#ദിനസരികള്‍ 209
“ഉന്നം
പിഴക്കരുത്”, തന്റെ നെഞ്ചിനു നേരെ തോക്കുയര്‍ത്തിപ്പിടിച്ചു
നില്ക്കുന്ന സൈനികന്റെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് ചെഗുവേര പറഞ്ഞു. “നിങ്ങള്‍ ഒരു മനുഷ്യനെയാണ് വെടി
വെക്കുന്നത് “
ചെഗുവേരയുടെ അവസാനത്തെ വാക്കുകള്‍. വിപ്ലവത്തിന്റെ മാര്‍ഗ്ഗത്തില്‍
നിതാന്തജാഗ്രതയോടെ സഞ്ചരിച്ച ആ യഥാര്‍ത്ഥ പോരാളി മരണം മുന്നില്‍
വന്നു നില്ക്കുമ്പോഴും ഭയന്നില്ല. കണ്ണുകളില്‍ കത്തിനിന്നിരുന്ന തീജ്ജ്വാലകള്‍
ഒട്ടും മങ്ങിയില്ല.താന്‍ വിശ്വസിച്ചു പോന്ന പ്രത്യയശാസ്ത്രത്തിന് ചേരുന്ന വിധത്തില്‍ , സ്വന്തം നെഞ്ചിലേക്ക് തീയുണ്ട
ഏറ്റുവാങ്ങി ലോകത്താകമാനമുള്ള വിപ്ലവകാരികള്‍ക്ക് അദ്ദേഹം ത്രസിപ്പിക്കുന്ന
മാതൃകയായി.“ലോകത്തിൽ എവിടെയും, ആർക്കെതിരേയും അനീതി
കണ്ടാൽ അതിനെ ശക്തമായി എതിർക്കുക. ഇതാണ് ഒരു വിപ്ലവകാരിയുടെ എറ്റവും മനോഹരമായ ഗുണം” എന്നുറച്ചു വിശ്വസിച്ചിരുന്ന സഖാവ് ചെ , ഇന്നത്തേയും
എന്നത്തേയും വിപ്ലവമനസ്സുകള്‍ക്ക് പ്രചോദനമാകുന്നു.
സഖാവ്
ചെ 1965 ല്‍ എഴുതിയ സ്വന്തം മക്കള്‍ക്ക് എഴുതിയ കത്ത് വായിക്കുക :- എന്റെ കുഞ്ഞുങ്ങള്‍ക്ക് , പ്രിയമുള്ള ഹില്‍ഡീറ്റ , അലൈഡീറ്റ ,
ക്യാമിലോ , സീലിയ , ഏണെസ്റ്റോ എന്നെങ്കിലും നിങ്ങള്‍ ഈ കത്തു വായിക്കാനിടയായാല്‍ അതിന്റെ അര്‍ത്ഥം
ഞാന്‍ നിങ്ങളെ വിട്ടുപിരിഞ്ഞെന്നാണ്.നിങ്ങള്‍ക്കാര്‍ക്കും എന്നെപ്പറ്റി അത്ര വലിയ
ഓര്‍മകളൊന്നും കാണില്ല.ഏറ്റവും താഴെയുള്ളവര്‍ക്കാണെങ്കില്‍ എന്നെ ഓര്‍മയേ
ഉണ്ടാവില്ല.ശരിയെന്ന് തോന്നുന്നത് ചെയ്യുകയും സ്വന്തം തത്വസംഹിതയില്‍ നിന്ന്
വ്യതിചലിക്കാതെ ജീവിക്കുകയും ചെയ്ത ഒരാളായിരുന്നു നിങ്ങളുടെ അച്ഛന്‍ .നിങ്ങള്‍
നല്ല വിപ്ലവകാരികളായി വളരണമെന്നാണ് ഈ അച്ഛന്റെ ആഗ്രഹം.മനസ്സിരുത്തി പഠിക്കുകയും
പ്രകൃതിയെ ചൊല്‍പ്പടിക്കു നിറുത്തുവാന്‍ കഴിയുന്ന
സാങ്കേതിക വിദ്യയില്‍ വൈദഗ്ദ്യം നേടുകയും ചെയ്യണം.സര്‍വ്വ പ്രധാനമായത്
വിപ്ലവമാണെന്നും ഒറ്റക്കെടുത്താല്‍ നമുക്കൊന്നും യാതൊരു പ്രാധാന്യവുമില്ലെന്ന് ഓര്‍ത്തിരിക്കണം.
അതിലും
പ്രധാനമായത് അനീതിയെ എവിടെക്കണ്ടാലും എതിര്‍ക്കാന്‍ കഴിയണം എന്നതാണ്.ഒരു വിപ്ലവകാരിയുടെ
ഏറ്റവും അഭിനന്ദനാര്‍ഹമായ ഗുണം അതാണ്.
കുഞ്ഞുങ്ങളേ
ഈ അച്ഛനെ പോകാനനുവദിക്കുക.എന്നെങ്കിലും നമുക്ക് കാണാന്‍ കഴിയുമെന്ന്
ആശിക്കുക.അച്ഛന്റെ പൊന്നുമ്മയും ആലിംഗനങ്ങളും ഇതൊടൊപ്പം അയക്കുന്നു. എന്ന് അച്ഛന്‍
ഒരു
സമ്പൂര്‍ണ വിപ്ലവകാരിയായിരുന്ന ചെ ഗുവേരക്ക് അങ്ങനെയ ല്ലാതാകുവാന്‍
കഴിയുമായിരുന്നില്ല. വിധേയനാകുക എന്നത് മരണതുല്യമാണെന്ന് ചെ വിശ്വസിച്ചിരുന്നു.അതുകൊണ്ടുതന്നെയാണ്
തന്നെ വെടി വെച്ചു കൊല്ലാനെത്തിയ ടെറാനെന്ന സൈനീകന്റെ ഇരിക്കാനുള്ള നിര്‍ദ്ദേശത്തെപ്പോലും
ചെ തള്ളിക്കളഞ്ഞത്. കളങ്കമില്ലാത്ത കമ്യൂണിസത്തെയാണ് അദ്ദേഹം
നെഞ്ചേറ്റിയത്.ഒറ്റുകാര്‍ക്കും വര്‍ഗ്ഗ വഞ്ചകര്‍ക്കും അവിടെ
സ്ഥാനമില്ലായിരുന്നു.മറ്റൊരു കത്തില്‍ ജനങ്ങളുടെ മനസ്സിലാണ് നേതാക്കന്മാര്‍
ജീവിക്കേണ്ടതെന്നും ക്യൂബന്‍ ജനത അവരുടെ ഭാഗമായി തന്നെ കണ്ടതാണ് ജീവിതത്തിലെ
ഏറ്റവും വലിയ പാരിതോഷികം എന്നും ചെ എഴുതുന്നുമുണ്ട്.
പോരാട്ടവീര്യത്തിന്റെ നക്ഷത്രവീഥികളിലൂടെ അശ്വവേഗത്തില്‍
പാഞ്ഞു പോയ ഈ വിശ്വപൌരനെതിരെ എന്തെല്ലാം ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെട്ടാലും അവയ്ക്കൊന്നുംതന്നെ ജനമനസ്സുകളില്‍ സ്ഥാനമില്ലെന്ന് ചരിത്രം തെളിയിച്ചു കഴിഞ്ഞതാണ്. ചെ ഇന്നലേയും ഇന്നിന്റേയും നാളെയുടേയും പുത്രനാകുന്നത് അങ്ങനെയാണ്.
Comments