാത്തിരിക്കുകയാണ്. ആശുപത്രിമുറിയുടെ തണുത്ത വരാന്തയില്‍ , ഒരു കസേരയില്‍ പുതിയൊരു അതിഥിയേയും പ്രതീക്ഷിച്ച്.

          

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1