#ദിനസരികള്‍ 212
“ചൂറ” എറിയുക
എന്നൊരു ആചാരമുണ്ട്. അടിയോരുടെ ഇടയിലാണ് ഇത്തരമൊരു ആചാരം നിലനില്ക്കുന്നത്.അടിയ
സമുദായത്തില്‍പ്പെട്ട ആരെങ്കിലും മരിച്ചാല്‍ അയാള്‍ എന്തെങ്കിലും സമ്പത്ത്
കരുതിവെച്ചിട്ടുണ്ടോയെന്ന് ഊരുമുപ്പന്‍ അന്വേഷിക്കും.ചിലപ്പോള്‍ വല്ല നാണയങ്ങളോ ,
വിലപിടിപ്പുള്ളത് എന്ന് മരിച്ചയാള്‍ക്ക് തോന്നിയ മറ്റു ചില വസ്തുക്കളോ
ലഭിച്ചുവെന്നു വരാം.അങ്ങനെ വല്ലതും കിട്ടിയാല്‍ മൂപ്പന്‍ അത്
കൈയ്യിലെടുക്കും.എന്നിട്ട് മരിച്ചയാളെ അടക്കുന്ന സമയത്ത് മുകളിലേക്ക്
വലിച്ചെറിയും. കിട്ടുന്നവര്‍ക്ക് അതെടുക്കാം. മറ്റാര്‍ക്കും അതില്‍ യാതൊരു വിധ
അവകാശങ്ങളുമുണ്ടായിരിക്കില്ല.ഒരു ജീവിതകാലം കൊണ്ട് സമ്പാദിച്ചുവെച്ചിരിക്കുന്ന
ഇത്തിരി സ്വത്ത് മരണാനന്തരകര്‍മമായി ഇങ്ങനെ ഉപേക്ഷിക്കുന്ന രീതിക്കാണ് “ചൂറ ഏറിന്റേ”
എന്ന് പറയുന്നത്.
ഇവിടെ , ഞങ്ങളുടെ വയനാട്ടില്‍ സ്വന്തം ജീവിതം തന്നെ ഒരു
ചൂറയായി കണക്കാക്കി , സ്വസമുദായത്തിന്റേയും പൊതു സമൂഹത്തിന്റേയും ഇടയിലേക്ക്
വലിച്ചെറിഞ്ഞ ഒരു മനുഷ്യനുണ്ടായിരുന്നു.അടിയോരുടെ പെരുമന്‍ എന്നറിയപ്പെട്ടിരുന്ന
അയാളുടെ പേര് പി കെ കാളന്‍ എന്നായിരുന്നു.വെള്ളിക്കോലിന്റെ വെട്ടിത്തിളക്കത്തിന്റെ
മുമ്പില്‍ അടിമയായി വിറിച്ചു നിന്ന ഒരു കാലം അയാള്‍ക്കുണ്ടായിരുന്നു. വള്ളിയൂര്‍ക്കാവിലെ
ദേവീ സന്നിധിയില്‍ വെച്ച് അടിമയായി അയാളെ ലേലം ചെയ്ത കാലമുണ്ടായിരുന്നു.പുതിയൊരു
വീട് അനുവദിക്കുന്നതിനെക്കുറിച്ചും വീട്ടിലേക്ക് വൈദ്യുതിയെത്തിക്കുന്നതിനെക്കുറിച്ചും
ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ അദ്ദേഹത്തോട് അധികാരികള്‍
സംസാരിച്ചിരുന്നുവെങ്കിലും എനിക്കു മാത്രം എന്തിന് എന്ന ചോദ്യമായിരുന്നു
അദ്ദേഹത്തിന്റെ മറുപടി. ആ ചോദ്യത്തില്‍ എല്ലാമുണ്ടായിരുന്നു. കാലങ്ങളായി
മനുഷ്യരായിപ്പോലും പരിഗണിക്കാതെ നമ്മള്‍ അടിച്ചമര്‍ത്തിപ്പോന്ന ഒരു ജനതയുടെ
മുഴുവന്‍ പ്രതിഷേധവും അതിലുണ്ടായിരുന്നു. ആ ചോദ്യം, കുശാഗ്ര ബുദ്ധികൊണ്ട് നാം
കെട്ടിപ്പടുത്തിരിക്കുന്ന നമ്മുടെ നിതീബോധത്തിന് വിവരിക്കാനാകാത്തവിധം അതിസങ്കീര്‍ണമായിരുന്നു.
എനിക്കു മാത്രം എന്തിന് എന്ന ചോദ്യത്തിന്റെ പൊരുള്‍ നമുക്ക്
മനസ്സിലായില്ല , അഥവാ മനസ്സിലാകില്ല.നമ്മുടെ അളവുതൂക്കങ്ങളും ഇതര മാപിനികളും
അത്രമാത്രം അജൈവികമായിരിക്കുന്നു. നീതിബോധം അത്രമാത്രം സാങ്കേതികമായിരിക്കുന്നു.നമ്മുടെ
പ്രത്യയശാസ്ത്രങ്ങളുടെ
അക്കാദമികഭാരംകൊണ്ട് മനുഷ്യന് തലയുയര്‍ത്തി നില്ക്കാന്‍ അസാധ്യമായിരിക്കുന്നു.
ഇനിയെങ്കിലും നാം മടങ്ങണം. കാളേട്ടന്റെ ചോദ്യത്തിന്റെ പൊരുളധികാരങ്ങള്‍ നാം
തിരിച്ചറിയണം.അദ്ദേഹത്തിന്റെ ജീവിതത്തിന് നാം ഒരു സമൂഹം എന്ന നിലയില്‍
എന്തെങ്കിലും പ്രാധാന്യം നല്കുന്നുവെങ്കില്‍ , എനിക്കു മാത്രം എന്തിന് എന്ന ചോദ്യം
ഓരോരുത്തരം സ്വയം ചോദിക്കുകയാണ് വേണ്ടത്. അവിടെ തുടങ്ങും , സമൂഹത്തിലെ മുഴുവന്‍
ഉച്ചനീചത്വങ്ങളേയും ഇല്ലാതാക്കുന്ന ഒരു കൊടുങ്കാറ്റ്.
Comments