#ദിനസരികള്‍ 210
#ദിനസരികള്‍ 210
അവന്‍ എനിക്ക്
പ്രിയപ്പെട്ടവനായിരുന്നു.പ്രിയപ്പെട്ടവന്‍ എന്നു പറയുമ്പോള്‍ ആ
വാക്കുല്പാദിപ്പിക്കുന്ന സ്വാഭാവിക അര്‍ത്ഥപരിസരങ്ങളില്‍ നിന്നൊക്കെ മാറി അതിനു
ലഭിക്കാവുന്ന ഏറ്റവും ആഴമുള്ള ഭാവത്തെ സ്വീകരിക്കണം. എന്നു വെച്ചാല്‍ എന്റെ ആത്മാവില്‍
ഇരിപ്പിടം ഉറപ്പിച്ചവന്‍ എന്നുതന്നെ പറയാം.ഞങ്ങള്‍ എത്രയോ വര്‍ഷങ്ങള്‍ ഒന്നിച്ചു
നടന്നവര്‍. സുഖവും ദുഖവും സമാസമം പങ്കിട്ടവര്‍.ഒരു പാത്രത്തില്‍ നിന്നുണ്ട് , ഒരു
കിടക്കയില്‍ കിടന്നുറങ്ങിയവര്‍.ഞങ്ങളുടെ ഇടയില്‍ രഹസ്യങ്ങളുണ്ടായിരുന്നില്ല എന്നു
കൂടി പറഞ്ഞുകൊണ്ടു ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിശേഷണങ്ങള്‍
അവസാനിപ്പിക്കട്ടെ.അങ്ങനെയിരിക്കേ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഞങ്ങള്‍
രണ്ടാളും പിരിഞ്ഞു എങ്കിലും തമ്മിലുള്ള ബന്ധത്തിന് ഒരു കുറവും
വന്നിരുന്നില്ല.എന്നും പല പ്രാവശ്യം വിളിക്കും, കാര്യങ്ങളൊക്കെ സംസാരിക്കും.
ഒരു ദിവസം കുറച്ച് കാശിന് എന്റെയൊരു സുഹൃത്തിന് അത്യാവശ്യം
വന്നു. വളരെ അത്യാവശ്യമാണ്. കാര്യം എനിക്കും നേരിട്ടറിയാവുന്നതുമാണ്. സാധാരണ
കിട്ടുന്നിടത്തൊക്കെ നോക്കി. രക്ഷയില്ല. കിട്ടിയേ പറ്റൂ. ഒരിടത്തുനിന്നും
കിട്ടുന്നില്ല എന്നായപ്പോള്‍ കാര്യം ഇവനോടു പറഞ്ഞു.അവന്റെ കൈയ്യില്‍ പണമുണ്ട്. അത്
തന്നു. എന്തെങ്കിലും കാരണവശാല്‍ കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ ബന്ധം
അവസാനിക്കുമെന്നുള്ളതുകൊണ്ട് , സുഹൃത്തുക്കളില്‍ നിന്നും കഴിയുന്നത്ര കടം
വാങ്ങാറില്ലാത്തതാണ്.പക്ഷേ ഇത്തവണ ഗതികേടിന് അവന്റെ കൈയ്യില്‍ നിന്നും വാങ്ങാതെ
തരമില്ലെന്നായി.കൊടുക്കാം എന്ന ധൈര്യത്തില്‍ രണ്ടും കല്പിച്ച് വാങ്ങി
ആവശ്യക്കാരനായ സുഹൃത്തിനെ ഏല്പിച്ചു.
പറഞ്ഞ തീയതിക്കൊന്നും അവന്റെ കാശു തിരിച്ചു കൊടുക്കാന്‍
കഴിഞ്ഞില്ല.അങ്ങനെ മൂന്നു നാലു അവധി തെറ്റിയ ഒരു ദിവസം അവനെന്നെ വിളിച്ചു. എനിക്ക്
നാളെ പൈസ തരണം, അല്ലെങ്കില്‍ ഇനി മേലില്‍ നീയുമായി ഒരു ബന്ധവുമുണ്ടാവില്ലെന്നും
നാളെ തന്നില്ലെങ്കില്‍ ആ തുക ഇനി വേണ്ടെന്നും അവനെന്നോടു പറഞ്ഞു.അതെന്നെ വല്ലാതെ
സ്പര്‍ശിച്ചു. കേവലം തുച്ഛമായ ഒരു തുക കിട്ടിയില്ലെങ്കില്‍ ഇല്ലാതാകുന്ന ബന്ധമാണോ
ഞങ്ങള്‍ തമ്മിലുള്ളത് എന്നതായിരുന്നു എന്റെ ചിന്ത. അത്ര ബന്ധമേ ഉള്ളുവെങ്കില്‍
അതൊന്ന് അറിയണമല്ലോ എന്നായി ഞാനും. പിറ്റേന്നായി. അന്ന് അവന്റെ കാശ്
കൊടുത്തില്ല.പിന്നീട് ഇതുവരെ അവനെന്നെയോ ഞാന്‍ അവനേയോ
വിളിച്ചില്ല.വിളിച്ചിരുന്നുവെങ്കില്‍ അങ്ങോട്ടുമിങ്ങോട്ടും രണ്ടു “വര്‍ത്തമാനം” പറഞ്ഞിരുന്നുവെങ്കില്‍
എല്ലാ പ്രശ്നവും അവസാനിക്കുമായിരുന്നു.
എത്രയോ
കൊല്ലം കഴിഞ്ഞിരിക്കുന്നു. ഇന്ന് പക്ഷേ ,
അവനെയൊര്‍ത്ത് ഞാന്‍ വിവശനാണ്. അവന്‍ എന്നെ വിശ്വസിച്ച് തന്നത് അവന്
ആവശ്യമുള്ളപ്പോള്‍ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ്. അത് തെറ്റിയപ്പോള്‍
സ്വാഭാവികമായും അവനെന്നോട് ദേഷ്യം തോന്നിയിരിക്കാം.അതുകൊണ്ടായിരിക്കണം എനിക്കൊരു
അവസാന അവസരം അവന്‍ അനുവദിച്ചത്. എന്നാല്‍ ബന്ധങ്ങളെ പണം വെച്ച് തൂക്കിനോക്കാമോ
എന്ന ചിന്തയിലാണ് എന്റെ ചൂണ്ട കൊളുത്തിനിന്നത്. ഏതു ശരി, ഏതു തെറ്റ് എന്ന് ഇത്രയും
കാലത്തിനു ശേഷവും എനിക്ക് തിരിച്ചറിയാനാവുന്നില്ലല്ലോ. എങ്കിലും ഒരു കാര്യം ഉറപ്പ്.
അവന്‍ എന്നേയും ഞാന്‍ അവനേയും ഇപ്പോഴും സ്നേഹിച്ചുകൊണ്ടിരിക്കുന്നു ,ഓര്‍മിച്ചുകൊണ്ടിരിക്കുന്നു.
Comments