#ദിനസരികള്‍ 207
ഇതിഹാസങ്ങള്‍ രചിക്കപ്പെട്ടത് പലപ്പോഴും ചോരകൊണ്ടാണ്. നേരിട്ടുള്ള പോരാട്ടങ്ങള്‍ പടക്കളങ്ങളില്‍ തീര്‍ത്ത രുദിരപ്രവാഹത്തിന്റെ അനസ്യൂതമായ ധാരക്കൊപ്പം ഒളിയുദ്ധങ്ങളുടേയും ചതിയുടേയും വഞ്ചനയുടേയും കഥ കൂടിയാണ് ഓരോ ഇതിഹാസങ്ങളും എന്നത് നാം വിസ്മരിക്കരുത്. കൊട്ടാരത്തില്‍ നിന്ന് എറിഞ്ഞു കിട്ടുന്ന നാണയത്തിന് വേണ്ടി വീരേതിഹാസങ്ങള്‍ കെട്ടിയുണ്ടാക്കിയ പാണരുടെ ഗണത്തില്‍ നായകനെ വാഴ്ത്തിപ്പാടുന്നവരാണ് അധികവും എന്നുള്ളതു കൊണ്ടാണ് പലരും ഇന്നും വീരപരിവേഷം പേറുന്ന പാത്രങ്ങളായി വിരാജിക്കുന്നത് എന്ന കാര്യം വിസ്മരിച്ചുകൂട. ഉദാഹരണത്തിന് രാമായണം എടുക്കുക. രാക്ഷസരാജാവായ രാവണനെ വധിക്കുക എന്ന ഗൂഡോദ്ദേശത്തോടുകൂടി മാഹാവിഷ്ണു , രാമനായി അവതരിച്ചു എന്ന് വാല്കമീകി പറയുന്നു. ആ രാമനാല്‍ കൊല്ലപ്പെട്ട രാവണനാകട്ടെ , തന്റെ വംശത്തിന്റേയും വര്‍ഗ്ഗത്തിന്റേയും ഉന്നമനത്തിനുവേണ്ടി സ്വജീവിതമാണ് ഉഴിഞ്ഞുവെച്ചത്.ശ്രീകണ്ഠന്‍ നായര്‍ പറയുന്നതുപോലെ പാതാളത്തിലേക്കാണ്ടു പോയിരുന്ന ഒരു വംശത്തെ ചന്ദ്രഹാസത്തിന്റെ സഹായത്തോടെ വിശ്വത്തെ വെല്ലുന്ന ഒരു ശക്തിയാക്കി മാറ്റുവാന്‍ രാവണനു കഴിഞ്ഞു.ദേവന്മാരെ എതിര്‍ക്കുന്നു എന്ന പേരില്‍ രാവണനിഗ്രഹത്തിനുവേണ്ടി അവതരിച്ച ശ്രീരാമന്‍ ചെയ്തുകൂട്ടിയതെന്തെല്ലാമാണ്? ബാലിയെ ഒളിയമ്പെയ്തുകൊന്നതും സതീരത്നമായ സീതയെ കാട്ടിലുപേക്ഷിച്ചതുമെല്ലാം ഗുണവാനും വീര്യവാനുമെന്ന് വാല്മീകി വാഴ്ത്തിപ്പാടിയ രാമന് ഭൂഷണമോ? അല്ലെന്നാണ് സഹൃദയലോകം വിധി പറയുന്നത്.രാവണനോ ?സ്വന്തം ചോരയാല്‍ , അനുജനാല്‍ത്തന്നെ , ചതിക്കപ്പെട്ടു. ശത്രുവിന്റെ കൂട്ടത്തിലേക്ക് ഒളിച്ചു കടന്ന വിഭീഷണനേയും , പക്ഷേ ന്യായീകരിക്കുവാന്‍ പാണന്മാരുണ്ടായിരുന്നു എന്ന കാര്യം നാം വിസ്മരിക്കണ്ട.അടിമലോകത്ത് തലകുനിച്ചു ജീവിച്ചിരുന്ന ഒരു വംശത്തിന് , തലയുയര്‍ത്തി നില്ക്കുവാന്‍ കെല്പു നല്കിയ സ്വന്തം ജ്യേഷ്ഠനെയാണ് ആ അനുജന്‍ ഒറ്റിക്കൊടുത്തതെങ്കിലും സവര്‍ണനീതിബോധത്തിന്റെ തുലാസ്സിലിട്ട് ആ ഒറ്റിക്കൊടുക്കലിനെ ന്യായീകരിച്ചെടുക്കുവാന്‍ രാമകിങ്കരന്മാര്‍ കഴിഞ്ഞു.രാവണപക്ഷത്തുനിന്നുള്ള രാമായണവായനകള്‍ ഇനിയുമിനിയും ഉണ്ടാകേണ്ടിയിരിക്കുന്നു
മഹാഭാരതവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല.ഒരേ ചോര തന്നെ ഇരുധ്രുവങ്ങളിലും ആയുധമെടുത്തു അടരാടാനിറങ്ങിയപ്പോള്‍ ചതിയുടേയും വഞ്ചനയുടേയും എത്രയെത്ര കഥകളാണ് ഭഗവാന്‍ വ്യാസന്‍ ലോകത്തോടു വിളിച്ചു പറഞ്ഞത്? ബന്ധുത്വമൊറ്റുന്ന നീചന്മാരും ചതിയില്‍ കൊന്നൊടുക്കുന്ന അരചന്മാരും ധാരാളമുണ്ട്.ദുര്യോധനനോളം തിളക്കമുള്ള മറ്റൊരു കഥാപാത്രമുണ്ടോ മഹാഭാരതത്തില്‍ ? ചിലപ്പോള്‍ കര്‍ണനെക്കൂടി ഉള്‍പ്പെടുത്തേണ്ടി വന്നേക്കാമെന്ന് മാത്രം.പക്ഷേ പില്ക്ലാല ചരിത്രം രേഖപ്പെടുത്തപ്പെട്ടത് പാണ്ഡവരുടെ പേരിലാണ്. ദുര്യോധനനും കര്‍ണനുമൊക്കെ ബോധപൂര്‍വ്വം മറക്കപ്പെടുകയും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും ചെയ്തു.പക്ഷേ , സൂക്ഷ്മദര്‍ശികളായ , കാലത്തെ കടന്നുകാണാന്‍ കഴിയുന്നവര്‍ക്ക് സത്യമെന്തെന്ന് തിരിച്ചറിയാനുള്ള ശേഷിയും ശേമുഷിയും കൈമോശം വന്നിട്ടില്ല എന്നതുകൊണ്ട് , ഇതിഹാസങ്ങള്‍ നിലനില്ക്കുന്ന കാലത്തോളം ഈ എതിര്‍വായനയും നടക്കും എന്ന് പ്രത്യാശിക്കുക.ഇരുളടഞ്ഞ ഒരു മഹാകാന്താരത്തില്‍ അത്രയെങ്കിലും പ്രതീക്ഷിക്കുകയല്ലേ നാം , മനുഷ്യര്‍ ചെയ്യേണ്ടത് ?.
Comments