#ദിനസരികള്‍ 211
‘പൊട്ടക്കവിതയുണ്ടാക്കും ദുഷ്ടക്കൂട്ടം നശിക്കണേ’ എന്ന പ്രാര്‍ത്ഥനക്ക് കവിതയോളം തന്നെ പഴക്കവുമുണ്ടായിരിക്കണം. പക്ഷേ ആ പ്രാര്‍ത്ഥന ഫലം കണ്ട ലക്ഷണമില്ല.കവിയശപ്രാര്‍ത്ഥികളായ കിങ്കരന്മാരെക്കൊണ്ട് കളം നിറഞ്ഞിരിക്കുകയാണ്.ഇത്തരക്കാരെ കണ്ടു കണ്ടു മടുത്തുപോയതു കൊണ്ടായിരിക്കണം , ‘മുന്നം ഗര്‍ഭിണിയായ നാള്‍ മുദിതയായി മാതാവു നേര്‍ന്നിട്ടിതുണ്ടെന്നോ താന്‍ കവിയായ് ജനങ്ങളെ ഞെരുക്കീടേണമെന്നിങ്ങനെ‘ എന്ന് ഒരാള്‍ ചോദിച്ചുപോയത്.നൂതനപ്രപഞ്ചങ്ങളെ സൃഷ്ടിച്ചെടുക്കാനുള്ള സര്‍ഗ്ഗാത്മകശക്തിയുടെ അഭാവം എത്ര ബോധ്യപ്പെടുത്തിയാലും മനസ്സിലാകാത്ത ഈ കവിവര്‍ഗ്ഗം , കാലെടുത്തു കളരിയിലേക്ക് വെച്ചപാടെ നാലുപേരുടെ ഇടയില്‍ അറിയപ്പെടുന്നതിന് കവലയിലിറങ്ങി കസര്‍ത്തുകാണിക്കുന്നവനെപ്പോലെയാണ്. ചുവടുകള്‍ ഉറച്ചിട്ടുണ്ടാവില്ല, മെയ് വഴങ്ങിയിട്ടുണ്ടാവില്ല.എന്നാലും ചേകവനായി എന്ന് നാലുപേരറിയണം.പേരെടുക്കണം. അതുപോലെതന്നെയാണ് ഇക്കാലക്കവികളുടേയും ബദ്ധപ്പാട്.ഇക്കാലകവികളെന്ന് അടക്കിപ്പറച്ചില്‍ ശരിയോയെന്ന് സംശയിക്കുന്നവരോട് , മുക്കാലേ മുണ്ടാണിയും അങ്ങനെത്തന്നെ എന്നാണുത്തരം.ക്ഷമിക്കുക.
അപ്പോള്‍പ്പിന്നെ എങ്ങനെയാണ് ഈ കെടുതിയില്‍ നിന്ന് രക്ഷപ്പെടുക? കവിത എഴുതാതിരിക്കുക എന്നതാണോ വഴി? അല്ലേയല്ല. എഴുതുകതന്നെ വേണം. പക്ഷേ എഴുതുന്നതെല്ലാം കവിതയാണോ എന്ന് നിശ്ചയിക്കാനുള്ള വിവേചനശക്തി കൂടി ഉണ്ടായിരിക്കണമെന്നുമാത്രം.അതിനെന്താണ് വഴിയെന്നു ചോദിച്ചാല്‍ ഒറ്റ വഴിയേയുള്ളു.ഒരു ചിന്ത , ഒരു വികാരം നിങ്ങളെ ചൂണ്ടയില്‍ കൊളുത്തി വലിക്കുന്നതുപോലെ വലിക്കുന്നുണ്ടോ, എഴുതാതിരിക്കുവാന്‍ കഴിയില്ല എന്ന തലത്തിലേക്ക് എത്തിക്കുന്നുണ്ടോ ? ഉണ്ടെങ്കില്‍ മാത്രം എഴുതുക. വികാരത്തിന്റെ ,വിചാരത്തിന്റെ സ്ഫുലിംഗങ്ങളെ പുറത്തേക്ക് പറത്തിവിട്ടില്ലയെങ്കില്‍ സ്വയം കത്തിയമരുമെന്ന നിലയിലെത്തുമ്പോള്‍ കവിത സ്വാഭാവികമായി വാര്‍ന്നു വീണുകൊള്ളും.അതുവരെ കാത്തിരിക്കാതെ ഞെക്കിപ്പുറത്തെത്തിക്കുമ്പോഴാണ് കവിത , കവിയുടെ കഴുത്തില്‍ കെട്ടിത്തൂങ്ങിച്ചാകുന്നതും അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പ്രേതമായി വായനക്കാരനെ പിടിച്ച് പേടിപ്പിക്കുന്നതും.
ഒരു ഖണ്ഡികയില്‍ ഞാനിത്രയും പറഞ്ഞുവല്ലോ. അത് പ്രവര്‍ത്തിയിലേക്ക് എത്തിക്കുക എന്നത് അയത്നലളിതമാണെന്ന് ധരിച്ചുപോകരുത്.ഒരു വിചാരത്തെ കവിതയാക്കുന്നതിന് കടമ്പകള്‍ ഒരു പാടു ഇനിയുമുണ്ട്.വ്യുല്പത്തി എന്നു പേരില്‍ കാവ്യജ്ഞന്മാര്‍ പേരിട്ടു വിളിക്കുന്ന അവയെയെല്ലാംതന്നെ ഒരു കുറിപ്പിലേക്ക് ഒതുക്കുക എന്നത് അസാധ്യമാണെങ്കിലും സൂചിപ്പിച്ചു പോകാതിരിക്കാന്‍ കഴിയില്ല. വ്യുല്പത്തിയുണ്ടാക്കിയെടുക്കുന്നതിന് വായന ഏറ്റവുമധികം സഹായിക്കും. ബന്ധപ്പെട്ട മേഖലയിലെ വിഖ്യാതരായവര്‍ ഓരോ സന്ദര്‍ഭങ്ങളേയും എങ്ങനെയൊക്കെയാണ് ആവിഷ്കരിച്ചത് എന്നന്വേഷിക്കുന്നത് , നമ്മുടെ സൃഷ്ടിയെ എങ്ങനെയൊക്കെ പുതുമയുള്ളതാക്കാം എന്ന ചിന്തയെ സഹായിക്കും.സമകാലികരായവരുടേയും കടന്നുപോയവരുടേയും കൃതികളെ സാമാന്യമായെങ്കിലും പരിചയപ്പെടുക എന്നുള്ളത് അനുപേക്ഷണീയമാണ്.
പൂര്‍വ്വികരായ എഴുത്തുകാരുടെ കൃതികളെക്കുറിച്ച് പറയുമ്പോള്‍ ഞാനതൊന്നും വായിച്ചിട്ടില്ല എന്ന് വളരെ അലക്ഷ്യമായി പറയുന്നവരുടെ എണ്ണം ഏറെയാണ്.അങ്ങനെ പറയുന്നവരും തങ്ങളെഴുതുന്നത് എല്ലാവരും വായിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്നതാണ് ചിരിപ്പിക്കുന്ന വൈരുദ്ധ്യം.കവിതയില്‍ എന്നു മാത്രമല്ല , സാഹിത്യത്തിന്റെ ഏതു രംഗത്തും പുതുവഴി വെട്ടണമെങ്കില്‍ ഇത്തിരിയൊന്നും കഷ്ടപ്പെട്ടാല്‍ പോര. അതിന് ജീവിതം സമര്‍പ്പിക്കുക തന്നെ വേണം. രണ്ടോ മൂന്നോ വരികള്‍ എഴുതിവെച്ച് മഹാകവിപ്പട്ടം സ്വയം വലിച്ചെടുക്കുന്നവരുടെ ലോകത്ത്, കഷ്ടപ്പെടുന്നവരുടെ എണ്ണം തുലോം പരിമിതമാണെങ്കിലും നാളെയുടെ രാജാക്കന്മാര്‍ അവരായിരിക്കും. ഇന്ന് ഇത്തിരിവട്ടത്തില്‍ പറന്ന് ആകാശം മറയ്ക്കുന്ന ഈയാംപാറ്റകളൊക്കെ മണ്ണടിയുമ്പോഴും ,കവിതയുടെ ആകാശം കീഴടക്കി അവര്‍ പറന്നുയരുന്നുണ്ടാകും.
Comments